'സമൂഹത്തെ നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വലിയ കുറ്റവാളികളായാണ് സമൂഹം ഞങ്ങളെ നോക്കുന്നത്'; ആര്യന്‍ ഖാന് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകള്‍
ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം മാധ്യമങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്ത കേസായിരുന്നു ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ്. വിവാദമായ കേസില്‍ ഷാരൂഖ് ഖാനും മകന്‍ ആര്യന്‍ ഖാനും പങ്കുവെച്ച ആശങ്കകളും സങ്കടങ്ങളും തുറന്നുപറയുകയാണ് അന്വേഷണസംഘത്തിന്റെ തലവനും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ സഞ്ജയ് സിങ്.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ആര്യന്‍ ഖാന് കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. എന്നാല്‍ പൊതുവിചാരണകള്‍ കാരണം ആര്യന്‍ പലപ്പോഴും രാത്രികളില്‍ ഉറങ്ങാറില്ലെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞതെന്ന് സഞ്ജയ് സിങ് പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച സമയത്ത് ആദ്യമായി ആര്യനെ നേരില്‍ കണ്ടപ്പോള്‍ ഇത്രയും ദിവസത്തെ ജയില്‍ ശിക്ഷ താന്‍ അര്‍ഹിക്കുന്നുണ്ടോയെന്ന് ആര്യന്‍ ചോദിച്ചതായി സഞ്ജയ് പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സമൂഹത്തെ നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വലിയ കുറ്റവാളികളോ രാക്ഷസന്മാരോ ആയാണ് തന്നെയും കുടുംബത്തെയും സമൂഹം നോക്കികാണുന്നതെന്നായിരുന്നു ഷാറൂഖ് ഖാന്‍ പറഞ്ഞതെന്നും സഞ്ജയ് സിങ് പറഞ്ഞു.
ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി. ആര്യനൊപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഒക്ടോബര്‍ 20 ന് വീണ്ടും ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.
ഒക്ടോബര്‍ 28 നാണ് ലഹരിമരുന്നു കേസില്‍ ആര്യന്‍ ഖാനും മറ്റ് രണ്ട് പ്രതികള്‍ക്കും ജാമ്യം ലഭിച്ചത്. മയക്ക് മരുന്നു കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയ വാട്‌സാപ്പ് ചാറ്റ് പരിശോധിച്ചെങ്കിലും ആര്യന്‍ ഖാനും, അര്‍ബാസ് മെര്‍ച്ചന്റും, മൂണ്‍ മൂണ്‍ ധമേച്ചയ്ക്കുമെതിരായുള്ള തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് കോടതി പറഞ്ഞിരുന്നു.
എന്നാല്‍ എല്ലാ വെള്ളിയാഴ്ചയും എന്‍.സി.ബിക്ക് മുമ്പാകെ ഹാജരാകണം, ഏജന്‍സിയെ അറിയിക്കാതെ മുംബൈ വിടരുത്, പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചിരുന്നത്.
കഴിഞ്ഞ ദിവസം മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ക്ലീന് ചിറ്റ് നല്‍കിയതോടെ ആര്യന്‍ ഖാന്‍, അവിന്‍ സാഹു, കോര്‍ഡീലിയ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുടെ നാല് സംഘാടകര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ ഇല്ലാതാവും.
എന്‍.ഡി.പി.എസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം 14 പേര്‍ക്കെതിരെയാണ് പരാതിയുള്ളതെന്നും ബാക്കിയുള്ള ആറ് പേര്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ പരാതി ഫയല്‍ ചെയ്തിട്ടില്ലെന്നും എന്‍.സി.ബി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ സിംഗ് പറഞ്ഞു.
ആര്യനും മോഹക്കും ഒഴികെയുള്ള എല്ലാ പ്രതികളും മയക്കുമരുന്ന് കൈവശം വെച്ചതായി കണ്ടെത്തിയതായും സഞ്ജയ് കുമാര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Sanjay Singh speaks abour aryan khan and shahrukh khan regarding aryan’s case