ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ വിജയിച്ച് കെ.എല്‍. രാഹുലും സംഘവും പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് ഇന്ത്യ വിജയിച്ചത്.
നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ 45.5 ഓവറില്‍ 218ന് ഓള്‍ ഔട്ടാവുകയായിരുന്നു.
സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കുയര്‍ന്നത്. 114 പന്തില്‍ 108 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. താരത്തിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയും ആദ്യ അന്താരാഷട്ര സെഞ്ച്വറിയുമാണിത്.
ഈ ടണ്‍ നേട്ടത്തിന് പിന്നാലെ പല നേട്ടങ്ങളും സഞ്ജുവിനെ തേടിയെത്തിയിരുന്നു. സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ സൗത്ത് ആഫ്രിക്കക്കെതിരെ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ എട്ടാമനായി ഇടം നേടിയാണ് സഞ്ജു ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
മൂന്ന് സെഞ്ച്വറിയുമായി മുന്‍ ഇന്ത്യന്‍ നായകനും മോഡേണ്‍ ഡേ ലെജന്‍ഡുമായ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പട്ടികയില്‍ സഞ്ജു സാംസണും സച്ചിനും അടക്കം ഏഴ് താരങ്ങള്‍ രണ്ടാം സ്ഥാനം പങ്കിടുകയാണ്.
സൗത്ത് ആഫ്രിക്കയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം
ഇതിന് പുറമെ വിരാട് കോഹ്‌ലിക്കൊപ്പം മറ്റൊരു നേട്ടവും വിരാട് സ്വന്തമാക്കി. സൗത്ത് ആഫ്രിക്കയില്‍ സൗത്ത് ആഫ്രിക്കക്കിതിരെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി സെഞ്ച്വറി നേടിയ രണ്ടാമത് താരം എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. വിരാടിനും സഞ്ജുവിനും പുറമെ മറ്റൊരു ഇന്ത്യന്‍ താരത്തിനും ഈ നേട്ടം അവകാശപ്പെടാന്‍ സാധിക്കില്ല.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഏകദിനത്തില്‍ 500 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനും സഞ്ജുവിന് സാധിച്ചിരുന്നു. 50+ ശരാശരിയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് മാത്രം ഇന്ത്യന്‍ താരമാണ് സഞ്ജു. വിരാട് കോഹ്‌ലി, എം.എസ്. ധോണി, ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
അതേസമയം, ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ലിമിറ്റഡ് ഓവര്‍ സീരീസുകള്‍ അവസാനിച്ചിരിക്കുകയാണ്. ആദ്യ നടന്ന ടി-20 പരമ്പര 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.