ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും ആളുകളുടെ കൂട്ട പലായനം തുടരുന്നു. ആളുകള്‍ കൂട്ടത്തോടെ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യുന്നതിന്റെ ഉപഗ്രഹ ചിത്രം എന്‍.ഡി.ടി.വി പുറത്തുവിട്ടു.
പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തി പ്രദേശമായ ചമാന്‍ ബോര്‍ഡറിലാണ് ആളുകള്‍ കൂടി നില്‍ക്കുന്നത്. ഈ അതിര്‍ത്തി പാക്കിസ്ഥാന്‍ അടുത്തയിടെയാണ് അടച്ചത്.
അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റവും തിരക്കേറിയ അതിര്‍ത്തികളിലൊന്നാണ് ചമാന്‍ അതിര്‍ത്തി. സ്പിന്‍ ബോള്‍ഡാക്കിലെ ചമാന് പുറമേ താജിക്കിസ്ഥാനുമായുള്ള ഷിര്‍ ഖാന്‍, ഇറാനുമായുള്ള ഇസ്‌ലാം, ഖാല ബോര്‍ഡറുകള്‍ പാക്കിസ്ഥാനുമായുള്ള തോര്‍ഖാം എന്നിവയാണ് അഫ്ഗാനിലെ മറ്റ് പ്രധാന അതിര്‍ത്തികള്‍.
നാടും വീടുമുപേക്ഷിച്ച് കുട്ടികളും മുതിര്‍ന്നവരുമായാണ് ആളുകള്‍ രാജ്യം വിടുന്നത്. താലിബാന്‍ തങ്ങളുടെ പഴയ രീതികളില്‍ മാറ്റം വരുത്തുന്നില്ല എന്ന ഭയമാണ് ഇവരെ രാജ്യം വിടാന്‍ നിര്‍ബന്ധിതരാക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്ത്രീകളോടുള്ള സമീപനത്തിലും ഭരണരീതികളിലും മാറ്റം ഉണ്ടാവുമെന്ന് താലിബാന്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഭരണത്തിലേറിയ നിമിഷം മുതല്‍ സ്ത്രീകളുടെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണ് കാണുന്നത്. ഇക്കാരണങ്ങളാലാണ് ആളുകള്‍ അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാനൊരുങ്ങുന്നത്.
20 വര്‍ഷത്തിന് ശേഷം അമേരിക്ക സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്. കുറച്ച് ദിവസങ്ങള്‍ക്കൊണ്ട് തന്നെ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് താലിബാന്‍ രാജ്യം മുഴുവന്‍ പിടിച്ചെടുക്കുകയായിരുന്നു.
രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി. ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്. താലിബാന്‍ അധികാരസ്ഥാനങ്ങളെല്ലാം കയ്യടിക്കയതിന് പിന്നാലെ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും മന്ത്രിസഭയിലെ മറ്റു അംഗങ്ങളുമെല്ലാം രാജ്യത്ത് നിന്ന് പലായനം ചെയ്തിരുന്നു.
താലിബാന്‍ ഭരണത്തിന്റെ കീഴില്‍ സ്ത്രീകളും മറ്റു ന്യൂനപക്ഷങ്ങളും കടുത്ത അടിച്ചമര്‍ത്തിലിന് വിധേയമാക്കപ്പെടുമെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ അധികാരത്തിലെത്തിയിരുന്ന സമയത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിക്ക് പോകലും താലിബാന്‍ പൂര്‍ണമായും നിരോധിച്ചിരുന്നു.