ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 36.5 ഓവറില്‍ 176 റണ്‍സിനാണ് പ്രോട്ടിയാസ് രണ്ടാം ഇന്നിങ്‌സില്‍ നിലം പതിച്ചത്. ഇതോടെ 78 റണ്‍സിന്റെ ലീഡ് മാത്രമാണ് സൗത്ത് ആഫ്രിക്കക്ക് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ മുന്‍ ഇന്ത്യന്‍ ബാറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ അദ്ദേഹത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. 100 ടെസ്റ്റ് മത്സരം കളിച്ചതിന് ശേഷം ഒരു സീനിയര്‍ ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കുകയായിരുന്നു സഞ്ജയ്.
‘അദ്ദേഹത്തിന് ഇപ്പോള്‍ വ്യക്തമായ ചിന്താഗതി ഉണ്ടെന്ന് തോന്നുന്നു. സൗത്ത് ആഫ്രിക്കയിലെ മുന്‍പരമ്പരയില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 34 ആണെന്ന് ഞാന്‍ പലപ്പോഴും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നേതൃത്വത്തിന്റെ ഭാരമില്ലാതെ തന്റെ ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വ്യക്തമായ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അവന്‍ ഇപ്പോള്‍ വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കുന്നു. അവന്റെ എല്ലാം നീക്കങ്ങളും കണക്കുകൂട്ടിയാണ്. ബുദ്ധിമുട്ടില്ലാതെ സ്‌കോര്‍ ചെയ്യാമെന്ന് ഉറപ്പാക്കുകയാണ് അവന്‍. അവനോടുള്ള എന്റെ ബഹുമാനം ഇപ്പോള്‍ ഒരുപാട് വളര്‍ന്നു. പ്രത്യേകിച്ച് അവന്റെ 100 ടെസ്റ്റ് മത്സരത്തിനു ശേഷം,’അദ്ദേഹം പറഞ്ഞു.
നിലവിലെ ടെസ്റ്റ് പരമ്പരയില്‍ 53.33 എന്ന് മികച്ച ശരാശരിയില്‍ മൂന്ന് ഇന്നിങ്‌സുകളിലായി 172 റണ്‍സ് ആണ് താരം നേടിയത്. വെല്ലുവിളികള്‍ നിറഞ്ഞ സൗത്ത് ആഫ്രിക്കന്‍ പിച്ചില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇതോടെ കോഹ്ലിയുടെ സംഭാവനകള്‍ വിശകലനം ചെയ്തുകൊണ്ട് സഞ്ജയ് ഇ.എസ്.പി ക്രിക്ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു.
സൗത്ത് ആഫ്രിക്കക്കെതിരെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് വിരാട് 38,76,46 എന്നിങ്ങനെയാണ് റണ്‍സ് നേടിയത്. ഇത് ടീമിന്റെ വിജയത്തിന്റെ സുപ്രധാനമായ ഒരു ഘടകം കൂടിയായിരുന്നു.