ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള പോര് കടുപ്പിക്കുന്നു. 1975ല്‍ ഇന്ദിരാഗാന്ധിയായിരുന്നു പാര്‍ലമെന്റിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്തതെന്ന ഭവന മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി.
‘പക്ഷെ അത് കെട്ടിടത്തിന്റെ ഭാഗമായിരുന്നു പ്രിയപ്പെട്ട ഹര്‍ദീപ് സിങ് പുരി. പാര്‍ലമെന്റിന്റെ ഭാഗവും ലൈബ്രറിയും. എന്നാല്‍ ഇത് മുഴുവന്‍ പാര്‍ലമെന്റ് കെട്ടിടമാണ്. പാര്‍ലമെന്റിന്റെ തലവന്‍ പ്രസിഡന്റാണെന്ന് ഭരണഘടന പറയുന്നില്ലേ. പ്രധാനമന്ത്രിയേക്കാള്‍ ഉദ്ഘാടനം ചെയ്യാന്‍ അര്‍ഹത രാഷ്ട്രപതിക്കല്ലേ,’ തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
But those were subsidiary buildings, dear @HardeepSPuri – an Annexe and a Library. This is a whole new Parliament! Doesn’t the Constitution say the President is its head, convenes Parliament & prorogues it? So shouldn’t she inaugurate it rather than the PM? https://t.co/SUIrHtPZgC
— Shashi Tharoor (@ShashiTharoor) May 24, 2023
ഹര്‍ദീപ് സിങ് പുരിയുടെ പ്രസ്താവനക്കെതിരെ ഛണ്ഡിഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും എത്തി. പ്രസിഡന്റാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പറഞ്ഞ ബാഗല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്യുന്നത് വ്യത്യസ്തമായ കാര്യമാണെന്ന് കൂട്ടിച്ചേര്‍ത്തു.
‘ബ്രിട്ടീഷ് കാലത്താണ് പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്. രാഷ്ട്രപതി ഭവനും ഇതെ സമയത്താണ് നിര്‍മിക്കുന്നത്. പിന്നെ എങ്ങനെയാണ് ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്യുക? ഒരു വ്യക്തി കെട്ടിടത്തിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്യുന്നത് വ്യത്യസ്തമായ കാര്യമാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്,’ പുരിയുടെ പ്രസ്താവനയോട് പ്രതികരിച്ചു കൊണ്ട് ഭാഗേല്‍ പറഞ്ഞു.
1975ല്‍ ഇന്ദിരാഗാന്ധിയായിരുന്നു പാര്‍ലമെന്റിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്തതെന്നും നിങ്ങളുടെ സര്‍ക്കാര്‍ നേതൃത്വത്തിന് ഉദ്ഘാടനം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങളുടെ സര്‍ക്കാര്‍ നേതൃത്വത്തിന് ഉദ്ഘാടനം നടത്തിക്കൂടാ എന്നായിരുന്നു പുരി പറഞ്ഞത്.
‘1975ല്‍ ഇന്ദിരാഗാന്ധിയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്തത്. 1987ല്‍ രാജീവ് ഗാന്ധി ലൈബ്രറി ഉദ്ഘാടനം ചെയ്തു. നിങ്ങളുടെ സര്‍ക്കാര്‍ നേതൃത്വത്തിന് ഉദ്ഘാടനം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങളുടെ സര്‍ക്കാര്‍ നേതൃത്വത്തിന് ഉദ്ഘാടനം നടത്തിക്കൂടാ,’ എന്നായിരുന്നു ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തത്.
അതേസമയം, മെയ് 28ന് നടക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള 19 പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് സംയുക്ത പ്രസ്താവനയിറക്കിയത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യു.ബി.ടി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈകള്‍ കച്ചി, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം(എം.ഡി.എം.കെ), രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പങ്കെടുപ്പിക്കാതെയുള്ള ഉദ്ഘാടന ചടങ്ങ് ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള അതിക്രമമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
‘രാഷ്ട്രപതി രാഷ്ട്രത്തലവന്‍ മാത്രമല്ല, പാര്‍ലമെന്റിന്റെ അഭിഭാജ്യ ഘടകമാണ്. പ്രധാനമന്ത്രിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ ഇതാദ്യമായല്ല. രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത് കൊണ്ട് പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ ആത്മാവ് പാര്‍ലമെന്റിന് പുറത്തായത് കൊണ്ട് തന്നെ ഞങ്ങള്‍ പുതിയ മന്ദിരത്തിന് മൂല്യമുണ്ടെന്ന് കണക്കാക്കുന്നില്ല,’ പ്രസ്താവനയില്‍ പറയുന്നു.
Contenthighlight: Sasi tharoor conter puri on parliament launch row