റിയാദ്: സൗദി അറേബ്യ ഈയിടെ പ്രഖ്യാപിച്ച ആഡംബര പ്രൊജക്റ്റുകളിലൊന്നാണ് ‘ഒക്‌സഗണ്‍’. എട്ട് വശങ്ങളുള്ള, ഒക്ടഗണല്‍ ഷേപ്പിലുള്ള വെള്ളത്തിലൊഴുകുന്ന ഒരു വമ്പന്‍ വ്യാവസായിക നഗരമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ചെങ്കടലിലില്‍ ഒഴുകി നടക്കുമെന്ന് അവകാശപ്പെടുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്. ചൊവ്വാഴ്ചയായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം.
ലോകത്തിലെ ഏറ്റവും വലിയ ‘ഒഴുകി നടക്കുന്ന ഘടന’ ആയിരിക്കും ഒക്‌സഗണ്‍ എന്നാണ് പറയപ്പെടുന്നത്.
സൗദിയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്രോസ് ബോര്‍ഡര്‍ ടെക്‌നിക്കല്‍ മെഗാ സിറ്റിയായ നിയോമിന്റെ തെക്ക്പടിഞ്ഞാറ് ഭാഗത്തായിട്ടായിരിക്കും ഒക്‌സഗണ്‍ നിര്‍മിക്കുക. ന്യൂയോര്‍ക്ക് നഗരത്തിന്റെ 33 മടങ്ങ് അധികം വലിപ്പത്തിലുള്ള നഗരം എന്ന അവകാശവാദത്തോടെയാണ് നിയോം നഗരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
”മിഷന്‍ 2030 പദ്ധതിയുടെ ഭാഗമായ ഒക്‌സഗണ്‍ നിയോമിന്റേയും സൗദിയുടേയും സാമ്പത്തിക വളര്‍ച്ചയ്ക്കും വേഗം കൂട്ടും,” മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. പൂര്‍ണമായും റിന്യൂവബിള്‍ ഊര്‍ജത്തിലായിരിക്കും നഗരം പ്രവര്‍ത്തിക്കുകയെന്നാണ് എം.ബി.എസിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്.
പദ്ധതിയുടെ ചെലവ് സംബന്ധിച്ച വിശദാംശങ്ങളും പുറത്ത് വിട്ടിട്ടില്ല. 2024ഓട് കൂടി ഒക്‌സഗണ്‍ നഗരത്തില്‍ മനുഷ്യവാസം ആരംഭിക്കുമെന്നും 2030ല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുമെന്നുമാണ് നിയോം വെബ്‌സൈറ്റില്‍ പറയുന്നത്.
രണ്ട് മിനിറ്റ് നീണ്ടുനില്‍ക്കുന്ന പ്രമോഷണല്‍ വീഡിയോ വഴിയാണ് പദ്ധതി ലോഞ്ച് ചെയ്തത്. എന്നാല്‍ പദ്ധതി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ വീഡിയോയിലില്ല എന്നതുകൊണ്ട് തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും സംശയമുയരുന്നുണ്ട്.
എന്തുകൊണ്ട് വെള്ളത്തിലൊഴുകുന്ന ഒരു നഗരത്തില്‍ ആളുകള്‍ ജീവിക്കണമെന്നതിന്റെ കാരണം വീഡിയോ വിശദീകരിക്കുന്നില്ലെന്നും ഇതൊരു ഉട്ടോപ്യന്‍ ചിന്താഗതിയിലുള്ള നഗരമാണെന്നുമാണ് വിമര്‍ശനം.
സമൂഹമാധ്യമങ്ങളില്‍ പ്രൊജക്റ്റിനെ കളിയാക്കിക്കൊണ്ടും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫാന്റസി നഗരങ്ങള്‍ ഡിസൈന്‍ ചെയ്യുകയാണ് എം.ബി.എസ് എന്നും വിമര്‍ശനമുണ്ട്.
”മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള പല പദ്ധതികളേയും പോലെ ഒക്‌സഗണും നടക്കാന്‍ പോകുന്നില്ല. ഒരു പ്രൊജക്റ്റില്‍ പരാജയപ്പെടുമ്പോള്‍, സ്വന്തം പരാജയങ്ങളും കുറ്റകൃത്യങ്ങളും മറയ്ക്കുന്നതിനായി അയാള്‍ അടുത്ത പ്രൊജക്റ്റ് തുടങ്ങുന്നു,” ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൗദി ആക്ടിവിസ്റ്റ് അല്യ അല്‍-ഹുവൈത്തി മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.
എണ്ണ ഉല്‍പാദനത്തില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ നിന്നും മാറ്റം വരുത്താനാണ് പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതെന്നാണ് സൗദി വാദം.