കോട്ടക്കലല്ല, കുതിരവട്ടത്താണ് രാഹുല്‍ ഗാന്ധിയെ ചികിത്സിക്കേണ്ടതെന്ന് പറഞ്ഞയാളാണ് സന്ദീപ്, എങ്കിലും സ്വാഗതം: കെ. മുരളീധരന്‍
Kerala News
കോട്ടക്കലല്ല, കുതിരവട്ടത്താണ് രാഹുല്‍ ഗാന്ധിയെ ചികിത്സിക്കേണ്ടതെന്ന് പറഞ്ഞയാളാണ് സന്ദീപ്, എങ്കിലും സ്വാഗതം: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 16, 07:59 am
Saturday, 16th November 2024, 1:29 pm

പാലക്കാട്: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വന്നതില്‍ പ്രതികരിച്ച് കെ. മുരളീധരന്‍. സന്ദീപ് വാര്യര്‍ രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കില്‍ അദ്ദേഹം രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റ് തിരുത്താമായിരുന്നുവെന്നും വയനാട് പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് പോകാമായിരുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ഭാരത് ജോഡോ യാത്ര നടന്നപ്പോള്‍ സന്ദീപ് വാര്യര്‍ പറഞ്ഞത് ജോഡോ യാത്ര നടത്തേണ്ടത് കാശ്മീരിലേക്കല്ല, ആന്റമാന്‍ നിക്കോബാറിലേക്കാണ്, അവിടെ സവര്‍ക്കറെ തടവില്‍ പാര്‍പ്പിച്ച മുറിയില്‍ പോയി നമസ്‌ക്കരിച്ച് ക്ഷമാപണം ചെയ്യണമെന്നൊക്കെ പറഞ്ഞിരുന്നു.

കൂടാതെ രാഹുല്‍ ഗാന്ധിയെ ചികിത്സയ്ക്കു വേണ്ടി കോട്ടക്കലില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ കോട്ടക്കലല്ല, കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. ഇങ്ങനെയുള്ള സന്ദീപ് വാര്യര്‍ രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിന് രണ്ടാഴ്ച മുമ്പ് വന്ന് പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്തണമായിരുന്നു,’കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

‘എന്തായാലും അദ്ദേഹം വന്നു, മറ്റ് പല പാര്‍ട്ടികളും അദ്ദേഹം നോക്കി. നടന്നില്ല. എന്തായാലും കോണ്‍ഗ്രസിലേക്ക് വന്നു. സ്വാഗതം. സ്‌നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എന്നും നിലനില്‍ക്കണം, അല്ലാതെ അടുത്ത ഇലക്ഷനാവുമ്പോള്‍ വീണ്ടും വെറുപ്പിന്റെ കടയിലേക്ക് മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോകരുത്.

ഗാന്ധിയെ കൊന്നതല്ല, വെടികൊണ്ടപ്പോള്‍ മരിച്ചതാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ അദ്ദേഹം പറയുന്നത് അതൊക്കെ ബി.ജെ.പിക്ക് വേണ്ടി പറഞ്ഞതാണെന്നാണ്. ഇനി ഫ്‌ളാഷ്ബാക്കിലേക്കൊന്നും പോകണ്ട. കാരണം ഞങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കന്മാര്‍ ബി.ജെ.പിയിലേക്ക് പോയത് കൊണ്ട് ഒരാള്‍ ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹത്തിന്റെ പഴയകാല ചരിത്രത്തെ കുറിച്ചൊന്നും ആലോചിക്കേണ്ടതില്ല,’ കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ച് മുമ്പിട്ട ഫേസ്ബുക്ക് പോസ്റ്റിന് ഇതുമായി ബന്ധമില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Content Highlight: Sandeep is the one who said Rahul Gandhi should be treated in kuthiravattam,not kottakkal but welcome: K. Muralidharan