ന്യൂദല്‍ഹി: നോട്ടു നിരോധനകാലത്ത് അധികജോലി ചെയ്തവര്‍ക്കു നല്‍കിയ പ്രത്യേകവേതനം തിരികെ നല്‍കണമെന്ന് എസ്.ബി.ഐ. നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയ ജനങ്ങള്‍ക്ക് തടസ്സമില്ലാതെ സേവനം നല്‍കാനായി അധികസമയം ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ബാങ്ക് അധികവേതനം അനുവദിച്ചിരുന്നു. ഇതു കൈപ്പറ്റിയ 70,000ത്തോളം പേര്‍ ഉടന്‍ തന്നെ തുക തിരികെ നല്‍കണമെന്നാണ് എസ്.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
2017 ഏപ്രില്‍ ഒന്നിനു ശേഷം നടന്ന ലയനത്തില്‍ എസ്.ബി.ഐയുടെ ഭാഗമായി മാറിയ പാട്യാല, ഹൈദരാബാദ്, മൈസൂര്‍, ട്രാവന്‍കൂര്‍, ബിക്കാനീര്‍, ജയ്പൂര്‍ സ്റ്റേറ്റ് ബാങ്കുകളിലെ ഉദ്യോഗസ്ഥരോടാണ് അധികവേതനം തിരികെ നല്‍കാനാവശ്യപ്പെട്ടത്. എസ്.ബി.ഐ നല്‍കുന്ന അധികവേതനം നോട്ടുനിരോധനസമയത്ത് എസ്.ബി.ഐ ബ്രാഞ്ചുകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കു മാത്രമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എസ്.ബി.ഐ ഉദ്യോഗസ്ഥര്‍ക്കു മാത്രമേ എസ്.ബി.ഐ.യില്‍ നിന്നും ഈ തുക കൈപ്പറ്റാനാകൂ എന്നു പ്രസ്താവിക്കുന്ന ഔദ്യോഗികരേഖ എല്ലാ സോണല്‍ കേന്ദ്രങ്ങളിലേക്കും അയച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. മുന്‍പ് അനുബന്ധ ബാങ്കുകളായിരുന്നവ നോട്ടു നിരോധനസമയത്ത് എസ്.ബി.ഐയില്‍ ലയിച്ചിട്ടില്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഈ അധികവേതനം ഇവര്‍ക്കു വിതരണം ചെയ്യേണ്ടത് അതാതു ബാങ്കുകളുടെ ഉത്തരവാദിത്തമായിരുന്നുവെന്നുമാണ് രേഖകളിലെ പരാമര്‍ശം.
“ലയനത്തിനു മുന്‍പുണ്ടായ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കേണ്ടിയിരുന്നത് അതാതു ബാങ്കുകളാണ്. അത് കൃത്യസമയത്തു ചെയ്യാതിരുന്നത് അവരുടെ വീഴ്ചയാണ്. എസ്.ബി.ഐക്ക് ആ തുക നല്‍കേണ്ട ഉത്തരവാദിത്തമില്ല.” കുറിപ്പില്‍ പറയുന്നു. അധികവേതനം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ എസ്.ബി.ഐ ഉദ്യോഗസ്ഥരെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നെന്നും അധികൃതര്‍ പറയുന്നു.
ലക്ഷക്കണക്കിന് ബാങ്കുദ്യോഗസ്ഥരാണ് 2016 നവംബര്‍ 16നും ഡിസംബര്‍ 30നുമിടയില്‍ അധികജോലിയെടുത്തത്. ഓഫീസര്‍മാര്‍ക്ക് 30,000 രൂപയോളവും മറ്റു സ്റ്റാഫുകള്‍ക്ക് 17,000 രൂപയോളവുമായിരുന്നു ഈ ജോലിക്ക് അധിക പ്രതിഫലം നിശ്ചയിച്ചത്.
എസ്.ബി.ഐയുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് ബാങ്ക് യൂണിയനുകള്‍. വേതനം തിരിച്ചെടുക്കാനുള്ള തീരുമാനം അന്യായമാണെന്ന് ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നു. ലയനമെന്നാല്‍ സ്ഥാപനങ്ങളുടെ ലാഭനഷ്ടക്കണക്കുകള്‍ ഒന്നടങ്കം ഏറ്റെടുക്കുന്ന നടപടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: “ഞാനൊരു ഫലസ്തീനി” മഹമ്മൂദ് അബ്ബാസിനെ കെട്ടിപ്പിടിച്ച് മറഡോണ-വീഡിയോ കാണാം
ഒരു വര്‍ഷത്തോളം വൈകിയാണ് വേതനങ്ങള്‍ നല്‍കാനുള്ള നടപടി കൈക്കൊണ്ടതു തന്നെ. വിഷയത്തോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ എസ്.ബി.ഐ അധികൃതര്‍ തയ്യാറായിട്ടില്ല.
രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് പ്രസ്താവിച്ച ബി.എസ്.പി നേതാവിനെ സ്ഥാനത്തു നീന്നും നീക്കി മായാവതി. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും ദേശീയ കോര്‍ഡിനേറ്ററുമായ ജയ്പ്രകാശിനെയാണ് വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് സ്ഥാനത്തു നിന്നും മാറ്റിയിരിക്കുന്നത്.