ഹൈദരാബാദ്: ആറ് മെട്രോപൊളിറ്റൻ നഗരങ്ങളിൽ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും അഴുക്കുചാൽ വൃത്തിയാക്കലും ഉടൻ നിരോധിക്കണമെന്ന് ജനുവരി 29 ബുധനാഴ്ച സുപ്രീം കോടതി നിർദേശിച്ചു.
മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിക്കാരുടെ തൊഴിൽ, ഡ്രൈ ലാട്രിനുകളുടെ നിർമാണം (നിരോധനം ) നിയമം 1993, മാനുവൽ തോട്ടിപ്പണി തൊഴിൽ നിരോധനം, പുനരധിവാസം നിയമം 2013 എന്നിവ ചൂണ്ടിക്കാട്ടി ഡോ.ബൽറാം സിങ് സമർപ്പിച്ച പൊതുതാത്പര്യ ഹരജിയെ തുടർന്നാണ് സുപ്രീം കോടതിയുടെ വിധി.
മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി, അഴുക്കുചാല് ശുചീകരണ സേവനങ്ങൾ നിർത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് വ്യക്തതയില്ലാത്തതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം വിഷയത്തിൽ മതിയായ വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.
ദൽഹി , മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു , ഹൈദരാബാദ് എന്നിവിടങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ ഫെബ്രുവരി 13നകം അതത് നഗരങ്ങളിലെ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും അഴുക്കുചാലുകളും വൃത്തിയാക്കുന്ന സേവനങ്ങളും നിർത്തുന്നതിനുള്ള നടപടികളുടെ രൂപരേഖയടങ്ങുന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
തുടക്കത്തിൽ തന്നെ, കോടതി നിരാശ പ്രകടിപ്പിച്ചു. നടപ്പാക്കപ്പെടാതെ കിടക്കുന്ന ഉത്തരവുകൾ പുറപ്പെടുവിച്ച് മടുത്തു എന്നായിരുന്നു കോടതി പറഞ്ഞത്. ‘ഇന്ന് മുതൽ മാനുവൽ തോട്ടിപ്പണി നിരോധിച്ചിരിക്കുന്നുവെന്ന് നമുക്ക് ഇന്ന് പറയാൻ കഴിയുമോ? ഞങ്ങൾ ഉത്തരവിടുന്നു. ഒന്നുകിൽ തോട്ടിപ്പണി നിർത്തുക അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടുക,’ കോടതി പറഞ്ഞു.
ഇന്ത്യയിലെ 775 ജില്ലകളിൽ 456 എണ്ണത്തിലും തോട്ടിപ്പണി ഇല്ലെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ, ദൽഹിയിലെ പുരോഗതിയെ കുറിച്ച് ജസ്റ്റിസ് കുമാർ അന്വേഷിച്ചപ്പോൾ നഗരം ഈ ഉത്തരവ് പാലിച്ചിട്ടില്ലെന്ന് വെളിപ്പെട്ടു.
മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി പൂർണമായും ഇല്ലാതാക്കിയില്ലെങ്കിൽ, വ്യക്തികൾ അഴുക്കുചാലുകളിലേക്ക് ഇറങ്ങാൻ നിർബന്ധിതരാകുന്നത് തുടരുമെന്നും അത്തരം ജോലികൾക്ക് ശരിയായ സുരക്ഷാ ഉപകരണങ്ങൾ നൽകപ്പെടുന്നില്ലെന്നും ജസ്റ്റിസ് കുമാർ കൂട്ടിച്ചേർത്തു.
ശുചീകരണ സേവനങ്ങൾക്കായി വ്യക്തികളെ ചെറിയ അഴുക്കുചാലുകളിലേക്ക് ഇറക്കുന്ന രീതിയെക്കുറിച്ച് മുതിർന്ന അഭിഭാഷക ജെയ്‌ന കോത്താരി ആശങ്കകൾ ഉന്നയിച്ചു. മനപ്പൂർവം ചെയ്യുന്ന ഇത്തരം പ്രവർത്തികളെയാണോ നമ്മൾ ന്യായീകരിക്കുന്നതെന്ന് അവർ ചോദിച്ചു. മാനുവൽ തോട്ടിപ്പണി എത്രയും വേഗം ഇല്ലാതാക്കാൻ എല്ലാ സംസ്ഥാനങ്ങളും സജ്ജമല്ലെന്നും അതിനാലാണ് കോടതിയുടെ ഉത്തരവ് നടപ്പാവാത്തതെന്നും അഭിഭാഷക പ്രതികരിച്ചു.
Content Highlight: SC bans manual scavenging, sewer cleaning in Hyderabad, 5 metros