മലയാള സിനിമയില്‍ ഗ്രൂപ്പിസമുണ്ടെന്ന് സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം. മാനസികമായി അടുപ്പമുള്ള ഡയറക്ടറും റൈറ്ററും നടന്മാരും ഒരുമിക്കുന്ന സിനിമകളാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും ഇതിനെ ലോബിയെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മലയാള സിനിമയില്‍ ഗ്രൂപ്പിസമുണ്ട്. അതിനെ പക്ഷെ രണ്ട് രീതിയില്‍ കാണാന്‍ കഴിയും. ഞാന്‍ ഒരു ഡയറക്ടര്‍ ആണെങ്കില്‍ എന്നോട് മാനസികമായി പൊരുത്തപ്പെടുന്ന ഒരു റൈറ്ററും ഉണ്ടാവുന്നു എന്ന് വിചാരിക്കുക.
ഉദാഹരണത്തിന് ശ്രീനിവാസനും പ്രിയദര്‍ശനും ഒരുപാട് സിനിമകള്‍ ചെയ്തിരിക്കുന്നു. അതുപോലെ ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും, പദ്മരാജനും ഭരതനും ഒക്കെ ഒരുമിച്ച് എത്ര സിനിമകള്‍ ചെയ്തിരിക്കുന്നു. അവര്‍ക്ക് മാനസികമായി ഒരു പൊരുത്തമുണ്ടാകും.
അവരുടെ ക്യാമറമാന്‍ അവര്‍ക്ക് ഒരു നടന്‍ തുടങ്ങി തങ്ങളുടെ കംഫേര്‍ട്ട് സ്‌പേസില്‍ നിന്നുകൊണ്ടാണ് അവര്‍ സിനിമ ചെയ്ത് കൊണ്ടിരിക്കുന്നത്.