പ്രതികരിക്കുന്ന പെണ്ണുങ്ങളെ ചട്ടം പഠിപ്പിക്കാൻ ചെല്ലരുത്: ശാരദക്കുട്ടി
Kerala News
പ്രതികരിക്കുന്ന പെണ്ണുങ്ങളെ ചട്ടം പഠിപ്പിക്കാൻ ചെല്ലരുത്: ശാരദക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2025, 12:12 pm

കോഴിക്കോട്: പ്രതികരിക്കുന്ന പെണ്ണുങ്ങളെ ചട്ടം പഠിപ്പിക്കാന്‍ ചെല്ലരുതെന്ന് ശാരദക്കുട്ടി. സ്വയം വഞ്ചിച്ച് ആരും സംസാരിക്കരുതെന്നും ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

പെണ്ണിന്റെ തലമുടി ലൈംഗിക ഉത്തേജനമുണ്ടാക്കുന്നതിനാല്‍ സ്ത്രീകള്‍ ഭര്‍ത്താവല്ലാത്ത അന്യപുരുഷന്മാര്‍ക്ക് മുമ്പില്‍ തലമുടി പ്രദര്‍ശിപ്പിക്കരുതെന്നും, വിധവകള്‍ തല മുണ്ഡനം ചെയ്യണമെന്നും വിധിച്ച സമുദായങ്ങള്‍ ഇവിടെയുണ്ടെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.

മുടികൊണ്ട് നഗ്‌നമായ മാറിടം മറച്ചുനടന്ന അക്ക മഹാദേവി പറഞ്ഞത് തന്റെ മാറിടത്തില്‍ കാമദേവന്റെ അടയാളമുണ്ട്, അത് നിങ്ങളെ വിറളി പിടിപ്പിക്കുമെന്നുമാണ്. പക്ഷേ സമൃദ്ധമായ മുടിയിലാകാം ചിലര്‍ കാമമുദ്ര കാണുക. കാമന് കേളി വളര്‍ത്താനും കോമന് കേറി ഒളിക്കാനും ഇടമുണ്ടിവിടെയെന്നും ശാരദക്കുട്ടി പറഞ്ഞു.

കണ്ണുകള്‍ ലൈംഗിക ഉത്തേജനമുണ്ടാക്കുമെന്നും അതുകൊണ്ട് വലിയ പൊട്ട് തൊടണമെന്നും കണ്ണുകളുടെ ആകര്‍ഷണീയതയില്‍ നിന്ന് പുരുഷനോട്ടത്തിന്റെ ശ്രദ്ധ പൊട്ടിലേക്ക് തിരിച്ചുവിടണമെന്നും പണ്ടൊരാള്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടെന്നും ശാരദക്കുട്ടി പറഞ്ഞു.

കണ്ണ് ക്ഷണിക്കുമ്പോള്‍ പൊട്ട് തടയണമത്രേ. പൂമുഖവാതില്‍ തുറന്നിട്ടിട്ട് തുളസിത്തറ കൊണ്ട് തടസമുണ്ടാക്കുന്നത് പോലെയാണ്, ക്ഷണിക്കുന്ന കണ്ണിനെ പൊട്ട് തടയുന്നത് എന്നാണ് പ്രാസംഗികന്‍ ഉദാഹരിച്ചതെന്നും ശാരദക്കുട്ടി പറഞ്ഞു.

കണ്ണിനേക്കാള്‍ വശ്യത പൊട്ടിനും നെറ്റിക്കും മറുകിനും നുണക്കുഴിക്കും വരെ ഉണ്ടാകാം. അതൊക്കെ അറിയുന്നവരാണ് നമ്മളെല്ലാം.

മുലയും നിതംബവും മാത്രമല്ല, നഖം, വയര്‍, കഴുത്ത്, തോള്‍, കണങ്കാല്‍, പാദം തുടങ്ങി ഏതവയവവും എപ്പോള്‍ വേണമെങ്കിലും ലൈംഗികോത്തേജനവസ്തുവാകാം. അത് ആണിന് മാത്രമല്ല പെണ്ണിനുമറിയാമെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.

ചിലര്‍ സമൃദ്ധമായ മുടികൊണ്ട് ചെയ്യുന്നതേ മറ്റു ചിലര്‍ സമൃദ്ധമായ നിതംബം കൊണ്ട് ചെയ്യുന്നുള്ളു. സ്വന്തം സൗന്ദര്യത്തില്‍ വിശ്വസിക്കാനും അതിനെ പൊലിപ്പിക്കാനും അതിലാനന്ദിക്കാനും അത് പ്രദര്‍ശിപ്പിക്കാനും അഭിനന്ദനം ഏറ്റുവാങ്ങാനും തനിക്കുള്ള അതേ അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ശാരദക്കുട്ടി പറഞ്ഞു.

അല്ലാതെ എന്റേത് വരെ ഓക്കെ, അതിനപ്പുറം കച്ചവടം എന്ന ന്യായം ശരിയല്ലെന്നും ശാരദക്കുട്ടി പറഞ്ഞു.

Content Highlight: Saradakutty said that he should not go to teach the responding womens