മോദിയുടെ ഗുഹാ ധ്യാനത്തെ ട്രോളി പോസ്റ്റിട്ടു; യുവതിക്ക് നേരെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്ന് സൈബര്‍ ആക്രമണം; നിയമനടപടികള്‍ക്കൊരുങ്ങി യുവതി
Cyber attack
മോദിയുടെ ഗുഹാ ധ്യാനത്തെ ട്രോളി പോസ്റ്റിട്ടു; യുവതിക്ക് നേരെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്ന് സൈബര്‍ ആക്രമണം; നിയമനടപടികള്‍ക്കൊരുങ്ങി യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2019, 4:25 pm

കോഴിക്കോട്: മോദിയുടെ ഗുഹാ ധ്യാനത്തെ ട്രോളി പോസ്റ്റിട്ട യുവതിക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. സംഘപരിവാറിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലേക്ക് യുവതിയുടെ പ്രൊഫൈല്‍ ലിങ്ക് ഷെയര്‍ ചെയ്താണ് സൈബര്‍ ആക്രമണം നടക്കുന്നത്.

അശ്ലീല കമന്റുകളും തെറിവിളികളുമായിട്ടാണ് പോസ്റ്റിനടിയില്‍ സംഘപരിവാര്‍ അനുകൂലികള്‍ ആക്രമണം നടത്തുന്നത്. കോഴിക്കോട് സ്വദേശിനിയായ ജിത പ്രഭാവതിക്ക് നേരെയാണ് സംഘികളുടെ തെറിവിളി.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാമറമാനെയും കൊണ്ടുള്ള ഗുഹാ ധ്യാനം കേദാര്‍നാഥില്‍ നടന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ഗുഹയില്‍ ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മോദിയെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ ധ്യാനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ‘മോദിജിക്കൊപ്പം’ എന്ന ഹാഷ് ടാഗില്‍ നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ജിദയും സമാനരുപത്തില്‍ ‘പൊഴ വക്കത്തു ഇരുന്ന് ഞാനും കസിനും ധ്യാനിക്കുന്നതിന് ഇടയ്ക്ക് പകര്‍ത്തിയ സെല്‍ഫി’ എന്ന അടികുറിപ്പോടെ .മോദിജിക്കൊപ്പം എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് സംഘപരിവാര്‍ ഗ്രൂപ്പിലേക്ക് ഈ പോസ്റ്റുകള്‍ സനല്‍ ബി നായര്‍, സംഘപുത്രന്‍ എന്നീ പ്രൊഫൈലുകള്‍ കാവിപ്പട, കാവികോട്ട തുടങ്ങി സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലേക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു.

സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജിത ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും തന്റെ പ്രൊഫൈലില്‍ ഇട്ട പോസ്റ്റ് സനല്‍ ബി നായര്‍ എന്ന പ്രൊഫൈല്‍ ആണ് ആദ്യം ഷെയര്‍ ചെയ്തതായി കണ്ടതെന്നും ജിത ഡൂള്‍ ന്യൂസിനോട് പറഞ്ഞു.