കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന പരാജയപ്പെട്ടിരുന്നുവെങ്കില്‍ ലയണല്‍ മെസ്സി ക്രൂരമായി പരിഹസിക്കപ്പെടുമായിരുന്നു. കണ്ണുനീര്‍ പൊഴിക്കുന്ന മെസിയുടെ ഫോട്ടോ ഒരു ട്രോള്‍ മെറ്റീരിയല്‍ ആയി മാറുമായിരുന്നു. അങ്ങനെ സംഭവിച്ചില്ല എന്നതാണ് കാലത്തിന്റെ കാവ്യനീതി.
ആരവങ്ങള്‍ അടങ്ങുമ്പോള്‍ മെസ്സിയുടെ വിരോധികള്‍ വീണ്ടും രംഗത്തിറങ്ങും. ”മറ്റുള്ളവരുടെ ചെലവില്‍ കോപ്പ ജയിച്ച മെസി” എന്ന പരിഹാസം അവര്‍ ഉയര്‍ത്തും. അത്തരക്കാര്‍ ഒരു മറുപടി പോലും അര്‍ഹിക്കുന്നില്ല.
സാക്ഷാല്‍ ഡീഗോ മറഡോണയുടെ കാലത്ത് അര്‍ജന്റീന ഒരു ലോകകപ്പ് ജയിച്ചിരുന്നു. പിന്നീട് അവര്‍ക്ക് കഷ്ടകാലമായിരുന്നു. ഒരു മേജര്‍ ട്രോഫി ഇല്ലാതെ അര്‍ജന്റീന പതിറ്റാണ്ടുകള്‍ തള്ളിനീക്കി.
അതിന്റെ എല്ലാ പഴിയും ഏറ്റുവാങ്ങിയത് മെസിയായിരുന്നു. ബോക്‌സിങ്ങിലെ പഞ്ചിങ്ങ് ബാഗ് പോലെയായിരുന്നു മെസി! സ്വന്തം രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി കളിച്ചിട്ടും മെസിക്ക് കിട്ടിയത് പ്രഹരങ്ങള്‍ മാത്രം!
ബ്രസീലിന്റെ മണ്ണില്‍ വെച്ച് മെസി ആദ്യത്തെ മറുപടി നല്‍കി. അര്‍ജന്റീന കോപ്പ അമേരിക്ക ജയിച്ചു. അപ്പോഴും വിമര്‍ശകര്‍ അടങ്ങിയില്ല. ലോകകപ്പ് ഉയര്‍ത്തിക്കാണിക്കൂ എന്നായിരുന്നു അവരുടെ വെല്ലുവിളി!
അതിനുശേഷം നടന്ന ഖത്തര്‍ ലോകകപ്പില്‍ മെസ്സി അര്‍ജന്റീനയെ ഒറ്റയ്ക്ക് തന്നെ ചുമലിലേറ്റി. ഫൈനലിലെ മെസിയുടെ മുഖം ആര്‍ക്കെങ്കിലും മറക്കാനാവുമോ?
ഒന്നിനുപുറകെ ഒന്ന് എന്ന കണക്കില്‍ കിലിയന്‍ എംബാപ്പെ അര്‍ജന്റീനയുടെ പോസ്റ്റില്‍ ഗോളുകള്‍ അടിച്ചുകയറ്റുകയായിരുന്നു. അപ്പോഴും പതറാത്ത ശരീരഭാഷയുമായി നിന്ന മെസി തന്നെയായിരുന്നു അര്‍ജന്റീനയുടെ കരുത്ത്!
പെനല്‍റ്റി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ച ശേഷം മെസി നാവ് കടിച്ചുകൊണ്ട് ഒരു ആഘോഷം നടത്തിയിരുന്നു. ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായിരുന്നു അയാള്‍ ആ മനോഭാവം തന്നെയാണ് ആത്യന്തികമായി അര്‍ജന്റീനയെ വിജയിപ്പിച്ചത്!
2024ലെ കോപ്പ അമേരിക്കയില്‍ ബൂട്ട് കെട്ടുമ്പോള്‍ മെസിയ്ക്ക് ഒന്നും തെളിയിക്കാന്‍ ബാക്കിയില്ലായിരുന്നു. എന്നിട്ടും പരിക്കിനെപ്പോലും വകവെക്കാതെ അയാള്‍ തകര്‍ത്തുകളിച്ചു.
ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ മെസി പങ്കെടുത്തില്ല എന്ന കാര്യം ഓര്‍മിക്കണം. അയാള്‍ക്ക് ഭീഷണിയായി സദാസമയവും ലെഗ് ഇഞ്ച്വറി ഉണ്ടായിരുന്നു.
ഫൈനലിന്റെ ആദ്യ പകുതിയില്‍ മെസിക്ക് ശക്തമായ ഒരു ചാലഞ്ച് നേരിടേണ്ടിവന്നിരുന്നു. ആ സമയത്ത് വേദനമൂലം അയാള്‍ പുളഞ്ഞതാണ്. പക്ഷേ മെസി കളി തുടര്‍ന്നു.
ഒടുവില്‍ അനങ്ങാന്‍ സാധിക്കാതെ വന്നപ്പോഴാണ് മെസി മൈതാനം വിട്ടത്. അപ്പോഴേയ്ക്കും അയാളുടെ കണങ്കാല്‍ നീരുവന്ന് വീര്‍ത്തിരുന്നു. കാലില്‍ ഐസ്ബാഗ് വെച്ച് സൈഡ് ബെഞ്ചില്‍ ഇരുന്ന് മെസി പൊട്ടിക്കരഞ്ഞു!
ഒരു മനുഷ്യന് ജന്മനാടിനുവേണ്ടി ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യാനാവുക!?
വിജയഗോള്‍ നേടിയതിനുശേഷം മാര്‍ട്ടിനെസ് ആദ്യം പോയത് മെസിയുടെ അടുത്തേക്കായിരുന്നു. ഈ കപ്പിന് മെസിയോളം അവകാശം മറ്റാര്‍ക്കുമില്ലെന്ന് മാര്‍ട്ടിനസിന് അറിയാമായിരുന്നു!
🔥¡¡CAMPEONES OTRA VEZ!!🔥
La Copa se queda en casa 🇦🇷 pic.twitter.com/IrlUCApOCr
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) July 15, 2024
ഒരു സംശയവും വേണ്ട. ഈ കോപ്പ മെസിയുടേതാണ്. കല്ലേറുകൊണ്ട് മുഴച്ച ശരീരമാണ് മെസിയുടേത്. അയാള്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കിയേ മതിയാകൂ.
തന്റെ പ്രതാപകാലത്ത് മെസി ചെയ്തുവെച്ചതിന്റെ പ്രതിഫലമാണ് ഈ ട്രോഫി. പണ്ട് കൊണ്ട വെയിലിന് മെസി ഈ തണല്‍ അര്‍ഹിക്കുന്നു.
Content highlight: Sandeep Das writes about Lionel Messi’s Copa America 2024 victory