Cricket
മലയാളി പൊളിയാടാ...ഗില്ലിയെയും കടത്തിവെട്ടി സഞ്ജുവിന്റെ കുതിപ്പ്; ചരിത്രത്തിൽ ഒന്നാമൻ സാംസൺ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 11, 08:17 am
Thursday, 11th April 2024, 1:47 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് മൂന്ന് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് സീസണിലെ തങ്ങളുടെ ആദ്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

റിയാന്‍ പരാഗിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് രാജസ്ഥാന്‍ കൂറ്റന്‍ ടോട്ടല്‍ നേടിയത്. 48 പന്തില്‍ 76 റണ്‍സാണ് പരാഗ് നേടിയത്. മൂന്ന് ഫോറുകളും അഞ്ച് സിക്സുകളുമാണ് പരാഗ് നേടിയത്.

38 പന്തില്‍ പുറത്താവാതെ 68 റണ്‍സ് നേടികൊണ്ടായിരുന്നു സഞ്ജു കരുത്തുകാട്ടിയത്. 178.95 പ്രഹരശേഷിയില്‍ ഏഴ് ഫോറുകളും രണ്ട് സിക്സുകളുമാണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ബാറ്റിങ്ങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങ്ങിലും മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിനെയാണ് സഞ്ജു സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്. 44 പന്തില്‍ 77 റണ്‍സ് നേടിയ ഗില്ലിനെ മത്സരത്തിന്റെ പതിനഞ്ചാം ഓവര്‍ എറിഞ്ഞ യുസ്വേന്ദ്ര ചഹലിന്റെ രണ്ടാം പന്തില്‍ ആയിരുന്നു സഞ്ജു പുറത്താക്കിയത്. പിന്നാലെ ഒരു അവിസ്മരണിയമായ നേട്ടമാണ് മലയാളി സൂപ്പര്‍ താരത്തെ തേടിയെത്തിയത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു മത്സരത്തില്‍ 50+ റണ്‍സും സ്റ്റംപിങ്ങും ചെയ്യുന്ന താരം എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. നാല് തവണയാണ് രാജസ്ഥാന്‍ നായകന്‍ 50+ റണ്‍സും സ്റ്റംപിങ്ങും നേടുന്നത്.

രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് ആണ് സഞ്ജുവിന് പുറകില്‍ ഉള്ളത്. ഇന്ത്യന്‍ ഇതിഹാസനായകന്‍ എം.എസ് ധോണിയും ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സങ്കക്കാരയും ഈ നേട്ടം ഒരു തവണയും നേടിയിട്ടുണ്ട്.

അതേസമയം ഗുജറാത്ത് ബാറ്റിങ്ങില്‍ നായകന്‍ ശുഭ്മന്‍ ഗില്‍ 44 പന്തില്‍ 72 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും രണ്ട് സിക്‌സുകളും ആണ് ഗില്‍ നേടിയത്. സായ് സുദര്‍ശന്‍ 29 പന്തില്‍ 35 റണ്‍സും നേടി.

അവസാന ഓവറുകളില്‍ ഇറങ്ങി തകര്‍ത്തടിച്ച അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ ആണ് ഗുജറാത്തിന് ആവേശകരമായ വിജയം നേടിക്കൊടുത്തത്. 11 പന്തില്‍ 24 റണ്‍സായിരുന്നു താരം നേടിയത്.

രാജസ്ഥാന്‍ ബൗളിങ്ങില്‍ കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റും യൂസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റും ആവേശ് ഒരു വിക്കറ്റും നേടി.

ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്നും മൂന്നു വീതം ജയവും തോല്‍വിയും അടക്കം ആറ് പോയിന്റോടെ ആറാം സ്ഥാനത്താണ് ഗുജറാത്ത്. മറുഭാഗത്ത് തോറ്റെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും അടക്കം എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് സഞ്ജുവും കൂട്ടരും.

ഏപ്രില്‍ 13ന് പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാതവീന്ദ്ര സിങ് സ്റ്റേഡിയമാണ് വേദി. മറുഭാഗത്ത് ഏപ്രില്‍ 17ന് ദല്‍ഹി ക്യാപ്പിറ്റല്‍സ് ആണ് ഗുജറാത്തിന്റെ എതിരാളികള്‍. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Sanju Samson record Achievement in IPL