Sports News
രണ്ടാം ടി-20യില്‍ സഞ്ജുവിന് സാധ്യതയേറുന്നു; പ്രിയപ്പെട്ട പൊസിഷനില്‍ തന്നെ ഇറങ്ങിയേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 01, 01:48 pm
Monday, 1st August 2022, 7:18 pm

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യതയേറുന്നു. ശ്രേയസ് അയ്യരിന് പകരക്കാരനായിട്ടായിരിക്കും സഞ്ജു ടീമിലെത്തുക.

കഴിഞ്ഞ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ അമ്പേ പരാജയപ്പെട്ടിരുന്നു. വണ്‍ ഡൗണായിറങ്ങിയ അയ്യര്‍ നാല് പന്ത് നേരിട്ട അയ്യര്‍ ഒറ്റ റണ്‍സ് പോലും എടുക്കാതെയാണ് മടങ്ങിയത്.

അയ്യരിന്റെ മോശം പ്രകടനം ക്രിക്കറ്റ് അനലിസ്റ്റുകള്‍ക്കിടയിലും മുന്‍ താരങ്ങള്‍ക്കിടിയിലും വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഫാസ്റ്റ് ബൗളേഴ്‌സിനെതിരെ മോശം റെക്കോഡ് തുടരുന്ന ശ്രേയസ് അയ്യരിനെ ടി-20 ഫോര്‍മാറ്റില്‍ കളിപ്പിക്കേണ്ടതുണ്ടോ എന്നുപോലും മുന്‍ താരങ്ങള്‍ ചോദിച്ചിരുന്നു.

ഫാസ്റ്റ് ബൗളിങ്ങിന് പേരുകേട്ട വിന്‍ഡീസ് നിരയ്‌ക്കെതിരെ അയ്യര്‍ വീണ്ടും പരാജയമായേക്കാം എന്നും അവര്‍ നിരീക്ഷിച്ചിരുന്നു.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ എന്നിവരുണ്ടായിട്ടും അയ്യരെ ടീമിലെടുത്തതിന് മുന്‍ സെലക്ടര്‍കൂടിയായ വെങ്കിടേഷ് പ്രസാദ് രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്.

ഈ സാഹചര്യത്തിലാണ് സഞ്ജുവിന് കളിക്കാന്‍ അവസരമൊരുങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ പരാജയപ്പെട്ട, സഞ്ജുവിന്റെ പ്രിയപ്പെട്ട വണ്‍ ഡൗണ്‍ പൊസിഷനില്‍ തന്നെയാവും താരത്തെ കളിപ്പിക്കാന്‍ സാധ്യത.

ലോകകപ്പിന് മുന്നോടിയായി മികച്ച സ്‌ക്വാഡിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഓപ്പണിങ്ങിലും മധ്യനിരയിലും താരങ്ങളുടെ അതിപ്രസരമുള്ള ഇന്ത്യ മികച്ച ടീമിനെ തന്നെയാണ് ഉന്നം വെക്കുന്നത്.

ട്രയല്‍ ആന്‍ഡ് എറര്‍ മെത്തേഡ് പിന്തുടരുന്ന ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിരുമെന്നും ഉറപ്പാണ്.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് സാധ്യത ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്

അതേസമയം, ഇന്ത്യ ആദ്യ മത്സരം വിജയിച്ചിരുന്നു. 68 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യയ്ക്കായി.

വെര്‍ണര്‍ പാര്‍ക്കില്‍ വെച്ചാണ് രണ്ടാം മത്സരം. ഇന്ത്യന്‍ സമയം രാത്രി 10നാണ് കളി ആരംഭിക്കുന്നത്.

 

Content Highlight: Sanju Samson may be included in the playing eleven for the second T20I between India and West Indies