കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി-20 യില്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്ന സഞ്ജു സാംസണെ പിന്തുണച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. സഞ്ജു അടക്കമുള്ള യുവതാരങ്ങളെ എഴുതിത്തള്ളരുതെന്ന് ദ്രാവിഡ് പറഞ്ഞു.
‘ബാറ്റ് ചെയ്യാന്‍ ഒട്ടും എളുപ്പമുള്ള പിച്ചായിരുന്നില്ല അത്. ഏകദിനത്തില്‍ അവന് (സഞ്ജു) ഒരു അവസരം ലഭിച്ചു. 46 റണ്‍സും നേടി. ആദ്യ ടി-20 യിലും തരക്കേടില്ലാതെ ബാറ്റ് ചെയ്തു. അവസാന രണ്ട് ടി-20 യിലും പിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു,’ ദ്രാവിഡ് പറഞ്ഞു.
ടി-20 പരമ്പരയിലെ പ്രകടനം നിരാശപ്പെടുത്തുന്നത് തന്നെയായിരുന്നു. പക്ഷെ സഞ്ജുവെന്നല്ല, ഈ ടീമിലെ എല്ലാവരും നല്ല പ്രതിഭയുള്ളവരാണെന്നും ദ്രാവിഡ് പറഞ്ഞു. അവര്‍ക്കൊപ്പം ക്ഷമയോടെ നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ലഭിച്ചാല്‍ മാത്രമെ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനാകൂയെന്നും ദ്രാവിഡ് പറഞ്ഞു.