2024ലെ ടി-ട്വന്റി ലോകകപ്പിന് ഇനി ആറുമാസത്തില്‍ താഴെ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ടോപ് ഓര്‍ഡര്‍ നിര്‍ണയിക്കുന്നതില്‍ മാനേജ്‌മെന്റ് ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍. 2022 നവംബറിന് ശേഷം ഇന്ത്യക്ക് വേണ്ടി ഒരു ടി-ട്വന്റി പോലും രോഹിത് ശര്‍മക്ക് കളിക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. എന്നാല്‍ ടി-ട്വന്റി ലോകകപ്പ് നായക സ്ഥാനത്തേക്ക് രോഹിത്തിനെ നിര്‍ദേശിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം ടി-ട്വന്റി ക്രിക്കറ്റിലെ രോഹിത് ശര്‍മയുടെ പ്രകടനത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍ ആശങ്ക ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. 2023 ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ മികച്ച ബാറ്റിങ് പ്രകടനവും ക്യാപ്റ്റന്‍സിയും പുറത്തെടുത്തിട്ടും ടി-ട്വന്റി ഫോര്‍മാറ്റിനെ പറ്റി നിലനില്‍ക്കുന്ന അനിശ്ചിതത്വം സഞ്ജയ് മഞ്ജരേക്കര്‍ ഊന്നി പറഞ്ഞു. ഈ ഫോര്‍മാറ്റില്‍ രോഹിത് ഒരു ചോദ്യചിഹ്നം ആണെന്നാണ് സഞ്ജയ് പറഞ്ഞത്.
2024 ഐ.പി.എല്‍ സീസണ്‍ മുന്നോടിയായി ഹര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്ക് ട്രേഡ് ചെയ്തിട്ടുണ്ടായിരുന്നു. ശേഷം ഹര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ ആയും തെരഞ്ഞെടുത്തിരുന്നു. ഇത് നാടകീയമായ ഒട്ടനവധി വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. സമീപകാലത്തുള്ള രോഹിത്തിന്റെ ടി-ട്വന്റി, ഐ.പി.എല്‍ മത്സരങ്ങളിലെ പ്രകടനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. രോഹിത്തിന്റെ ഉറച്ച ബാറ്റിങ് കഴിവുകള്‍ അംഗീകരിച്ചുകൊണ്ട് ഏറ്റവും കുറഞ്ഞ ഫോര്‍മാറ്റില്‍ അത് പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്നും ചര്‍ച്ചചെയ്തിരുന്നു.
വരാനിരിക്കുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിരയിലെ ബാറ്റിങ്ങില്‍ ഏക ആശ്രയമായി സൂര്യകുമാര്‍ യാദവിനെ ഉയര്‍ത്തിക്കാട്ടി സഞ്ജയ് തന്റെ സംശയം പ്രകടിപ്പിച്ചു. രോഹിത്തിനെ അപമാനിക്കുന്ന രീതിയിലായിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശം.
‘വന്‍ തുക നല്‍കുന്നതിനു മുമ്പുള്ള അതേ ഫോമാണ് ഇഷാന്‍ കിഷന് മുംബൈ ഇപ്പോഴും. ടിമ് ഡേവിഡ് ആണെങ്കില്‍ പൊള്ളാടിന്റെ വിടവ് നികത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും മികച്ച ഫോമിലുള്ള ഒരു പ്ലെയറെ നിങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വരും. അത് സൂര്യകുമാര്‍ യാദവാണ്,’ഹോട്ട് സ്റ്റാറിലെ ഒരു സംഭാഷണത്തില്‍ സഞ്ജയ് പറഞ്ഞു.
50 ഓവര്‍ ഫോര്‍മാറ്റില്‍ രോഹിത്തിന്റെ പ്രകടനങ്ങള്‍ക്ക് വലിയ പ്രശംസ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ടി ട്വന്റി ക്രിക്കറ്റ് വ്യത്യസ്തമായ വെല്ലുവിളി ആണെന്നും സഞ്ജയ് പറഞ്ഞു.
‘എന്നെ സമ്പന്ധിച്ചിടത്തോളം ഒരു ബാറ്റര്‍ എന്ന നിലയില്‍ രോഹിത് ശര്‍മ ഒരു ചോദ്യചിഹ്നമാണ്. 50 ഓവര്‍ ലോകകപ്പില്‍ കളിച്ച രീതിയല്ല ഇതില്‍,’സഞ്ജയ് പറഞ്ഞു.
2023 ഏകദിന ലോകകപ്പില്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത് മികച്ചു നിന്നിരുന്നു. മത്സരത്തിന്റെ ഓപ്പണിങ് തന്നെ എതിരാളികളെ ആക്രമിച്ച് കളിച്ച് താരം പവര്‍പ്ലെയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ആക്രമണ രീതിയില്‍ മികച്ച റണ്‍സും രോഹിത് നേടിയിട്ടുണ്ട്.
Content Highlight: Sanjay Manjrekar said that Rohit is a question mark in T20