ആ ഗുണം വേണ്ടുവോളമുള്ള ഇന്‍സമാമിനും പോണ്ടിങ്ങിനുമൊപ്പം കസേര വലിച്ചിട്ട് സഞ്ജുവും ഇരിക്കുകയാണ്
Sports News
ആ ഗുണം വേണ്ടുവോളമുള്ള ഇന്‍സമാമിനും പോണ്ടിങ്ങിനുമൊപ്പം കസേര വലിച്ചിട്ട് സഞ്ജുവും ഇരിക്കുകയാണ്
സന്ദീപ് ദാസ്
Friday, 22nd December 2023, 8:08 am

പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവമാണ്. 3 ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങിയ പര്യടനത്തിനുവേണ്ടി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങി. ഡെയ്ല്‍ സ്റ്റെയ്‌നും മോണി മോര്‍ക്കലും നേതൃത്വം നല്‍കിയ പേസ് ബൗളിങ്ങ് അറ്റാക്ക് അവിടെ ഇന്ത്യയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 141 റണ്ണുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു.

മത്സരശേഷം സ്റ്റെയ്‌ന്‍ ഇന്ത്യയെ പരിഹസിച്ചു,

”ഫാസ്റ്റ് ബൗളിങ്ങിനെ ഇന്ത്യ ഭയക്കുന്നുണ്ട്. ചില ഇന്ത്യന്‍ ബാറ്റര്‍മാരുടെ വിരല്‍ ഞങ്ങളുടെ ഏറുകൊണ്ട് മുറിഞ്ഞു. ചിലര്‍ വേദന കുറയ്ക്കാന്‍ വയറ്റില്‍ ഐസ്ബാഗ് വെച്ചു. സ്റ്റംപിനു മുകളില്‍ പന്ത് ഉയരാത്ത മുംബൈ അല്ല ദക്ഷിണാഫ്രിക്ക. ഇവിടെ ബാറ്റിങ്ങ് അതീവ ദുഷ്‌കരമാണ്,”

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ പാരമ്പര്യം അതാണ്. തല്ലാന്‍ പറഞ്ഞാല്‍ കൊല്ലുന്ന സംഘമാണ് അവര്‍! സ്വന്തം മണ്ണില്‍ പോരിനിറങ്ങുമ്പോള്‍ ചോര മണക്കുന്ന സിംഹങ്ങളെപ്പോലെയാണ് ദക്ഷിണാഫ്രിക്ക.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനങ്ങള്‍ ആരംഭിച്ചിട്ട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ട് ഇന്ത്യന്‍ ടീം എന്തെങ്കിലും നേടിയോ? 2018ല്‍ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ സ്വന്തമാക്കിയ ഏകദിന സീരീസ് മാത്രമാണ് ഇന്ത്യയ്ക്ക് ഓര്‍ത്തുവെയ്ക്കാവുന്ന നേട്ടം.

ബോളണ്ട് പാര്‍ക്കില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ കെ.എല്‍ രാഹുലിന്റെ ഇന്ത്യന്‍ ടീം 49/2 എന്ന നിലയിലായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പോലും പ്രതീക്ഷകള്‍ കൈവിട്ടിട്ടുണ്ടാവണം. ദക്ഷിണാഫ്രിക്കയുടെ പേസര്‍മാരായ ബര്‍ഗറും ഹെന്‍ഡ്രിക്‌സും വെള്ളിടി പോലുള്ള പന്തുകള്‍ വര്‍ഷിക്കുകയായിരുന്നു.

മുന്‍ പ്രോട്ടിയാസ് നായകന്‍ ഷോണ്‍ പൊള്ളോക്ക് കമന്ററി ബോക്‌സിലൂടെ അഭിപ്രായപ്പെട്ടു,

”പന്ത് പഴകുമ്പോള്‍ ബാറ്റിങ് പ്രയാസകരമാവുന്ന മൈതാനമാണിത്. ഇവിടത്തെ ബൗണ്ടറികള്‍ക്ക് നീളം കൂടുതലാണ്. പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലവുമാണ്. സിംഗിളുകളും ഡബിളുകളും എടുത്ത് സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ശ്രമിക്കാവുന്നതാണ്,”

പൊള്ളോക്ക് പറഞ്ഞ് അവസാനിപ്പിച്ചതിന് പിന്നാലെ ക്രീസില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ബാറ്റര്‍ ഹെന്‍ഡ്രിക്‌സിനെതിരെ കവര്‍ഡ്രൈവ് കളിച്ചു-ബൗണ്ടറി! അതിനുശേഷം ഒരു സ്‌ട്രെയ്റ്റ് ഡ്രൈവും വന്നു-വീണ്ടും ബൗണ്ടറി.

അപ്പോള്‍ പൊള്ളോക്ക് മനസ്സില്‍ പറഞ്ഞിട്ടുണ്ടാവണം,

”ഈ ഗ്രൗണ്ടില്‍ ബൗണ്ടറിയടിക്കുന്നത് അസാധ്യമല്ല. ബാറ്റും പിടിച്ച് നില്‍ക്കുന്നത് സഞ്ജു വിശ്വനാഥ് സാംസണ്‍ ആണ്,”

സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് തുടര്‍ന്നും റണ്‍ പ്രവഹിച്ചു. അയാള്‍ പ്രഥമ ഏകദിന സെഞ്ച്വറി കരസ്ഥമാക്കി. ബോളണ്ട് പാര്‍ക്കിലെ ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 270 ആണ്. പക്ഷേ സഞ്ജുവിന്റെ ചിറകിലേറി പറന്ന ഇന്ത്യ മുന്നൂറിനടുത്ത് റണ്ണുകള്‍ വാരിക്കൂട്ടി!

ഇതുപോലൊരു പിച്ചില്‍ പോരിനിറങ്ങേണ്ടി വന്നാല്‍ ബഹുഭൂരിപക്ഷം യുവ ബാറ്റര്‍മാരും തുടക്കത്തില്‍ തന്നെ അടിയറവ് സമ്മതിക്കും. ഫ്‌ളാറ്റ് പിച്ചുകളില്‍ ഫ്രണ്ട്ഫൂട്ട് ഗെയിം കളിക്കാനാണ് ഇളമുറക്കാര്‍ ഇഷ്ടപ്പെടുന്നത്.

സഞ്ജു അവരില്‍ നിന്ന് വ്യത്യസ്തനാണ്. കറകളഞ്ഞ ബാക്ക്ഫൂട്ട് ഗെയിം കൈവശമുള്ള അയാള്‍ക്ക് ദക്ഷിണാഫ്രിക്കയുടെ പേസര്‍മാരെ അനായാസം മെരുക്കാന്‍ കഴിഞ്ഞു!

ഹെന്‍ഡ്രിക്‌സിനെതിരെ സഞ്ജു അടിച്ച ഒരു സിക്‌സര്‍ നോക്കുക. ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത ഷോര്‍ട്ട്‌ബോളിനെ മിഡ്‌വിക്കറ്റിനുമുകളിലൂടെ പുള്‍ ചെയ്തു! ഒരു ബേസ്‌ബോള്‍ ഷോട്ട് പോലെ.

ഫാസ്റ്റ് ബോളര്‍മാരെ നേരിടുമ്പോള്‍ സഞ്ജുവിന് അധികം സമയം കിട്ടുന്നുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ആ ഗുണം വേണ്ടുവോളം ഉണ്ടായിരുന്ന ഇന്‍സമാം ഉള്‍ ഹഖ്, റിക്കി പോണ്ടിങ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം കസേര വലിച്ചിട്ട് സഞ്ജുവും ഇരിക്കുകയാണ്!

സെഞ്ച്വറിയുടെ തൊട്ടരികില്‍ ബാറ്റ് ചെയ്യുമ്പോഴും സഞ്ജു ബിഗ് ഹിറ്റുകളിലൂടെ റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. വേണമെങ്കില്‍ അയാള്‍ക്ക് സേഫ് ആയി കളിച്ച് സിംഗിളുകളിലൂടെ മൂന്നക്കം തികയ്ക്കാമായിരുന്നു. പക്ഷേ താന്‍ ഒരു ടീം-മാന്‍ ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു സഞ്ജു.

സ്വന്തം സ്‌കോര്‍ 99ല്‍ നില്‍ക്കുമ്പോള്‍ ബാറ്റിങ്ങ് പാര്‍ട്ണര്‍ക്കുവേണ്ടി ഒരു റിസ്‌കി സിംഗിള്‍ സഞ്ജു ഓടിയതും ഡൈവ് ചെയ്ത് രക്ഷപ്പെട്ടതും ആര്‍ക്കെങ്കിലും മറക്കാനാവുമോ? അത്രയേറെ നിസ്വാര്‍ത്ഥനാണ് അയാള്‍!

അങ്ങനെയുള്ള സഞ്ജുവിനോട് ചില മലയാളികള്‍ ചെയ്തത് എന്താണ്?

ഇതിനുമുമ്പ് നടന്ന ഏകദിനത്തില്‍ സഞ്ജു പരാജയപ്പെട്ടപ്പോള്‍ സോഷ്യല്‍ മീഡിയ നല്ലതുപോലെ ആഘോഷിച്ചിരുന്നു. സഞ്ജുവിനെ ‘നിര്‍ഗുണ പരബ്രഹ്‌മം’ എന്ന് വിശേഷിപ്പിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. ആ തോന്നിവാസത്തിന് കുറേ ലൈക്കും കിട്ടിയിരുന്നു!

നമുക്ക് അല്‍പം പുറകിലേക്ക് പോകാം. ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്തെല്ലാമാണ് സംഭവിച്ചത്?

ഏകദിന ഫോര്‍മാറ്റില്‍ ഒന്നാന്തരമായി കളിച്ചുകൊണ്ടിരുന്ന സഞ്ജുവിന്റെ സ്ഥാനത്താണ് കംപ്ലീറ്റ് ഒ.ഡി.ഐ ഫ്‌ളോപ് ആയിരുന്ന സൂര്യകുമാര്‍ യാദവിനെ സെലക്ടര്‍മാര്‍ പ്രതിഷ്ഠിച്ചത്. സൂര്യയുടെ തല്ലിപ്പൊളി ബാറ്റിങ്ങിന് പകരമായി ഒരു ലോകകപ്പ് കിരീടം തന്നെ നല്‍കേണ്ടി വന്നു!

അതിനുശേഷം സഞ്ജുവിനെ വീണ്ടും ഏകദിന ടീമിലേയ്ക്ക് പരിഗണിച്ചു. അമ്പതിന്റെ ശരാശരിയും നൂറിന്റെ സ്‌ട്രൈക്ക് റേറ്റും ഉള്ള സഞ്ജു ദക്ഷിണാഫ്രിക്കയില്‍ ഒരു കളി പരാജയപ്പെട്ടപ്പോഴേയ്ക്കും മലയാളികള്‍ ചീത്തവിളി തുടങ്ങി. ഉളുപ്പില്ലായ്മയുടെ പര്യായമായ സഞ്ജു ഹേറ്റേഴ്‌സ്.

പഴശ്ശിരാജ എന്ന സിനിമയില്‍ മമ്മൂട്ടി ഒരു ഡയലോഗ് പറയുന്നുണ്ട്,

”നമ്മളെല്ലാവരും മണ്‍മറഞ്ഞ് പോകും. പക്ഷേ നമ്മുടെ വാളുകളുടെ കഥ എന്നും നിലനില്‍ക്കും,”

സഞ്ജുവിന്റെ കാര്യവും അതുപോലെയാണ്. നിങ്ങള്‍ക്ക് അയാളെ പരിഹസിക്കാം. തെറിവിളിക്കാം. നീചമായ രീതിയില്‍ വ്യക്തിഹത്യ നടത്താം. പക്ഷേ സഞ്ജുവിന്റെ ഈ സെഞ്ച്വറി എന്നും നിലനില്‍ക്കും. ഈ ശതകം വരും തലമുറകളോട് സംവദിക്കും.

യുവ ബാറ്റര്‍മാര്‍ ഈ ഇന്നിങ്‌സിനെ പാഠപുസ്തകമായി കാണും. കേരളത്തിലെ ഒരുപാട് കുരുന്നുകള്‍ ഇനിമുതല്‍ വലിയ സ്വപ്നങ്ങള്‍ കാണും.

 

Content Highlight: Sandeep Das writes about Sanju Samson

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍