മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ചും മോഹന്‍ലാലിലെ നടനെ കണ്ട് വിസ്മയിച്ചുപോയ സന്ദര്‍ഭങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ട് ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ചിരിക്കുകയും കരയുകയും ചെയ്ത ആളാണ് താനെന്നും പലപ്പോഴും എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് പോലും ലാല്‍ മറന്നുപോകുന്നത് കണ്ടിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. മണിചിത്രത്താഴ് സിനിമയിലെ ഒരു സീനില്‍ റീ ടേക്കിന് പോയ തീരുമാനം ഫാസില്‍ മാറ്റിയതിനെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് സംസാരിച്ചത്.
‘ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ലെങ്തിയായിട്ടുള്ള ഒരു ഡയലോഗ് ഷൂട്ട് ചെയ്യുകയാണ്. ഒന്നുകില്‍ നകുലന്‍ അല്ലെങ്കില്‍ ഗംഗ, ആരെങ്കിലുമൊരാളെ നഷ്ടപ്പെടുമെന്ന് ഡോ. സണ്ണി പറയുന്ന സീനാണ് എടുക്കുന്നത്. എടുത്തു കഴിഞ്ഞ ഉടനെ ഫാസില്‍ ലാലിന്റെ അടുത്ത് വന്നിട്ട് നമുക്ക് ഒന്നുകൂടി എടുക്കാമെന്ന് പറഞ്ഞു.
എടുക്കാം, എന്തുപറ്റിയെന്ന് ലാല്‍ ചോദിച്ചു. ഡയലോഗ് പറയുന്നതിനിടയില്‍ കുറച്ച് ലാഗ് വന്നോ എന്ന് എനിക്ക് സംശയം. ആവശ്യത്തില്‍ കൂടുതല്‍ ഗ്യാപ്പ് ഇട്ടപോലെ തോന്നിയെന്ന് ഫാസില്‍ പറഞ്ഞു. റീ ടേക്ക് എടുക്കാം. എനിക്കറിയില്ല, പാച്ചിക്ക ആക്ഷന്‍ പറഞ്ഞതേ എനിക്ക് ഓര്‍മയുള്ളൂ. കട്ട് പറഞ്ഞപ്പോഴാണ് ഞാന്‍ അതില്‍ നിന്ന് മാറിയത് എന്ന് ലാല്‍ പറഞ്ഞു.
ലാലിന്റെ ആ ഒരു മറുപടി കേട്ടതും ഫാസില്‍ ഇനി റീടേക്ക് വേണ്ടെന്ന് പറഞ്ഞു. ആക്ഷന്‍ പറഞ്ഞതേ ഓര്‍ക്കുന്നുള്ളൂ. പിന്നെ ഞാന്‍ അഭിനയിക്കുകയായിരുന്നു. അതെനിക്ക് ഓര്‍മയില്ല എന്നാണ് ലാല്‍ പറയുന്നത്. അത് അറിയാതെ ചെയ്യുന്ന പ്രകടനമാണ്. ഇത്തരത്തില്‍ നൂറ് നൂറ് അനുഭവങ്ങള്‍ എനിക്ക് പറയാനുണ്ട്.
ലാലിനെ ക്യാമറയ്ക്ക് മുന്‍പില്‍ നിര്‍ത്തി അഭിനയിപ്പിക്കാന്‍ പറ്റിയത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഞാന്‍ പറയാറുണ്ട്. നിങ്ങള്‍ കണ്ട പല സീനുകളും ആദ്യം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ‘എന്താ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാന്നത്’ എന്ന ഡയലോഗൊക്കെ ആദ്യം കേട്ടത് ഞാനാണല്ലോ (ചിരി). അതുപോലെ തന്നെ ലാലിന്റെ ഒരു പ്രസന്‍സ് ഓഫ് മൈന്‍ഡ് ഉണ്ട്. ചില മിസ്റ്റേക്ക്‌സ് പോലും അത്തരത്തില്‍ കറക്ട് ചെയ്യപ്പെടും.
സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ വീടൊഴിപ്പിക്കാന്‍ വേണ്ടി ശ്രീനിവാസനെ മോഹന്‍ലാല്‍ കൊണ്ടുവരുന്ന ഒരു സീനുണ്ട്. ശ്രീനിവാസന്റെ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ ജീപ്പില്‍ വന്നിറങ്ങുകയാണ്.
ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയപ്പോള്‍ ഷൂ കാലില്‍ നിന്ന് ഊരിപ്പോയിട്ട് ശ്രീനിവാസന്‍ വീഴാന്‍ പോയി. പക്ഷേ ഞാന്‍ ഷോട്ട് കട്ട് ചെയ്തില്ല. എല്ലാവരും അഭിനയിച്ചു. ഇന്നത്തെ പോലെ മോണിറ്റര്‍ ഇല്ലല്ലോ. ഡബ്ബിങ്ങില്‍ മാത്രമേ നമുക്ക് എന്താണ് എടുത്തതെന്ന് കാണുള്ളൂ.
കണ്ണിന്റെ ജഡ്ജ്‌മെന്റാണ്. ഈ സീന്‍ എടുത്തപ്പോള്‍ എല്ലാവരും ചിരിച്ചു. മോഹന്‍ലാലും ക്യാമറാമാനുമൊക്കെ ചിരിച്ചു. രണ്ടാമത് എടുക്കാമെന്ന് ക്യാമറാമാന്‍ പറഞ്ഞു. പക്ഷേ അതിമനോഹരമായ ഷോട്ടാണ്. ഞാന്‍ ലാലിന്റെ അടുത്ത് ചെന്ന് ലാലേ ചിരിച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചെന്നും പക്ഷേ ക്യാമറയില്‍ ആ ചിരി കാണില്ലെന്നും ലാല്‍ പറഞ്ഞു.
കുടയും ബാഗും ഉപയോഗിച്ച് ഞാന്‍ എന്റെ ചിരി മറച്ചിട്ടുണ്ട്. ഡബ്ബിങ്ങില്‍ സത്യേട്ടന്‍ നോക്കിക്കോ ഞാന്‍ ചിരിക്കുന്നത് കാണില്ല എന്ന് ലാല്‍ പറഞ്ഞു. ആ ഷോട്ടാണ് ഞങ്ങള്‍ പടത്തില്‍ വെച്ചിരിക്കുന്നത്. അതില്‍ ലാലിന്റെ ചിരി കാണില്ല. അത് ഒരു പ്രസന്‍സ് ഓഫ് മൈന്‍ഡാണ്. അതൊരു ദൈവാനുഗ്രഹമാണ്. പലപ്പോഴും ലാല്‍ അറിയാതെയാണ് ലാല്‍ അഭിനയിച്ചുപോകുന്നത്. വലിയ മുന്നൊരുക്കങ്ങളൊന്നും ലാല്‍ നടത്തുന്നത് കണ്ടിട്ടില്ല. അതുവരെ തമാശ പറഞ്ഞ് നടക്കുന്ന ലാല്‍ ടേക്ക് പറയുമ്പോള്‍ മറ്റൊരാളായി മാറുകയാണ്, സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan Anthikkad about manichithrathazhu movie scene and retake