അല്ലെങ്കിലും നീയൊന്നും ഈ സിനിമ അര്‍ഹിക്കുന്നില്ലെന്ന് വലതുപക്ഷ പേജുകള്‍, ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് സവര്‍ക്കര്‍
Entertainment
അല്ലെങ്കിലും നീയൊന്നും ഈ സിനിമ അര്‍ഹിക്കുന്നില്ലെന്ന് വലതുപക്ഷ പേജുകള്‍, ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് സവര്‍ക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th March 2024, 4:40 pm

തീവ്രവാദിയാണോ, ദേശസ്‌നേഹിയാണോ എന്ന ചോദ്യവുമായി അനൗണ്‍സ്‌മെന്റ് നടത്തിയ ചിത്രമായിരുന്നു സ്വതന്ത്രവീര്‍ സവര്‍ക്കര്‍. തുടക്കത്തില്‍ നീരജ് പാണ്ഡേ സംവിധാനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നായകന്‍ തന്റെ ഇഷ്ടപ്രകാരം ചരിത്രത്തില്‍ ഇല്ലാത്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ നീരജ് ഈ സിനിമയില്‍ നിന്ന് പിന്മാറി. പിന്നീട് രണ്‍ദീപ് ഹൂഡ തന്നെ സംവിധായക കുപ്പായം അണിയുകയായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവും രണ്‍ദീപ് തന്നെ.

എന്നാല്‍ സിനിമയുടെ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുഭാഷ് ചന്ദ്ര ബോസിനും ഭഗത് സിങ്ങിനും പ്രചോദനമായ വ്യക്തി എന്നായിരുന്നു ടീസറില്‍ എഴുതിക്കാണിച്ചിരുന്നത്. എന്നാല്‍ ചിത്രമിറങ്ങിയ ആദ്യ ദിവസം തന്നെ ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി. വെറും ഒരു കോടി മാത്രമാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ പല തിയേറ്ററുകളില്‍ നിന്നും ചിത്രം വാഷൗട്ടായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം റിലീസായ മലയാള ചിത്രം ആടുജീവിതത്തിന് ഗംഭീര പ്രതികരണം ലഭിച്ചതോടെ മലയാളത്തില്‍ വലതുപക്ഷ ചായ്‌വുള്ള ഗ്രൂപ്പുകളിലും പേജുകളിലും സവര്‍ക്കര്‍ സിനിമയെ പുകഴ്ത്തിയും, ആടുജീവിതത്തെ താഴ്ത്തിക്കെട്ടിയും നിരവധി പോസ്റ്ററുകള്‍ കണ്ടു. ആടുജീവിതത്തെക്കാള്‍ മികച്ച പ്രതികരണം ഈ സിനിമ അര്‍ഹിക്കുന്നു എന്നാണ് ചിലരുടെ കമന്റ്.

മറ്റു ചിലരാകട്ടെ സിനിമക്ക് വേണ്ടി രണ്‍ദീപ് നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷനെക്കുറിച്ച് പറഞ്ഞ് പ്രൊമോഷന്‍ നടത്തുന്നത്. വലതുപക്ഷ ചായ്‌വുള്ള പേജുകള്‍ 2004ല്‍ പുറത്തിറങ്ങിയ മെഷിനിസ്റ്റ് എന്ന സിനിമയില്‍ ക്രിസ്റ്റ്യന്‍ ബേലുമായാണ് രണ്‍ദീപിനെ താരതമ്യം ചെയ്യുന്നത്. ഈ സിനിമ വിജയിപ്പിക്കേണ്ടത് രാജ്യസ്‌നേഹമുള്ളവുടെ കടമയാണെന്നാണ് ചിലരുടെ വാദം. കഴിഞ്ഞ കുറച്ചു കാലമായി ഇറങ്ങിയ പ്രൊപ്പഗണ്ട സിനിമകളായ വാക്‌സിന്‍ വാര്‍, ബസ്തര്‍ പോലുള്ള സിനിമകള്‍ക്ക് വന്ന അതേ വിധി തന്നെയാണ് സവര്‍ക്കര്‍ക്കും ലഭിച്ചത്.

Content Highlight: Savarkar movie failed in box office