അടിച്ചുമേേോനേ....ബംഗ്ലാദേശിനെതിരെ സെഞ്ച്വറി റെക്കോഡുമായി സഞ്ജു സാംസണ്‍!
Sports News
അടിച്ചുമേേോനേ....ബംഗ്ലാദേശിനെതിരെ സെഞ്ച്വറി റെക്കോഡുമായി സഞ്ജു സാംസണ്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th October 2024, 8:43 pm

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നിലവില്‍ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ഓപ്പണിങ്ങിന് ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. നിലവില്‍ 17 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് ഇന്ത്യ നേടിയത്.

സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താനും കിടിലന്‍ സെഞ്ച്വറി നേടാനും സാധിച്ചു. രണ്ടാം ഓവറിനായി എത്തിയ ബംഗ്ലാദേശ് ബൗളര്‍ തസ്‌കിന്‍ അഹമ്മദിന്റെ അവസാന നാല് പന്തില്‍ തലങ്ങും വിലങ്ങും തുടര്‍ച്ചയായി ഫോര്‍ അടിച്ച് സഞ്ജു തുടങ്ങിയത്.

പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറില്‍ അഞ്ച് സിക്സര്‍ തുടര്‍ച്ചയായി അടിച്ച് താണ്ഡവമാടി കലിപ്പ് തീര്‍ക്കുകയായിരുന്നു സഞ്ജു. ടി-20യിലെ വമ്പന്‍ തിരിച്ചുവരവാണ് സഞ്ജു നടത്തിയത്. 47 പന്തില്‍ നിന്ന് 11 ഫോറും 8 സിക്സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. 40ാം പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. ശേഷം മുഫ്തഫിസൂറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം.

ഇതോടെ ഒ രു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടാനാണ് സഞ്ജുവിന് സാധിച്ചത്.

ടി-20യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍

സഞ്ജു സാംസണ്‍ – 111

ഇഷാന്‍ കിഷന്‍ – 89

റിഷബ് പന്ത് – 65*

ഇഷാന്‍ കിഷന്‍ – 58

സഞ്ജു സാംസണ്‍ – 58

മത്സരത്തിലെ മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ നാല് റണ്‍സിന് തന്‍സിം ഹസന്റെ ഇരയായപ്പോള്‍ ശേഷം ഇറങ്ങിയ സൂര്യയും ഇടിവെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ 35 പന്തില്‍ 5 സിക്സും 8 ഫോറും ഉള്‍പ്പെടെ 75 റണ്‍സ് നേടിയാണ് സൂര്യ മടങ്ങിയത്. നിലവില്‍ 7 പന്തില്‍ 24 റണ്‍സുമായി റിയാന്‍ പരാഗും 8 പന്തില്‍ 23 റണ്‍സുമായി ഹര്‍ദിക്കുമാണ് ക്രീസിലുള്ളത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്,  ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, വരുണ്‍ ചക്രവകര്‍ത്തി,  മായങ്ക് യാദവ്.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

പര്‍വേസ് ഹൊസൈന്‍ എമോണ്‍, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍),തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള,  റിഷാദ് ഹൊസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, താസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ സാക്കിബ്, മുസ്തഫിസുര്‍ റഹ്‌മാന്‍

Content Highlight: sanju samson in century against Bangladesh