ശ്രീലങ്കയുമായുള്ള ആദ്യ ടി-20യില്‍ പരാജയത്തിന്റെ വക്കില്‍ നിന്നും കഷ്ടിച്ചാണ് ഇന്ത്യ രക്ഷപ്പെട്ടത്. ശ്രീലങ്കക്കെതിരെ ഇനിയുള്ള മത്സരങ്ങളില്‍ കൂടുതല്‍ ശക്തമായ വെല്ലുവിളിയാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നാട്ടില്‍ വെച്ച് ലങ്കയെ മൂന്ന് ടി-20 പരമ്പരയില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായിരിക്കുമെന്നാണ് കഴിഞ്ഞ മത്സരം സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ ടി-20യില്‍ ടീം ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ അവസരം ലഭിച്ച സഞ്ജു നാലാമനായി പവര്‍പ്ലേയില്‍ ക്രീസിലെത്തിയിരുന്നു. എന്നാല്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു. നല്ലൊരു സ്‌കോര്‍ നേടാനും ടീമില്‍ തുടരാനുമുള്ള അവസരമാണ് സഞ്ജു നഷ്ടമാക്കിയത്.
തുടര്‍ന്ന് ഫീല്‍ഡിങില്‍ പവര്‍പ്ലേയില്‍ ഹര്‍ദിക് ബൗള്‍ ചെയ്യവെ ഒരു ക്യാച്ചും സഞ്ജു പാഴാക്കിയിരുന്നു. ശേഷം സിംഗിള്‍ മാത്രം ലഭിക്കേണ്ടയിടത്ത് ഫീല്‍ഡിങില്‍ അദ്ദേഹത്തിന്റെ പിഴവ് കാരണം ലങ്കക്ക് ബൗണ്ടറിയും ലഭിച്ചു.
ദേശീയ ടീമിലെ അവസരം മുതലെടുക്കുന്നതില്‍ പരാജയമായതോടെ സഞ്ജുവിനെതിരെ പരിഹാസവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. എത്ര
കിട്ടിയാലും പഠിക്കാത്ത താരമാണ് സഞ്ജുവെന്നും തേടി വരുന്ന അവസരങ്ങള്‍ വേണ്ടപോലെ വിനിയോഗിക്കാതെ പുറത്തേക്കുള്ള വഴി സ്വയം തെരഞ്ഞെടുക്കുകയാണെന്നും താരത്തിനെതിരെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഫീല്‍ഡിലെ മോശം പ്രകടനത്തിലും സഞ്ജുവിന് ട്രോളുകളുണ്ടായി.
മുതിര്‍ന്ന കളിക്കാര്‍ പലരും ഈ രീതിയില്‍ പുറത്താകാറുണ്ടെന്നും റിഷബ് പന്ത് ഉള്‍പ്പെടെയുള്ള ബാറ്റര്‍മാര്‍ തുടരെ പുറത്തായാലും സഞ്ജുവിന് മാത്രമാണ് കുറ്റപ്പെടുത്തലുകളെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
സഞ്ജുവിനെ പുറത്തിരുത്തുന്നതില്‍ സെലക്ടര്‍മാര്‍ക്ക് ന്യായീകരിക്കാന്‍ ഒരു അവസരം ലഭിച്ചിരിക്കുകയാണെന്നാണ് ആരാധകരില്‍ ചിലര്‍ പറഞ്ഞത്. ഒന്നോ രണ്ടോ ഇന്നിങ്സുകളില്‍ മോശം പ്രകടനം നടത്തിയാലുടന്‍ സഞ്ജുവിനെ പുറത്താക്കുകയും മറ്റ് കളിക്കാര്‍ക്ക് മികവുകാട്ടാന്‍ കൂടുതല്‍ അവസരം നല്‍കുകയും ചെയ്യുന്നത് പതിവാണ്.
ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ശേഷിക്കുന്ന രണ്ടു കളികള്‍ സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണായകമാകും.
വിക്കറ്റ് കീപ്പിങ് ചുമതല ഇഷാന്‍ കിഷന് നല്‍കിയതിനാല്‍ സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് സഞ്ജു ടീമിലേക്കു വന്നത്. അടുത്ത മാച്ചില്‍ നാലാം നമ്പര്‍ തന്നെ സഞ്ജുവിന് ലഭിച്ചേക്കില്ല. ദീപക് ഹൂഡയെ ഈ പൊസിഷനിലേക്കു പ്രൊമോട്ട് ചെയ്ത് സഞ്ജുവിന് ഫിനിഷിങ് ദൗത്യം നല്‍കിയേക്കും.