ന്യൂദൽഹി: സുപ്രീം കോടതിയുടെ ചിഹ്നത്തിലും നീതി ദേവതയുടെ പ്രതിമയിലും അടുത്തിടെ വരുത്തിയ മാറ്റത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് സുപ്രീം കോടതി ബാർ അസോസിയേഷൻ രംഗത്ത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലിൻ്റെ നേതൃത്വത്തിൽ സുപ്രീം കോടതി ബാർ അസോസിയേഷൻ മറ്റാരുമായുള്ള കൂടിയാലോചനകളില്ലാതെ നടത്തിയ ഈ മാറ്റത്തെ ചോദ്യം ചെയ്തു.
ഇത് സംബന്ധിച്ച് എസ്.സി.ബി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒരു പ്രമേയം പാസാക്കുകയും ചെയ്തു. പാസാക്കിയ പ്രമേയത്തിൽ, നീതിന്യായ ഭരണത്തിൽ തുല്യ പങ്കാളികൾ ആയ നിയമ പ്രാക്ടീഷണർമാരുമായി ഒരു കൂടിയാലോചനയും കൂടാതെയാണ് ഇത്തരം മാറ്റങ്ങൾ നീതി ദേവതയുടെ പ്രതിമയിലും സുപ്രീം കോടതിയുടെ ചിഹ്നത്തിലും നടപ്പിലാക്കിയത് എന്നവർ വിമർശിച്ചു. ഒപ്പം ഈ നടപടിയെ ബാർ ചോദ്യം ചെയ്യുകയും ചെയ്തു.
ചരിത്രപരമായി നിഷ്പക്ഷതയുടെയും നീതിയുടെയും പ്രതീകമായ നീതി ദേവതയുടെ ചിഹ്നം മാറ്റാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിൽ എസ്.സി.ബി.എ ആശങ്ക രേഖപ്പെടുത്തി. ‘ഈ മാറ്റങ്ങൾ ഒരിക്കലും ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല, അവയ്‌ക്ക് പിന്നിലെ യുക്തിയെക്കുറിച്ച് ഞങ്ങൾ ധാരണയും ഇല്ല,’ പ്രമേയത്തിൽ പറയുന്നു.
ജഡ്ജിമാരുടെ ലൈബ്രറിയിൽ സ്ഥിതി ചെയ്യുന്ന ലേഡി ജസ്റ്റിസിൻ്റെ പ്രതിമയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പരമ്പരാഗത വാളിനുപകരം ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് ആണ് ഇപ്പോൾ നീതിദേവതയുടെ കൈവശമുള്ളത്. നിഷ്പക്ഷതയുടെ പ്രതീകമായി മൂടിക്കെട്ടിയ പ്രതിമയുടെ കണ്ണുകൾ തുറക്കുകയും ചെയ്തു.
നിഷ്പക്ഷതയുടെ പ്രതീകമായി മുമ്പ് കണ്ണടച്ച് നിന്നിരുന്ന ഇന്ത്യയുടെ നീതി ദേവതയുടെ പ്രതിമ ഇപ്പോൾ കണ്ണുകൾ തുറന്നിരിക്കുകയാണ്. നിയമം അന്ധമല്ല, അത് എല്ലാവരേയും ഒരുപോലെയാണ് കാണുന്നത് എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലായിരുന്നു നീതി ദേവതയുടെ പുതിയ മാറ്റങ്ങൾ.
ഇന്ത്യയുടെ നീതി ദേവതയുടെ പുനർവ്യാഖ്യാനവും തുടർന്നുള്ള പരിവർത്തനവും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി.വൈ. ചന്ദ്രചൂഡിൻ്റെ നിർദേശപ്രകാരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നീതി ദേവതയുടെ പ്രതിരൂപം ഉൾപ്പെടെ കാലഹരണപ്പെട്ട കൊളോണിയൽ നിയമങ്ങളുടെ പാരമ്പര്യം ഉപേക്ഷിച്ച് ഇന്ത്യ മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറയുന്നു.
ഗ്രീക്ക് ടോഗയ്ക്ക് പകരം, അടച്ച കണ്ണുകളില്ലാതെ, ഇന്ത്യൻ സാരി ധരിച്ച് നീതി ദേവത നിൽക്കുന്നു. രാജാ രവിവർമ്മയുടെ ചിത്രങ്ങളിൽ ദേവതകൾ ധരിക്കുന്നതുപോലെയുള്ള ഒരു കോണാകൃതിയിലുള്ള കിരീടത്തോടുകൂടിയാണ് ഈ പ്രതിമയുള്ളത്. കൂടാതെ വലിയ അളവിലുള്ള ആഭരണങ്ങളാൽ നീതി ദേവതയെ അലങ്കരിച്ചിരിക്കുന്നു.
Content Highlight: SC Bar Association criticises changes to Lady Justice statue, SC emblem