പത്രക്കാരോ ഇനി ലോകത്ത് സമാധാനം കൊണ്ടുവരിക | സനീഷ് ഇളയിടത്ത്
Media
പത്രക്കാരോ ഇനി ലോകത്ത് സമാധാനം കൊണ്ടുവരിക | സനീഷ് ഇളയിടത്ത്
സനീഷ് ഇളയിടത്ത്
Monday, 11th October 2021, 3:08 pm
റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദിമിത്രി മുറാട്ടോവ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കരസ്ഥമാക്കിയതിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് രാഷ്ട്രീയാധികാരവും മാധ്യമ സ്വാതന്ത്ര്യവും തമ്മില്‍ എങ്ങിനെയെല്ലാം ബന്ധപ്പെട്ടുകിടക്കുന്നുവെന്നത് വിശദീകരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ സനീഷ് ഇളയിടത്ത്‌

സമാധാന നൊബേല്‍ എന്തുകൊണ്ടാണ് പത്രക്കാരന് കൊടുക്കുന്നത്, എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് സമാധാനം ഉണ്ടാക്കാന്‍ പറ്റുന്നത്.

ഒന്ന്
നൊബേല്‍ വാര്‍ത്തയറിഞ്ഞ്, നൊവായ ഗസറ്റയുടെ സൈറ്റ് തുറന്ന് നോക്കി. റഷ്യന്‍ ഭാഷയിലാണ്. ഫിലിപ്പീന്‍സിലെ മരിയ റെസ്സെക്കൊപ്പം അവരുടെ എഡിറ്റര്‍ ദിമിത്രി മുറാട്ടോവ് നൊബേല്‍ കരസ്ഥമാക്കിയതിനെക്കുറിച്ച് രണ്ട് തലക്കെട്ടിലായുള്ള വാര്‍ത്തകളുണ്ട് മുന്‍പേജില്‍. അതില്‍ ഒന്നില്‍ മുറാട്ടോവിന് നൊബേല്‍ കിട്ടിയതിനെക്കുറിച്ച് അന്നാട്ടിലെ എഴുത്തുകാരും ബുദ്ധിജീവികളും രാഷ്ട്രീയക്കാരും നടത്തിയ പ്രതികരണങ്ങളാണ്. ഓരോന്നോരോന്നായി എടുത്ത് ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിലിട്ട് വായിച്ചു.

എലേന സ്‌കുല്‍സ്‌കായ എന്നൊരു എഴുത്തുകാരി എഴുതിയ ചെറിയൊരു കുറിപ്പില്‍ മറ്റൊരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ ക്വാട് ചെയ്ത് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. നൊവായ ഗസറ്റയുടെ ഒരു വാര്‍ഷിക പരിപാടിയില്‍ സെര്‍ജി യുര്‍സ്‌കി ഇങ്ങനെ പറഞ്ഞത്രേ. ചില രാവിലെകളില്‍ നമ്മള്‍ ഭയങ്കര മോശം മൂഡുമായി എണീക്കുന്നു. നല്ലതൊന്നും നമ്മളെ കാത്ത് നില്‍ക്കുന്നില്ല എന്ന് അങ്ങേയറ്റം ഗ്ലൂമിയായിട്ട്. അതേ മോശം മൂഡുമായി താഴേക്കിറങ്ങുന്നു, മെയില്‍ ബോക്സില്‍ നിന്ന് അന്നത്തെ പത്രം എടുക്കുന്നു. അന്നത്തെ നൊവായ ഗസറ്റ കയ്യിലെടുക്കുന്ന അന്നേരത്ത് പക്ഷെ പെട്ടെന്ന് മൂഡ് മാറുന്നു, പെട്ടെന്ന് ഓര്‍മ വരുന്നു, നമ്മളെപ്പോലെ തന്നെ ചിന്തിക്കുന്ന കുറേപേരുടെ കൂട്ടത്തിലാണ് നമ്മളിപ്പോഴുമെന്ന ഒരു കോമ്രേഡറീ ധൈര്യം വന്ന് നിറയുന്നു. എവിടുന്നോ ഒരുഷാറ് വന്ന് കേറുന്നു.

സെര്‍ജി യൂര്‍സ്‌കി പറയുകയാണ്. ഒപ്പമാളുണ്ടെന്ന ആ ബോധ്യം കിട്ടലാണ് അക്കൂട്ടര്‍ക്ക് നൊവായ ഗസറ്റ തരുന്നത് എന്ന്. ചെറിയ കാര്യമല്ല ഇത്. മോശം കാലത്തും സ്ഥലത്തും, നിങ്ങളുടെ ആശയങ്ങള്‍ക്ക് അക്രമോത്സുകമായി എതിര്‍ നില്‍ക്കുന്നവര്‍ അധികാരികളായിരിക്കുന്നിടത്ത്, പക്ഷെ നിങ്ങള്‍ ഒറ്റക്കല്ല എന്ന് ധൈര്യം തരുന്നൊരു ദൗത്യം ഒരു മാധ്യമം നിര്‍വ്വഹിക്കുന്നുണ്ടെങ്കില്‍ അത് അടിപൊളിയാണ്. റഷ്യയിലെ സ്വാതന്ത്ര്യവാദികളായ മനുഷ്യര്‍ക്കാകട്ടെ അത്തരം ഐക്യം അവരുടെ ജീവന്റെ വിലയുള്ള സംഗതിയാണ്. അങ്ങനെ സ്വതന്ത്രബുദ്ധികളുടെ ജീവിതത്തെ ആശാഭരിതമാക്കുന്ന സാന്നിധ്യമാണ് നൊവായ ഗസറ്റ എന്നാണ് വായിച്ച് പോകുമ്പോള്‍ നമുക്ക് കിട്ടുന്നൊരു ചിത്രം. ആ പത്രത്തിന്റെ എല്ലാമെല്ലാമാണ് ദിമിത്രി മുറാട്ടോവ്. അയാള്‍ക്കാണ് ഇത്തവണത്തെ സമാധാന നൊബേല്‍.

ദിമിത്രി മുറാട്ടോവ്

രണ്ട്

സമാധാന നൊബേലിന് കിട്ടിയ പണം കൊണ്ടുണ്ടായ സമാധാന നൊബേലാണ് ഇത്തവണത്തേത്. മിഖായേല്‍ ഗോര്‍ബച്ചേവ് അദ്ദേഹത്തിന് കിട്ടിയ സമാധാന നൊബേല്‍ പുരസ്‌കാരത്തുകയില്‍ കുറച്ച് കൊടുത്താണ് നൊവായ ഗസറ്റ ഉണ്ടാകുന്നത്. 1990 ഒക്ടോബര്‍ 15ന് അന്ന് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കിട്ടി. 14 മാസങ്ങള്‍ക്ക് ശേഷം 1991 ഡിസംബര്‍ 26ന് അദ്ദേഹം പ്രസിഡന്റായിരുന്ന സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. കമ്യൂണിസ്റ്റ് റഷ്യയുടെ തകര്‍ച്ചയ്ക്ക് സന്തോഷമായി അരുനിന്ന, അതിന് കാരണക്കാരനായ ഗോര്‍ബച്ചേവിനോട് മുതലാളിത്തലോക അധികാരികള്‍ക്ക് തോന്നിയ വാത്സല്യവും സ്നേഹവുമാണ് സമാധാന നൊബേലായി വന്നത് എന്ന് അന്നും ഇന്നും കാര്യങ്ങളറിയുന്നവര്‍ പറയും.

അനേക വര്‍ഷങ്ങളിലെ അശാന്തിയിലേക്കാണ് അന്നാട്ടിലെ ജനതയെ ആ യൂണിയന്റെ തകര്‍ച്ച എടുത്തെറിഞ്ഞത്. ഒറ്റ രാജ്യത്തെ പ്രജകളായി പുലര്‍ന്നിരുന്നവര്‍ ഇരുട്ടി വെളുക്കും മുമ്പ് പല രാജ്യ, വംശവാദികളായി മാറി പരസ്പരം തല്ലുകയും കൊല്ലുകയും ചെയ്തതിനെക്കുറിച്ച് മറ്റൊരു നൊബേല്‍ ജേതാവ് സ്വറ്റ്ലാന അലക്സിയേവിച്ച് എഴുതിയത് നമ്മള്‍ വായിച്ചിട്ടുണ്ട്. കമ്യൂണിസം തകര്‍ന്നാല്‍ പിന്നങ്ങോട്ട് സന്തോഷത്തിന്റെ വരവാണ് എന്ന് വിചാരിച്ചവര്‍ക്ക് മേല്‍ ദശാബ്ദങ്ങളുടെ അശാന്തി ചറപറാ കനത്തോടെ വീണത് കൂടെയാണ് പിന്നിങ്ങോട്ടുള്ള റഷ്യയുടെ ചരിത്രം.

സ്വറ്റ്ലാന അലക്സിയേവിച്ച്

ഗോര്‍ബച്ചേവിന് സമാധാന നൊബേല്‍ കിട്ടിയതിന് 14 മാസങ്ങള്‍ക്ക് ശേഷം സോവിയറ്റ് യൂണിയന്‍ വീണു. അസമാധാനത്തിന്റെ ആഘോഷവരവായി. തകര്‍ന്ന ശേഷമുള്ള റഷ്യയെ ബോറിസ് യെല്‍ത്സിന്‍ കുറച്ച് കാലം ഭരിച്ചു. ദയനീയമായിരുന്നു സാധാരണ ജനതയുടെ കാര്യം. പിന്നീട് യെല്‍ത്സിന്‍ തന്നെ വ്ലാദിമിര്‍ വ്ലാദിമിറോവിച്ച് പുടിനെ കൊണ്ട് വന്നു. അമര്‍ന്നിരുന്ന പുടിന്‍ പിന്നെ ഇരുന്നിടത്ത് നിന്നെണീറ്റില്ല. 1999 തൊട്ട് ഈ ദിവസം വരെ 22 വര്‍ഷമായി പുടിനാണ് റഷ്യ ഭരിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ പ്രസിഡന്റായിട്ട്. ഭരണഘടന പ്രകാരം നിശ്ചിത കൊല്ലമേ തുടര്‍ച്ചയായി പ്രസിഡന്റാകാവൂ. അത് കൊണ്ട് ഇടയ്ക്ക് ദിമിത്രി മെദ്വദേവ് എന്ന തന്റെ അടുത്തയാളെ തന്നെ പ്രസിഡന്റാക്കിയിട്ട് സ്വയം പ്രധാനമന്ത്രിയായി ഇരുന്നു.

പുടിന്‍ പ്രധാനമന്ത്രിയായിരുന്ന വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി പദവിയായിരുന്നു ഒന്നാം അധികാര കേന്ദ്രം. പിന്നെ വീണ്ടും പ്രസിഡന്റ് പദവിയിലേക്ക്. കസേരയില്‍ തുടരാവുന്ന കാലം സ്വയം ഭരണഘടന തിരുത്തി നീട്ടി. 2030 വരെ ഭരിക്കാവുന്ന നിലയുണ്ട് പുടിന് ഇപ്പോള്‍ അവിടെ. ഓര്‍ക്കണം, 22 വര്‍ഷങ്ങളാണ്. ഒരു രാജ്യത്തിന്റെ രണ്ട് മുഴുദശാബ്ദം ഒരൊറ്റ അധികാരകേന്ദ്രമാണ്. നരകമാണ് ഈ ഭരണകാലം എന്ന് അന്നാട്ടിലെ എഴുത്തുകാരും ആക്ടിവിസ്റ്റുകളും പറയുമ്പോള്‍ നമ്മളത് വിശ്വസിക്കുന്നത് ഇതുകൊണ്ടാണ്.

മൂന്ന്

അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തയിടത്തിന് കൂടെ വിളിക്കാവുന്ന പേരാണ് നരകം എന്നത്. ലോക രാജ്യങ്ങളില്‍ പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 150ാം സ്ഥാനത്താണ് റഷ്യ. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ന്റെ ആ പട്ടികയില്‍ 180 രാജ്യങ്ങളാകെ ഉള്ളതിലാണ് നൂറ്റിഅമ്പതാമത് റഷ്യ നില്‍ക്കുന്നത്. (നമ്മള് കുറച്ച് ഭേദമാണ്, ഇന്ത്യക്ക് 142ാം സ്ഥാനമുണ്ട്. ഈ വരി ഒരു സങ്കട, തമാശാസ്മൈലി കൂടെ ചേര്‍ത്ത് വായിക്കുക) ഭീഷണിയോ ശാരീരികാക്രമണമോ മാത്രമല്ല കൊന്ന് കളയലാണ് അന്നാട്ടിലെ രീതി.

പുടിനെ എതിര്‍ക്കുന്നവര്‍ ദുരൂഹമായിട്ടും അല്ലാതെയും കൊല്ലപ്പെടുന്നു എന്നത് വിദേശമാധ്യമങ്ങള്‍ ചുമ്മാ അടിച്ചിറക്കുന്ന കഥകളല്ല. 1993 ലാരംഭിച്ച നൊവായ ഗസെറ്റയ്ക്ക് നഷ്ടമായത് ആറ് മാധ്യമപ്രവര്‍ത്തകരെയാണ്. കൊന്നുകളഞ്ഞതാണ്. കൊല്ലപ്പെട്ടവരില്‍ പ്രമുഖ അന്ന പൊളിറ്റ്സ്‌കോവാക്യ. അന്ന ഏറ്റവും ധീരയായ മാധ്യമപ്രവര്‍ത്തകയായിരുന്നു. തെറ്റായ സംഗതികളെക്കുറിച്ച് നമ്മള്‍ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ അവരുണ്ടല്ലോ എന്ന് കോമ്രേഡറീ ധൈര്യം പകര്‍ന്നയാളായിരുന്നു. വെടിവെച്ച് കൊന്ന് കളഞ്ഞു.

വ്‌ലാദിമിര്‍ പുടിന്‍

ഒറ്റയൊറ്റ വ്യക്തികളുടെ കൊലപാതകം മാത്രമായല്ല ഇതെല്ലാം സംഭവിക്കുന്നത്. സ്വതന്ത്രരായി പണിയെടുക്കുന്ന ഓരോരുത്തരുടെയും കൊലപാതകം ഒരായിരം ആളുകളെ ഭയപ്പെടുത്തി നിശബ്ദമാക്കുകയാണ്. അങ്ങനെ ഭയത്തിന്റെ പുതപ്പ് മേല്‍ക്ക് മേല്‍ വീണ് ഇരുളടയുന്ന രാജ്യമാണ് എന്നത് കൊണ്ടാണ് തങ്ങള്‍ക്ക് ഈ നൊബേല്‍ പ്രധാനപ്പെട്ടതാകുന്നത് എന്ന് അക്കൂട്ടര്‍ പറയുന്നു. രാജ്യദ്രോഹി എന്ന് വിളിക്കുന്നത് ഇവിടെ ഇപ്പോഴും അനൗദ്യോഗികമായാണ്.

റഷ്യയിലേത് അങ്ങനെയല്ല. ഭരണകൂടം മാധ്യമ സ്ഥാപനങ്ങളെ ഔദ്യോഗികമായി തന്നെ ഫോറിന്‍ ഏജന്റ് എന്ന പദവി നല്‍കും. അതൊരു ആലങ്കാരിക ഭയപ്പെടുത്തല്‍ അല്ല. അത്തരം മാധ്യമങ്ങളിലെ ഓരോ വാര്‍ത്തകള്‍ക്ക് കീഴിലും ഞങ്ങളുടേത് ഫോറിന്‍ ഏജന്റ് എന്ന് സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ മാധ്യമമാണ് എന്ന് എഴുതിച്ചേര്‍ക്കണമെന്നാണ് നിയമം. നിയമം മൂലം തന്നെ മാധ്യമപ്രവര്‍ത്തനത്തെ അസ്വതന്ത്രമാക്കിയിരിക്കുന്ന രാജ്യമായത് കൊണ്ടാണ് ഈ നൊബേല്‍ നേട്ടം തങ്ങള്‍ക്ക് പ്രധാനമാകുന്നത് എന്ന് അവര്‍ പറയുന്നു.

നാല്

യാബ്ലോക്കോ പാര്‍ട്ടി എന്ന ഒരു രാഷ്ട്രീയകക്ഷിയിലെ അംഗമാണ് മുറട്ടോവ് എന്ന് കാണുന്നു(പാര്‍ട്ടിയുടെ പേര് ഇങ്ങനെയാണോ മലയാളത്തില്‍ എഴുതേണ്ടത് എന്ന് അറിയില്ല. YABLOKO എന്നത് മലയാളത്തില്‍ എഴുതിയതാണ്). ആ പാര്‍ട്ടിയുടെ സ്ഥാപക നേതാവ് ഗ്രിഗറി യാവ്ലിന്‍സ്‌കി ഇക്കാര്യം കൂടെ എടുത്ത് പറഞ്ഞ് മുറട്ടോവിനെ അഭിനന്ദിച്ചത് വായിച്ചു. യാബ്ലോക്കോ അടക്കമുള്ള റഷ്യയിലെ ഇതര രാഷ്ട്രീയ കക്ഷികളുടെ നില പരിതാപകരമാണ്. യുനൈറ്റഡ് റഷ്യ എന്ന പുടിന്റെ പാര്‍ട്ടി തിമിംഗലമാണെങ്കില്‍ മറ്റ് പാര്‍ട്ടികള്‍ നെത്തോലികളാണ്. അത്രയേയുള്ളൂ വലുപ്പവും കരുത്തും. പക്ഷെ ഇത്തരം ചരിത്ര ഘട്ടങ്ങളില്‍ നെത്തോലി ചെറിയ മീനല്ല എന്ന രാഷ്്ട്രീയപ്രാധാന്യമുണ്ടല്ലോ ചെറുപാര്‍ട്ടികള്‍ക്കും.

ഗ്രിഗറി യാവ്ലിന്‍സ്‌കി

തെരഞ്ഞെടുപ്പ് സുതാര്യമായല്ല നടക്കുക എന്ന് അവിടുള്ളവര്‍ പറയുന്നുണ്ടല്ലോ. ജനാധിപത്യമാണ് എന്നും തെരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിലേക്ക് വരിക എന്നും ലോകത്തെ ബോധ്യപ്പെടുത്താന്‍ പുടിന് സൗകര്യം ചെയ്യുക എന്ന ദൗത്യമേയുള്ളൂ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എന്നാണ്. രാഷ്ട്രീയബദലൊന്നും ഉണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ക്കൊന്നും സാധിക്കില്ല എന്നതാണ് നില. മുറട്ടോവ് അംഗമായിരിക്കുന്ന യാബ്ലോക്കോ പാര്‍ട്ടിയെ തന്നെ നോക്കുക.

ഗ്രിഗറി യാവ്ലിന്‍സ്‌കിക്ക് പുറമെ മറ്റ് രണ്ട് പേര്‍ കൂടെ ചേര്‍ന്ന് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ഇത്. ഈ മൂന്ന് നേതാക്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാണ് പാര്‍ട്ടിയുടെ പേര്. യാബ്ലോക്കോ. മറ്റൊരു വലത് പക്ഷപാര്‍ട്ടിയുമായി ചേര്‍ന്ന് പത്ത് നൂറ് മുനിസിപ്പല്‍ സീറ്റൊക്കെ ഇവര് കൈവശം വെക്കുന്നുണ്ട്. തമാശ എന്താണെന്ന് വെച്ചാല്‍ അലക്സി നവാല്‍നി ശരിയല്ല എന്ന് അഭിപ്രായമുള്ളയാളാണത്രെ ഈ പാര്‍ട്ടി നേതാവ് ഗ്രിഗറി യാവ്ലിന്‍സ്‌കി. അന്നാട്ടിലെ ഏറ്റവും ശക്തനായ, ശാരീരികമായി ആക്രമണത്തിന് വിധേയനായി, വിഷം കഴിപ്പിക്കപ്പെട്ട് മരണം വരെ എത്തിയതിന് ശേഷവും പുടിനോട് പൊരുതുന്ന നവാല്‍നിയെ വിമര്‍ശിക്കുന്ന നേതാവുള്ള പാര്‍ട്ടിയാണത്രേ. ഇതൊക്കെ ചേര്‍ത്ത് വെച്ച് എന്ത് അര്‍ഥങ്ങളാണ് ഉണ്ടാക്കുക.

അഞ്ച്

അലക്സി നവാല്‍നി പുടിന്‍ വിരുദ്ധ പക്ഷത്തെ ഏറ്റവും പ്രബല നേതാവാണ്. അദ്ദേഹത്തിനായിരുന്നു നൊബേല്‍ കിട്ടേണ്ടത് എന്ന അഭിപ്രായം മുറട്ടോവിന് തന്നെയുണ്ട്. റഷ്യയിലെ സ്വാതന്ത്ര്യ പോരാട്ടത്തിന് അത് ശക്തി നല്‍കിയേനേ എന്ന്. മുറട്ടോവിനെ അഭിനന്ദിക്കുന്നവര്‍ തന്നെ നിറയെ പേര്‍ ഇക്കാര്യം കൂടെ പറയുന്നുണ്ട് അവിടെ. എന്തുകൊണ്ടായിരിക്കണം നൊബേല്‍ സമിതി അത് ചെയ്യാതിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യ പോരാട്ടത്തിന് ശരീരം തന്നെയും കൊടുത്ത യുദ്ധം ചെയ്യുന്ന അധികാരവിരുദ്ധന് കൊടുക്കാതെ, ഇപ്പോഴും ഫോറിന്‍ ഏജന്റ് പദവി കിട്ടാതെ നില്‍ക്കുന്ന നൊവായ ഗസറ്റയുടെ എഡിറ്റര്‍ക്ക് കൊടുത്തത് എന്ത് കൊണ്ടായിരിക്കണം.

പുടിനെയും നമ്മക്ക് വേണമല്ലോ എന്ന ആശയം സ്വീഡിഷ് അക്കാദമിക്ക് ഉണ്ടായിരിക്കുമോ. ആര്‍ക്കറിയാം. നൊബേല്‍ സമാധാന പുരസ്‌കാരം അടിമുടി രാഷ്ട്രീയസംഗതിയാണ്. നേര്‍ക്ക് നേരായ രാഷ്ട്രീയം മാത്രമാകണമെന്നില്ല ഇതിനൊക്കെ പിന്നില്‍. ആ തരം ആലോചനകള്‍ തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവെക്കുക തന്നെ. ഈ നാട്ടില്‍ നിന്ന് നമുക്ക് ഈ പുരസ്‌കാരലബ്ധിയെ ഇപ്പാള്‍ കാണാന്‍ വേറെ ആംഗിളുകള്‍ ഉണ്ട് ഈ കാലത്ത്.

ജനാധിപത്യത്തിന്റെ മറയിട്ടുള്ള ഏകാധിപത്യം, അഭിപ്രായസ്വാതന്ത്ര്യം തടയപ്പെടുന്നത്, മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ ആവശ്യകത. ഏത് കാലത്തെക്കാളും കനത്തില്‍ നമ്മളിവയെ കുറിച്ച് ആലോചിക്കുമ്പോള്‍ നാളത്തെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന് (അത് നാളെയും ഉണ്ടാകുമെങ്കില്‍) ഇന്നേ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് നൊബേലാണ് റഷ്യയിലേത് എന്ന് കാണാം. ഇപ്പോള്‍ നിങ്ങള്‍ വായിച്ച ഈ അവസാന വരികള്‍ ആദ്യവരികളായി വെച്ച് ഈ കുറിപ്പ് ഒന്ന് കൂടെ വായിക്കുക എന്ന് എഴുതി ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Saneesh Elayadath writes about Nobel Prize winner Dmitry Muratov

 

സനീഷ് ഇളയിടത്ത്
മാധ്യമപ്രവര്‍ത്തകന്‍