Trending
മോചിക്കപ്പെട്ട ബന്ദികള്‍ ഞങ്ങളോട് നന്ദി പോലും പറഞ്ഞില്ല; നെതന്യാഹുവിന്റെ പങ്കാളിയുടെ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 23, 04:38 pm
Saturday, 23rd March 2024, 10:08 pm

ജെറുസലേം: ഹമാസുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നവംബറില്‍ മോചിതരായ ബന്ദികളെ കുറ്റപ്പെടുത്തി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ. തനിക്കോ തന്റെ ഭര്‍ത്താവിനോ മോചിതരായവര്‍ ഇതുവരെ നന്ദി പറഞ്ഞിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്.

ഇസ്രഈലിലെ ന്യൂസ് 12 ആണ് സാറയുടെ സംഭാഷണം പുറത്തുവിട്ടത്. എത്ര ബന്ദികള്‍ തിരിച്ചെത്തിയെന്ന് നിങ്ങള്‍ കണ്ടോ അവരൊന്നും ഞങ്ങളോട് നന്ദി പോലും പറഞ്ഞില്ലെന്നാണ് സാറ പറഞ്ഞത്.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മോചിക്കപ്പെട്ട ബന്ദികളും അവരുടെ ബന്ധുക്കളും സാറക്കെതിരെയും നെതന്യാഹുവിന് എതിരെയും രംഗത്തെത്തി. മകനെ തട്ടിക്കൊണ്ട് പോയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാണോ എന്ന് മോചിതനായ ഒരു ബന്ദിയുടെ മാതാവ് വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് ചോദിച്ചു.

ന്യൂസ് 12ലെ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ക്ഷമിക്കണം എന്നെ തട്ടിക്കൊണ്ട് പോയെന്നാണ് മോചിതനായ മറ്റൊരു ബന്ദി ലിയാം ഓര്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്.

‘ക്ഷമിക്കണം എന്നെ തട്ടിക്കൊണ്ടുപോയി. അടുത്ത തവണ ഗസയിലായിരിക്കും എന്റെ അവധിക്കാലം ആഘോഷിക്കുന്നത്,’ മോചിക്കപ്പെട്ട മറ്റൊരു ബന്ദിയായ യാഗിന്‍ യാക്കോവ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ഇത്തരത്തില്‍ വലിയ പരിഹാസവും വിമര്‍ശനങ്ങളുമാണ് സാറ നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ഉയരുന്നത്. ഇതില്‍ കൂടുതലും മോചിക്കപ്പെട്ട ബന്ദികള്‍ തന്നെയാണ്.

എന്നാല്‍ വാര്‍ത്ത തെറ്റാണെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതിരിച്ചത്. നുണകളും കെട്ടുകഥകളുമാണ് ചാനല്‍ പുറത്ത് വിട്ടതെന്നാണ് വിശദീകരണം. വിഷയത്തെ കുറിച്ച് മാധ്യമങ്ങള്‍ സാറ നെതന്യാഹുവിന്റെ പ്രതികരണം തേടിയെങ്കിലും അവര്‍ മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.

ഒക്ടോബര്‍ എഴിന് സൈനികരടക്കം 253 ഇസ്രഈലികളെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇവരില്‍ 105 പേരെയാണ് ഹമാസ് വിട്ടയച്ചത്. മൂന്ന് പേരെ ഇസ്രഈല്‍ സേന ഇടപെട്ട് മോചിപ്പിച്ചിരുന്നു. ഇതിന് പുറമേ 11 ബന്ദികളെ ഇസ്രഈലിന്റെ ആക്രമണത്തില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlight: Sara Netanyahu complain that hostages freed from Hamas captivity ‘didn’t even thank us’