Advertisement
Football
വീണ്ടും റൊണാൾഡോ അവതരിച്ചു ; അൽ നസർ കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 17, 03:49 am
Sunday, 17th September 2023, 9:19 am

സൗദി പ്രൊ ലീഗിൽ അൽ നസർ വിജയകുതിപ്പ് തുടരുന്നു. അൽ റഈദിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റൊണാൾഡോയും കൂട്ടരും തകർത്തുവിട്ടത്.

കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിൽ സെനഗൽ താരം സാദിയോ മാനെയിലൂടെയാണ് അൽ നസർ മുന്നിലെത്തിയത്. പെനാൽറ്റി ബോക്സിനുള്ളിൽ നിന്നും മാനെ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.

ഇഞ്ചുറി ടൈമിൽ അൽ റഈദ് താരം ബാൻഡർ വാഈഷി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടാം പകുതിയിൽ പത്ത് പേരുമായാണ് അൽ റൈദ് കളിച്ചത്.

രണ്ടാം പകുതിയിലെ 49ാം മിനിട്ടിൽ ടാലിസ്കോയിലൂടെ അൽ നാസർ വീണ്ടും ഗോൾ കണ്ടെത്തി. പെനാൽറ്റി ബോക്സിന്റെ പുറത്ത് നിന്നും തന്റെ ഇടം കാലിൽ നിന്നും തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് അൽ റഈദിന്റെ പോസ്റ്റിലേക്ക് തുളച്ചുകയറുകയായിരുന്നു.

മത്സരത്തിന്റെ 78ാം മിനിട്ടിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടി ഗോൾ നേടിയതോടെ മത്സരം പൂർണമായും അൽ നസർ കീഴടക്കുകയായിരുന്നു. പെനാൽറ്റി ബോക്സിനുള്ളിൽ നിന്നും റൊണാൾഡോ പോസ്റ്റിലേക്ക് ഉന്നം വെക്കുകയായിരുന്നു. ഈ സീസണിൽ അൽ നസറിന് വേണ്ടി താരം നേടുന്ന ഏഴാമത്തെ ഗോളായിരുന്നു ഇത്.

മത്സരത്തിന്റെ 89ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് ഫൗസിയർ ആശ്വാസ ഗോൾ കണ്ടെത്തി.

 

നിലവിൽ ആറ് മത്സരങ്ങളിൽ നിന്നും നാല് വിജയവും രണ്ടു തോൽവിയും അടക്കം 12 പോയിന്റുമായി സൗദി പ്രൊ ലീഗിൽ ആറാം സ്ഥാനത്താണ് അൽ നസർ.

സെപ്റ്റംബർ 19ന് പെട്രോ പോളീസുമായാണ് അൽ നസറിന്റെ അടുത്ത മത്സരം.

Content Highlight: In Saudi pro league AL Nasser won 3-1 against AL Raed