ഇന്ത്യൻ സൂപ്പർതാരത്തിന് പകരക്കാരൻ സഞ്ജു സാംസൺ; വമ്പൻ പോരിനൊരുങ്ങി മലയാളി താരം
Cricket
ഇന്ത്യൻ സൂപ്പർതാരത്തിന് പകരക്കാരൻ സഞ്ജു സാംസൺ; വമ്പൻ പോരിനൊരുങ്ങി മലയാളി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th September 2024, 10:46 am

പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ദുലീപ് ട്രോഫിയില്‍ നിന്നും പുറത്തായിരുന്നു. ഇപ്പോള്‍ ഇഷാന് പകരക്കാരനായി മലയാളി സൂപ്പര്‍താരം സഞ്ജു സംസണിനെ ദുലീപ് ട്രോഫിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമില്‍ ആയിരിക്കും സഞ്ജു കളിക്കുക.

ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്നുമാണ് ഇഷാന്‍ പുറത്തായത്. ഇതിനു പിന്നാലെയാണ് മലയാളി സൂപ്പര്‍താരത്തിന് ദുലീപ് ട്രോഫിയുടെ ഭാഗമാവാന്‍ സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ സിയെയാണ് ശ്രേയസും കൂട്ടരും നേരിടുക.

കഴിഞ്ഞ ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയിലെ രണ്ടു മത്സരത്തില്‍ സഞ്ജു ഇറങ്ങിയിരുന്നു. എന്നാല്‍ ഈ രണ്ടു മത്സരങ്ങളിലും നിരാശാജനകമായ പ്രകടനമായിരുന്നു മലയാളി താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ശ്രീലങ്കക്കെതിരെ രണ്ട് മത്സരങ്ങളിലും പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ഇതിനുശേഷം നടന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് തിരിച്ചുവരാനായിരിക്കും മലയാളി സൂപ്പര്‍താരം ലക്ഷ്യം വെക്കുക.

ഇഷാന് പുറമെ മറ്റ് ചില പ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലാണ്. പേസര്‍ പ്രസിദ് കൃഷ്ണയാണ് പരിക്ക് പറ്റിയ ഒരു താരം. ഇതിന് പിന്നാലെ താരത്തിന് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരം നഷ്ടമാവും.

മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവരും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. സിറാജിന് പകരം നവ്ദീപ് സൈനിയും ഉമ്രാന് പകരം ഗൗരവ് യാദവും ദുലീപ് ട്രോഫിയില്‍ ഇടം നേടി.

ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും പരിക്ക് പറ്റിയിരുന്നു. ബുച്ചി ബാബു ടൂര്‍ണമെന്റിലെ മത്സരത്തിനിടെയാണ് സൂര്യയ്ക്ക് പരിക്കുപറ്റിയത്. കോയമ്പത്തൂരില്‍ വെച്ച് നടന്ന തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇലവനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടയാണ് സൂര്യക്ക് പരിക്കുപറ്റിയത്.

ദുലീപ് ട്രോഫി കഴിഞ്ഞാല്‍ ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ് ഇന്ത്യയുടെ മുന്നിലുള്ളത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യും അടങ്ങുന്നതാണ് പരമ്പര. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുക. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലും നടക്കും.

 

Content Highlight: Sanju Samson Include Duleep Trophy For The Replacement of Ishan Kishan