Entertainment news
കുണുവാവ എവിടെ? മറുപടിയുമായി അമൽ ഡേവിസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 06, 12:45 pm
Wednesday, 6th March 2024, 6:15 pm

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഒരു പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ് പ്രേമലു. ചിത്രത്തിൽ നെസ്‌ലെനും മമിതയ്ക്കും പുറമെ സംഗീതിന്റെ അമൽ ഡേവിസും പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട്. അമൽ ഡേവിസിന്റെ കാമുകിയായ കുണുവാവയും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. കുണുവാവ എവിടെ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംഗീത് പ്രതാപ്.

കുണുവാവ ഈ സിനിമയുടെ ട്രേഡ് മാർക്ക് ആണെന്നും തണ്ണീർമത്തൻ ദിനങ്ങളിലെ അംബികയെ പോലെയാണ് ഇതെന്നും സംഗീത് കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

 

‘കുണു വാവയും ഇവരുടെ ഒരു മാർക്കാണ്. തണ്ണീർമത്തൻ ദിനങ്ങളിൽ ഒരു അംബികയുണ്ടല്ലോ, അതുപോലെതന്നെയാണ് ഇതിലെ കുണുവാവയും. തിയേറ്റർ വിസിറ്റിന് പോയപ്പോൾ ബാക്കിൽ നിന്ന് കുണുവാവ എവിടെ എന്ന് ചോദിച്ചിരുന്നു,’ സംഗീത് പ്രതാപ് പറഞ്ഞു.

പ്രേമലു സിനിമയുടെ പ്രദർശനം തന്റെ നാട്ടിലെ തിയേറ്ററിൽ ഉണ്ടായിരുന്നില്ലെന്നും സംഗീത് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘എന്റെ വീടിന്റെ 100 മീറ്റർ അപ്പുറത്ത് ഒരു തിയേറ്ററുണ്ട്. എനിക്ക് തോന്നുന്നു എറണാകുളത്ത് ഉള്ളതിൽ വെച്ച് നല്ലൊരു തിയേറ്ററാണത്. കെ.സിനിമാസ് നല്ല തിയേറ്റർ ആണ്.ഇപ്പോൾ മൂന്ന് മണിയുടെ ഷോ ആണെങ്കിൽ 2 :59ന് സിനിമയ്ക്ക് പോകുന്ന ആളാണ്. കൃത്യമായിട്ട് പ്രേമലു മാത്രം അവിടെയില്ല. ഞങ്ങൾ മാക്സിമം ശ്രമിച്ചു നോക്കി.

ഇവിടെ നിന്നുള്ള ഡിസ്ട്രിബ്യൂഷൻ ഒക്കെ വിളിച്ചു നോക്കി. കാരണം നാട്ടിൽ എല്ലാവർക്കും അറിയാം ഞാൻ സിനിമയിൽ വർക്ക് ചെയ്യുന്നുണ്ടെന്ന്. ഇങ്ങനെ കുഞ്ഞുകുഞ്ഞ് പടങ്ങൾ അഭിനയിച്ചിട്ടുള്ളത് കൊണ്ട് സിനിമയിൽ വർക്ക് ചെയ്യുന്നതാണെന്ന് എല്ലാവർക്കും അറിയാം. ഹൃദയമൊക്കെ എല്ലാവർക്കും അറിയാമല്ലോ.

ഇത് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയാണ്. പടം ഭയങ്കര ഹിറ്റ് ആണല്ലോ എന്നിട്ടെന്താ ഇവിടെ ഇല്ലാത്തത് എന്ന്. ഞാനാണ് തിയേറ്ററിൽ കൊടുക്കുന്നത് എന്നാണ് ഇവരൊക്കെ വിചാരിച്ചിരിക്കുന്നത്. എന്നോടാണ് ചൂടായിക്കൊണ്ടിരിക്കുന്നത്. എന്താ ഇവിടെ ഇല്ലാത്തത് എന്ന് ചോദിക്കുകയാണ്,’ സംഗീത് പറഞ്ഞു.

Content Highlight: Sangeeth prathap about kunuvava