കാതല്‍ പോലൊരു സിനിമ തമിഴില്‍ ആരും ചെയ്യില്ല: സന്താനഭാരതി
Entertainment
കാതല്‍ പോലൊരു സിനിമ തമിഴില്‍ ആരും ചെയ്യില്ല: സന്താനഭാരതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd March 2024, 3:41 pm

മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ അതിനോടൊപ്പം ചര്‍ച്ചചെയ്യപ്പെടുന്ന മറ്റൊരു സിനിമയാണ് ഗുണാ. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രധാന ലൊക്കേഷന്‍ കൊടൈക്കനാലിലെ ഗുണാ കേവ്‌സാണ്. ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന ഗുഹ, കമല്‍ ഹാസന്റെ ഗുണാ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഗുണാ കേവ്‌സ് എന്നറിയപ്പെട്ടു തുടങ്ങിയത്. ഗുണാ സിനിമയിലെ കണ്മണീ അന്‍പോട് കാതലന്‍ എന്ന പാട്ടും മഞ്ഞുമ്മല്‍ ബോയ്‌സില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കമല്‍ ഹാസനും ഗുണാ സിനിമയുടെ സംവിധായകനായ സന്താനഭാരതിയും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറപ്രവര്‍ത്തകരെ ചെന്നെയിലേക്ക് വിളിച്ച് അഭിനന്ദിച്ചിരുന്നു.

ഇതിന് പിന്നാലെ സന്താനഭാരതി ഫിലിംബീറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗുണാ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും, മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് സന്തോഷമായെന്നും പറഞ്ഞു. മലയാളത്തില്‍ എല്ലാവരും സിനിമയെ സിനിമയായി മാത്രമേ കാണാറുള്ളൂവെന്നും, മികച്ച സിനിമകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് മലയാളത്തിലാണെന്നും പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ നേടിയ വലിയ വിജയത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് സന്താനഭാരതിയുടെ മറുപടി ഇങ്ങനെയായിരുന്നു.

’32 വര്‍ഷം മുമ്പിറങ്ങിയ സിനിമ ഇന്ന് മറ്റൊരു ഭാഷയിലൂടെ ആളുകളെ ഓര്‍മിപ്പിച്ചത് ഗുണായുടെ വിജയമാണ്. ഗുണാ റഫറന്‍സും, കണ്മണീ അന്‍പോട് കാതലന്‍ സോങ്ങും സിനിമയില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി. തമിഴില്‍ ഇത്തരം സിനിമകള്‍ ഇറങ്ങാത്തതിന് കാരണം, ഇവിടെ എല്ലാവരും നായകന്മാര്‍ക്ക് പിന്നാലെയാണ്. ഇവിടത്തെ ആരാധകര്‍ ഒരു ബാരിക്കേഡ് വെച്ചിട്ട് അതിന്റെ അപ്പുറത്തേക്ക് അവരെ കടക്കാന്‍ അനുവദിക്കുന്നില്ല. കേരളത്തില്‍ കഥയാണ് പ്രധാനം. അവിടെ എപ്പോഴും നല്ല സിനിമകള്‍ക്കാണ് ആരാധകര്‍.

 

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലയാളത്തില്‍ ഇറങ്ങിയ കാതല്‍. ഇവിടെ തമിഴില്‍ അദ്ദേഹത്തെപ്പോലൊരു സ്റ്റാര്‍ അതുപോലെ ഒരു സിനിമ ചെയ്യുമോ, പോട്ടെ, സാധാരണ ഒരു ആക്ടര്‍ അതുപോലൊരു റോള്‍ ചെയ്യുമോ എന്ന് സംശയമാണ്. അങ്ങനെയൊരു കമ്മ്യൂണിറ്റിയെക്കുറിച്ച് ഇവിടുത്തെ സമൂഹം ആലോചിക്കാറു പോലുമില്ല. പക്ഷേ അവിടെ അവര്‍ അതിനെക്കുറിച്ച് സിനിമ വരെ ചെയ്തു. ആ സിനിമയില്‍ ജ്യോതികയും മമ്മൂട്ടിയും തമ്മിലുള്ള റിലേഷന്‍ എന്ത് മനോഹരമായാണ് കാണിച്ചത്. അതുപോലെ മമ്മൂട്ടിയുടെ കഥാപാത്രം അച്ഛനോട് സംസാരിക്കുന്ന സീനൊക്കെ അത്ഭുതപ്പെടുത്തി. മികച്ച ഒരു സിനിമയാണ് അത്,’ സന്താനഭാരതി പറഞ്ഞു.

Content Highlight: Santhanabharathi appreciates Kaathal movie