'രണ്ട് വര്‍ഷമായി ആര്‍.എസ്.എസുമായി ബന്ധമില്ലാത്ത ഒരു കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പോലും നിയമിക്കപ്പെട്ടിട്ടില്ല'
national news
'രണ്ട് വര്‍ഷമായി ആര്‍.എസ്.എസുമായി ബന്ധമില്ലാത്ത ഒരു കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പോലും നിയമിക്കപ്പെട്ടിട്ടില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2023, 10:10 pm

 

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷമായി ആര്‍.എസ്.എസുമായി ബന്ധമില്ലാത്ത ഒരു കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പോലും നിയമിക്കപ്പെട്ടിട്ടില്ലെന്ന് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പട്ട വെളിപ്പടുത്തല്‍ നടത്തിയ ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് സത്യപാല്‍ മലിക് ഇക്കാര്യം പറഞ്ഞത്.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി ആര്‍.എസ്.എസുമായി ബന്ധമില്ലാത്ത ഒരാള്‍ പോലും
കേന്ദ്ര സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടിട്ടില്ല. അതില്‍ പകുതിയലധികം പേര്‍ക്കും കോളേജിന്റെ പ്രന്‍സിപ്പാള്‍ ആകാനുള്ള യോഗ്യത പോലുമില്ല. എന്റെ അടുത്തും ഇതുപോലുള്ള നിയമനങ്ങളുമായി ഒരുപാട് പേര്‍ വന്നിട്ടുണ്ട്,’ എന്നാണ് സത്യപാല്‍ മലിക് പറയുന്നത്.

സത്യപാല്‍ മാലികിന്റെ ഈ പ്രസ്താവനയുടെ വീഡിയോ ജോണ്‍ ബ്രട്ടാസ് എം.പി. തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ പങ്കുവെച്ചു. കേരളത്തിലെ വൈസ് ചാന്‍സലര്‍മാരുടെ യോഗ്യതയെപ്പറ്റിയുള്ള വാര്‍ത്തകള്‍ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രതികരണം.

 

‘കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ യോഗ്യതയെപ്പറ്റി ആര്‍ക്കും തര്‍ക്കമില്ല. അക്കാദമിക് രംഗത്ത് മികച്ച സ്ഥാനമുള്ള വ്യക്തികള്‍ തന്നെയാണ് അവരെല്ലാവരും. അവരുടെ നിയമനം യു.ജി.സി മാനദണ്ഡം അനുസരിച്ചാണോ എന്നത് സംബന്ധിച്ച തര്‍ക്കം മാത്രമാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. അതേസമയം മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് കേന്ദ്ര സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധിക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷമായി ആര്‍.എസ്.എസുമായി ബന്ധമില്ലാത്ത ഒരു കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പോലും നിയമിക്കപ്പെട്ടിട്ടില്ല എന്നും അവര്‍ക്കൊന്നും ഒരു കോളേജ് പ്രിന്‍സിപ്പാള്‍ ആകാനുള്ള യോഗ്യത പോലും ഇല്ലെന്നുമാണ് സത്യപാല്‍ മാലിക്ക് പറയുന്നത്,’ ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്നുള്ള ഈ അഭിമുഖത്തിലെ സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍ വലിയരീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ച മറച്ചുവെക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

Content Highlight: Satya Pal Malik said has not appointed a single central university vice-chancellor who is not affiliated with the RSS in the last two years