കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ – ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ള നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിനുള്ള സ്‌ക്വാഡിനെയാണ് ക്രിക്കറ്റ് ബോര്‍ഡ് അനൗണ്‍സ് ചെയ്തത്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരവും ടെസ്റ്റ് ഫോര്‍മാറ്റിലെ പുലിയുമായ സര്‍ഫറാസ് ഖാനെ വീണ്ടും തഴഞ്ഞുകൊണ്ടാണ് ബി.സി.സി.ഐ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ടി-20 ഫോര്‍മാറ്റിലെ മികച്ച പ്രകടനം മാത്രം കണക്കിലെടുത്ത് സൂര്യകുമാറിനെ പോലും ടെസ്റ്റിലേക്ക് പരിഗണിച്ചപ്പോഴായിരുന്നു രഞ്ജിയിലടക്കം കഴിഞ്ഞ മൂന്ന് സിസണുകളില്‍ മിന്നും ഫോമില്‍ തുടരുന്ന സര്‍ഫറാസിനെ അവഗണിച്ചത്.
ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളായിരുന്നു ക്രിക്കറ്റ് ബോര്‍ഡിന് നേരിടേണ്ടി വന്നത്. മുന്‍ താരങ്ങളടക്കം ബി.സി.സി.ഐയുടെ മോശം ടീം സെലക്ഷനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
എന്നാല്‍, തന്നെ ഒഴിവാക്കിയതിന് പിന്നാലെ മൗനം ഭഞ്ജിച്ചിരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. ടെസ്റ്റ് ഫോര്‍മാറ്റിലെ തന്റെ റെക്കോഡുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സര്‍ഫറാസ് പ്രതികരണമറിയിച്ചത്.
ഫസ്റ്റ് ക്ലാസ് ടെസ്റ്റില്‍ ഡോണ്‍ ബ്രാഡ്മാന് ശേഷം 80 ശരാശിയുള്ള ഏക താരം സര്‍ഫറാസാണ്. ആരാധകര്‍ ഷെയര്‍ ചെയ്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവെച്ചുകൊണ്ടായിരുന്നു തന്റെ പ്രകടനത്തെ കുറിച്ച് മറന്നുപോയവരെ ഇക്കാര്യം ഓര്‍മിപ്പിച്ചത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിനുള്ള സ്‌ക്വാഡിനെ മാത്രമാണ് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന രണ്ട് മത്സരത്തിലെങ്കിലും സര്‍ഫറാസിന് അവസരം നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സര്‍ഫറാസിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിന് അവസരം നല്‍കിയ ബി.സി.സി.ഐയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു.
‘അവന്‍ ഇത്തവണയും ഇല്ല. ബി.സി.സി.ഐ സെലക്ടര്‍മാര്‍ തന്നെ ചതിച്ചുവെന്ന് അവന് തോന്നും. ജസ്പ്രീത് ബുംറ ടീമിനൊപ്പമില്ല, എന്നാല്‍ എന്റെ ആശങ്ക മുഴുവനും സര്‍ഫറാസ് ഖാനെ ഓര്‍ത്താണ്.
സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയത് കൊണ്ടുതന്നെ ടീമില്‍ പലതും ശൂന്യമായി ഒഴിഞ്ഞുകിടക്കുകയാണ്. സര്‍ഫറാസിനായിരുന്നു ആ സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. 80 ആണ് അവന്റെ ഫസ്റ്റ് ക്ലാസ് ശരാശരി. സര്‍ഫറാസിനെ കൂടാതെ ഡോണ്‍ ബ്രാഡ്മാന് മാത്രമേ എണ്‍പതോ അതില്‍ കൂടുതലോ ശരാശരിയുള്ളൂ.
അവന്‍ ചെയ്യേണ്ടതെല്ലാം ചെയ്തു, എന്നാലും അവനിപ്പോഴും ടീമിന് പുറത്താണ്. എനിക്ക് അവന്റെ അവസ്ഥ മനസിലാകും. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന് അവന് വേണ്ട അംഗീകാരം ലഭിക്കേണ്ടിയിരുന്നു,’ എന്നായിരുന്നു വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ആകാശ് ചോപ്ര പറഞ്ഞത്.