Entertainment
എത്ര ജന്മം കഴിഞ്ഞാലും മറക്കാനാവാത്ത സിനിമ; കുട്ടിയായി അഭിനയിച്ച എന്നെ ലാല്‍ സാറിന് ഓര്‍മയുണ്ടാവുമോയെന്ന് അറിയില്ല: സംഗീത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 22, 03:20 pm
Saturday, 22nd February 2025, 8:50 pm

തൊണ്ണൂറുകളില്‍ തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് സംഗീത. മലയാളത്തില്‍ മമ്മൂട്ടി, ശ്രീനിവാസന്‍, ജയറാം, തുടങ്ങിയ മികച്ച താരങ്ങളോടൊപ്പം അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ‘ചിന്താവിഷ്ടയായ ശ്യാമള’ സംഗീതയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു. ശ്രീനിവാസനായിരുന്നു ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

ചിന്താവിഷ്ടയായ ശ്യാമളയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് സംഗീതക്ക് ലഭിച്ചിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1992ല്‍ റിലീസായ നാടോടി എന്ന ചിത്രത്തിലൂടെയാണ് സംഗീത മലയാളത്തില്‍ എത്തിയത്. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍.

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംസാരിക്കുകയാണ് സംഗീത. ചിന്താവിഷ്ടയായ ശ്യാമളയിലേക്ക് മോഹന്‍ലാലാണ് തന്റെ പേര് നിര്‍ദേശിച്ചതെന്ന് കേട്ടിട്ടുണ്ടെന്നും എന്നാല്‍ അതിന്റെ സത്യാവസ്ഥ തനിക്കറിയില്ലെന്നും സംഗീത പറയുന്നു.

മോഹന്‍ലാലിനൊപ്പം നാടോടി എന്ന ചിത്രത്തിലാണ് അഭിനയിച്ചിട്ടുള്ളതെന്നും അന്ന് ഒമ്പതാം ക്ലാസില്‍ പഠിക്കുകയിരുന്നുവെന്നും അതും കഴിഞ്ഞ് നാലഞ്ച് വര്‍ഷം കഴിഞ്ഞാണ് ചിന്താവിഷ്ടയായ ശ്യാമള ചെയ്യുന്നതെന്നും സംഗീത പറഞ്ഞു. നാടോടിയില്‍ കുട്ടിയായി അഭിനയിച്ച തന്നെ മോഹന്‍ലാലിന് ഓര്‍മയുണ്ടാകുമോ എന്ന് അറിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

എത്ര ജന്മം കഴിഞ്ഞാലും മറക്കാനാവാത്ത സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമളയെന്നും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം കിട്ടിയത് കൊണ്ട് മാത്രമല്ല അതെന്നും ഇപ്പോഴും പലര്‍ക്കും താന്‍ ശ്യാമളയാണെന്നും സംഗീത പറഞ്ഞു.

‘ചിന്താവിഷ്ടയായ ശ്യാമളയിലേക്ക് മോഹന്‍ലാലാണ് എന്റെ പേര് നിര്‍ദേശിച്ചതെന്ന് കേട്ടു ഞാനും കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. ശ്രീനി സാറിനോട് അത് ചോദിക്കണം എന്ന് വിചാരിച്ചിരുന്നു.

ലാല്‍ സാറിനൊപ്പം നാടോടിയിലാണ് അഭിനയിച്ചത്. അന്ന് ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. പിന്നെയും നാലഞ്ചു വര്‍ഷം കഴിഞ്ഞാണ് ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിക്കുന്നത്. ഒരു കുട്ടിയായി അഭിനയിച്ച എന്നെ ലാല്‍ സാറിന് ഓര്‍മയുണ്ടാവുമോ എന്നെനിക്ക് അറിയില്ല.

എത്ര ജന്മം കഴിഞ്ഞാലും മറക്കാനാവാത്ത സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം കിട്ടിയത് കൊണ്ട് മാത്രമല്ല അത്. ഇപ്പോഴും പലര്‍ക്കും ഞാന്‍ ശ്യാമളയാണ്. സംഗീത എന്ന പേര് പോലും ഓര്‍ക്കില്ല. 19 വയസുള്ള എന്നെ രണ്ട് കുട്ടികളുടെ അമ്മയുടെ വേഷത്തില്‍ അഭിനയിപ്പിച്ചത് ശ്രീനി സാറാണ്. അദ്ദേഹം പറഞ്ഞത് അനുസരിച്ചു അതേ ഞാന്‍ ചെയ്തിട്ടുള്ളൂ,’ സംഗീത മാധവന്‍ പറയുന്നു.

Content highlight: Sangeetha talks about Chinthavishtayaya Shyamala movie