റൊണാൾഡോയുണ്ടെങ്കിലും സൗദി ലീഗ് വിജയിക്കുക പ്രയാസമാണ്; അൽ നസർ കോച്ച്
football news
റൊണാൾഡോയുണ്ടെങ്കിലും സൗദി ലീഗ് വിജയിക്കുക പ്രയാസമാണ്; അൽ നസർ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd January 2023, 4:51 pm

അൽ നസറിനായി പോരാട്ടത്തിനിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഗംഭീര പ്രകടനമാണ് സാക്ഷാൽ റൊണാൾഡോ പുറത്തെടുത്തത്.
പ്രതിവർഷം 225 മില്യൺ യൂറോ പ്രതിഫലം നൽകി ക്ലബ്ബ് തങ്ങളുടെ തട്ടകത്തിലെത്തിച്ച താരം അതിനൊത്ത പ്രകടനമാണ് മൈതാനത്ത് കാഴ്ച്ചവെച്ചത്.

മത്സരത്തിൽ ക്യാപ്റ്റനായിറങ്ങി 90 മിനിട്ടും മൈതാനം നിറഞ്ഞു കളിച്ച റോണോ 89 ശതമാനം പാസിങ് കൃത്യതയും നിരവധി സ്കില്ലും ഡ്രിബിളിങും ബൈസിക്കിൾ കിക്കടക്കമുള്ള ഷോട്ടുകളും മൈതാനത്ത് കാഴ്ച വെച്ചു.

ഗോളുകളോ അസിസ്റ്റുകളോ നേടാൻ സാധിച്ചിട്ടില്ലെങ്കിലും കളിക്കളത്തിൽ ഗംഭീരമായി കളിച്ച റൊണാൾഡോയെ കയ്യടികളോടെയാണ് ആരാധകർ മൈതാനത്ത് നിന്നും യാത്രയാക്കിയത്.

എന്നാൽ റൊണാൾഡോ ടീമിലുണ്ടെങ്കിലും പ്രോ ലീഗ് വിജയിക്കുക എന്നത് വളരെ കടുപ്പമുള്ള കാര്യമാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അൽ നസർ പരിശീലകൻ റൂഡി ഗാർസ്യ. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് കോച്ച് റൊണാൾഡോയെയും ലീഗിനേയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.

“റൊണാൾഡോയെ പോലൊരു താരം കൈവശമുള്ളത് വളരെ പോസിറ്റീവായ കാര്യമാണ്. അദ്ദേഹം പ്രതിരോധ നിര താരങ്ങളുടെ ശ്രദ്ധ എളുപ്പത്തിൽ തെറ്റിക്കും. ഞങ്ങളുടെ ഗോൾ റോണോയുടെ അത്തരം ഒരു ഇടപെടലിന്റെ ഫലമായിരുന്നു,’ ഗാർസ്യ പറഞ്ഞു.

“ഇന്നത്തെ കളിയിൽ റൊണാൾഡോയും തലിസ്കയും ചേർന്ന് വളരെ ഗംഭീരമായി കളി നിയന്ത്രിച്ചു. വളരെ മികച്ച അവസരങ്ങൾ ഇരുവരും ചേർന്ന് സൃഷ്ടിച്ചു.

പി.എസ്.ജിയുമായുള്ള സന്നാഹ മത്സരത്തിന് ശേഷം റൊണാൾഡോ വിശ്രമം പോലുമില്ലാതെ ഞങ്ങൾക്കായി കളിക്കാൻ എത്തിയത് ഞങ്ങൾ മറക്കില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.”പ്രോ ലീഗിലെ എതിരാളികൾ വളരെ മികച്ചവരാണ് അതിനാൽ തന്നെ റൊണാൾഡോയുടെ സാന്നിധ്യവും ഞങ്ങൾക്ക് ലീഗ് ടൈറ്റിൽ നേടിത്തരും എന്ന് ഉറപ്പിക്കാൻ സാധിക്കില്ല,’ ഗാർസ്യ പറഞ്ഞു.

അതേസമയം റിയാദ് ഇലവന് വേണ്ടി മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. പി.എസ്.ജിക്കെതിരെ റിയാദ് നേടിയ നാലിൽ രണ്ട് ഗോളുകളും സ്വന്തമാക്കിയ റൊണാൾഡോ. മത്സരത്തിൽ മാൻ ഓഫ് ദി മ്യാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അൽ ഇത്തിഹാദിനെതിരെ സൗദി സൂപ്പർ കപ്പിലാണ് റൊണാൾഡോ അടുത്തതായി കളിക്കുക.

 

Content Highlights:Saudi league difficult to win even with Ronaldo; Al Nassr Coach