ആ സമയത്ത് ഗൗതം ഭായിയും സൂര്യയും എന്നോട് ഒരുപാട് സംസാരിച്ചു, അതാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്: സഞ്ജു
Sports News
ആ സമയത്ത് ഗൗതം ഭായിയും സൂര്യയും എന്നോട് ഒരുപാട് സംസാരിച്ചു, അതാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്: സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th November 2024, 7:58 pm

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 141ന് പുറത്തായി. മത്സരത്തില്‍ 61 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുമ്പിലെത്തുകയും ചെയ്തു.

മത്സരത്തില്‍ 50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. ഏഴ് ഫോറും പത്ത് സിക്‌സറും അടക്കം 214.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടവും സഞ്ജു സ്വന്തമാക്കി.

മത്സര ശേഷം സഞ്ജു സംസാരിച്ചിരുന്നു. തന്റെ മോശം സമയത്ത് തന്നെ പിന്തുണച്ചവരെക്കുറിച്ചും തനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതിനെക്കുറിച്ചുമാണ് സഞ്ജു സംസാരിച്ചത്.

സഞ്ജു സാംസണ്‍ പറഞ്ഞത്

‘സൂര്യകുമാര്‍ യാദവിനെപ്പോലെ സപ്പോര്‍ട്ടീവായിട്ടുള്ള ഒരു ക്യാപ്റ്റനും ഗൗതം ഭായ്, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരെപ്പോലെയുള്ളവരും നിങ്ങള്‍ക്കുണ്ടെങ്കില്‍ പേടിക്കേണ്ടതില്ല. തോല്‍വിയിലും അവര്‍ നിങ്ങളെ പിന്തുണയ്ക്കും. അവര്‍ നിങ്ങളോട് എങ്ങനെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് എന്നത് വളരെ പ്രധാനമാണ്. ഒരു നെഗറ്റീവ് ഘട്ടത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോകുന്നതെങ്കില്‍ പിന്തുണ ലഭിച്ചിട്ടില്ലെങ്കില്‍ ആ താരത്തെ നഷ്ടപ്പെട്ടുപോകും,’ സഞ്ജു പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ശേഷവും സഞ്ജുവിന് ചില മത്സരങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ തിരിച്ചുവരവിന് വേണ്ടി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും നല്‍കിയ അഡ്‌വൈസിനെക്കുറിച്ചും സഞ്ജു സംസാരിച്ചു.

‘ആ സമയത്ത് ഗൗതം ഭായും സൂര്യയും എന്നെ ഒരുപാട് തവണ വിളിച്ചു സംസാരിച്ചിരുന്നു. ഞാന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് അവര്‍ പറഞ്ഞു. നിങ്ങളുടെ സ്പിന്‍ അല്പം മോശമാണെന്നും നിങ്ങള്‍ കേരളത്തിലെ എല്ലാ സ്പിന്നര്‍മാരെയും കൊണ്ടുവന്ന് പരുക്കന്‍ പിച്ചുകളില്‍ കഠിനമായി പരിശീലിക്കണമെന്നും പറഞ്ഞു.

നിങ്ങള്‍ നിരന്തരം പൂജ്യം റണ്‍സിന് പുറത്താകുമ്പോള്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നിങ്ങളെ വിളിച്ചു അങ്ങനെ സംസാരിക്കണമെങ്കില്‍ ക്യാപ്റ്റന്‍ നിങ്ങളെ എത്രത്തോളം വിശ്വസിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. അതാണ് നിങ്ങളുടെ ആത്മവിശ്വാസം,’ സഞ്ജു കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Sanju Samson Talking About Suryakumar Yadav And Gautham Gambhir