Advertisement
Sports News
സൗത്ത് ആഫ്രിക്കയില്‍ സഞ്ജുവിന്റെ കൊടുങ്കാറ്റ്; അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 21, 03:23 pm
Thursday, 21st December 2023, 8:53 pm

ഡിസംബര്‍ 21ന് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന മത്സരം ബോളണ്ട് പാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവസാന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ 50 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് ഇന്ത്യ നേടിയത്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് മികച്ച തുടക്കം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇന്ത്യക്ക് വേണ്ടി മിന്നും സെഞ്ച്വറി നേടിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

114 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറുകളുമടക്കമാണ് സഞ്ജു 108 റണ്‍സ് നേടി ടീമിന്റെ പവര്‍ ഹൗസ് ആയത്. 16 പന്തില്‍ 22 റണ്‍സ് നേടിയ ഓപ്പണര്‍ രജത് പാട്ടിദാറിനെ നാന്ദ്രെ ബര്‍ഗര്‍ പുറത്താക്കിയപ്പോള്‍ 16 പന്തില്‍ 10 റണ്‍സ് നേടിയ സായി സുദര്‍ശനെ ബ്യൂറന്‍ ഹെട്രിക്സും പുറത്താക്കി. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 35 പന്തില്‍ നിന്നും 21 റണ്‍സ് ആണ് നേടിയത്. വിയാന്‍ മുള്‍ഡറിന്റെ പന്തിലായിരുന്നു രാഹുല്‍ പുറത്തായത്. തുടര്‍ന്ന് നിര്‍ണായകമായ അവസാന മത്സരത്തില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിനായി താരം ഇന്ത്യയുടെ നെടുന്തൂണ്‍ ആവുകയായിരുന്നു. 94.74 എന്ന സ്‌ട്രൈക്ക് റേറ്റില്‍ മികച്ച രീതിയില്‍ കോണ്‍സ്റ്റന്‍ഡ് ആയാണ് സഞ്ജു തന്റെ അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്.

മധ്യ നിരയില്‍ തിലക് വര്‍മ 77 പന്തില്‍ ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം 52 റണ്‍സ് നേടി മികച്ച കൂട്ടുകെട്ടാണ് സഞ്ജുവിന് നല്‍കിയത്. നിര്‍ണായകമായ മത്സരത്തില്‍ ഇരുവരുടേയും ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോറിങ് മിഷ്യന്‍ ഓണ്‍ ആക്കിയത്. തുടര്‍ന്ന് 43ാം ഓവറിന്റെ മൂന്നാം പന്തില്‍ ലിസാഡ് വില്ല്യംസ് എറിഞ്ഞ പന്തില്‍ കളിച്ച സഞ്ജു റീസാ ഹെന്‍ട്രിക്‌സിന് ക്യാച്ച് നല്‍കിയാണ് തന്റെ ഇന്നിങ്‌സ് അവസാനിച്ചത്.

മിഡ് ഓര്‍ഡറില്‍ ഇറങ്ങിയ റിങ്കു സിംങ് 27 പന്തില്‍ 38 റണ്‍സ് നേടിയിരുന്നു. കേശവ് മഹാരാജ് ആണ് റിങ്കുവിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും റിങ്കു നേടിയിരുന്നു. ശേഷം ഇറങ്ങിയ അക്‌സര്‍ പട്ടേല്‍ ഒരു റണ്ണിനു പുറത്തായപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ 14 റണ്‍സും നേടി. അര്‍ഷദീപ് സിങ് ഏഴ് റണ്‍സും ആവേഷ് ഖാന്‍ ഒരു റണ്‍സുമായി പുറത്താകാതെ അവസാനം വരെ പിടിച്ചുനിന്നു.

നിലവില്‍ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇരുവരും ഓരോ വിജയം നേടിയിട്ടുണ്ട്. ഈ മത്സരത്തിലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കക്കെതിരെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിക്കും.

Content Highlight: Sanju Score His First career century