റബാത്: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം മൊറോക്കൊയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് സൗദിയിലെ നിര്‍മാണ ഭീമന്‍മാരായ ബിന്‍ലാദന്‍ കുടുംബം. മൊറോക്കോയുടെ സാമ്പത്തിക തലസ്ഥാനമായ കാസാബ്ലാങ്കയിലാണ് ഈ ആഫ്രിക്കന്‍ ബുര്‍ജ് ഖലീഫ പടുത്തുയര്‍ത്താന്‍ പോകുന്നത്. 114 തട്ടുകളായി നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ഉയരം ഏകദേശം 540 മീറ്ററാണ്. ജൊഹന്നാസ്ബര്‍ഗിലെ 223 മീറ്റര്‍ ഉയരമുള്ള കാള്‍ട്ടണ്‍ സെന്റര്‍ എന്ന സൗധമാണ് നിലവില്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ അംബര ചുംബി.
ജൂണ്‍ മാസത്തോടെ നിര്‍മാണം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ടവറിന് ഇപ്പോള്‍ ഇട്ടിരിക്കുന്നത് അല്‍ നൂര്‍ എന്നാണ്. നിര്‍മാണം പൂര്‍ത്തിയാവുന്ന മുറക്ക് കെട്ടിടത്തിന് ഇപ്പോഴത്തെ മൊറോക്കന്‍ രാജാവാവിന്റെ പേര് ഇടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ നിര്‍മാണത്തിനായി 1.5 ബില്ല്യണ്‍ യു.എസ് ഡോളറാണ് ചിലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തെയും യൂറോപ്പിനെയും ബന്ധപ്പെടുത്തുന്ന പ്രവേശന കവാടം എന്ന നിലക്കാണ് കെട്ടിടത്തിന്റെ നിര്‍മാണത്തിനായി മൊറോക്കോയെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞിരിക്കുന്നത്. ആഫ്രിക്കയിലെ മൊത്തം രാജ്യങ്ങളുടെ എണ്ണമായ 54 എന്നതിനെ കുറിക്കാനാണ് ഇതിന്റെ ഉയരം 540 മീറ്റര്‍ ആക്കിയിരിക്കുന്നതെന്നും കെട്ടിടത്തിന്റെ നിലകളുടെ എണ്ണമായ 114 എന്നത് പരിശുദ്ധ ഖുര്‍ആനിലെ സൂറത്തുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നുവെന്നും അല്‍ നൂര്‍ പ്രൊജക്റ്റ് വെബ്‌സൈറ്റില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിനാരവും മൊറോക്കൊയിലാണ് നില കൊള്ളുന്നത്.