ഷെയ്ന്‍ വോണിനെയും മറികടന്ന് സഞ്ജുവിന്റെ കുതിപ്പ്; ചരിത്രനേട്ടത്തില്‍ രാജസ്ഥാന്‍ നായകന്‍
Cricket
ഷെയ്ന്‍ വോണിനെയും മറികടന്ന് സഞ്ജുവിന്റെ കുതിപ്പ്; ചരിത്രനേട്ടത്തില്‍ രാജസ്ഥാന്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th May 2024, 2:14 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റുകള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു. സീസണിലെ രാജസ്ഥാന്റെ നാലാം തോല്‍വിയായിരുന്നു ഇത്.

ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.2 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഒരു ചരിത്രനേട്ടമാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവും കൂടുതല്‍ മത്സരത്തില്‍ നയിച്ച ക്യാപ്റ്റനെന്ന റെക്കോഡാണ് സഞ്ജു സ്വന്തം പേരില്‍കുറിച്ചത്. 57 മത്സരങ്ങളിലാണ് രാജസ്ഥാനെ സഞ്ജു ക്യാപ്റ്റന്‍ എന്ന നിലയില്‍ നയിച്ചത്. 56 മത്സരങ്ങള്‍ രാജസ്ഥാനെ നയിച്ച ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണിന്റെ റെക്കോഡ് തകര്‍ത്താണ് സഞ്ജുവിന്റെ മുന്നേറ്റം.

 

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം മത്സരത്തില്‍ നയിച്ച ക്യാപ്റ്റന്‍മാര്‍

(താരം – മത്സരം എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍-57*

ഷെയ്ന്‍ വോണ്‍ – 56

രാഹുല്‍ ദ്രാവിഡ് – 40

സ്റ്റീവ് സ്മിത് – 27

അജിന്‍ക്യ രഹാനെ – 24

ഷെയ്ന്‍ വാട്സണ്‍ – 21

മത്സരം പരാജയപ്പെട്ടെങ്കിലും 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയത്തോടെ 16 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെയാണ് രാജസ്ഥാന്‍. മെയ് 15ന് പഞ്ചാബ് കിങ്‌സിനെതിരെയും മെയ് 19ന് കൊല്‍ക്കത്ത നൈറ്റ് റൈഡേസിനെതിരെയും ആണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരങ്ങള്‍.

Content Highlight: Sanju Samson create a new record in IPL