സംയുക്തയുടെ വീരുപാക്ഷ സൂപ്പര്‍ഹിറ്റ്, ഒരാഴ്ചക്കുള്ളില്‍ നേടിയത് കോടികള്‍
Entertainment news
സംയുക്തയുടെ വീരുപാക്ഷ സൂപ്പര്‍ഹിറ്റ്, ഒരാഴ്ചക്കുള്ളില്‍ നേടിയത് കോടികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th April 2023, 11:49 am

മലയാളത്തിന്റെ പ്രിയ താരം സംയുക്ത നായികയായെത്തിയ തെലുങ്ക് ചിത്രമാണ് വിരൂപാക്ഷ. സായ് ധരം തേജ് നായകനായ ചിത്രം സംവിധാനം ചെയ്തത് കാര്‍ത്തിക് ദാന്തു ആണ്. പാന്‍ ഇന്ത്യന്‍ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ട് എത്തിയ വീരുപാക്ഷ വലിയ ഹിറ്റാവുമെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആറ് ദിവസത്തിനുള്ളില്‍ 59 കോടി ക്ലബില്‍ എത്തിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 19.8 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളില്‍ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി വീരുപാക്ഷ നേടിയിരിക്കുന്നത്.

കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ലോകനാഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്.

ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന വിരൂപാക്ഷയില്‍ അജയ്, സായ് ചന്ദ്, ബ്രഹ്മജി, രാജീവ് കനകല, സുനില്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷന്‍ ഹൗസും സുകുമാര്‍ റൈറ്റിങ്ങ്‌സും ചേര്‍ന്നാണ് വീരുപാക്ഷ നിര്‍മിച്ചത്. ബി.വി.എസ്.എന്‍ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് വിരൂപാക്ഷയുടെ നിര്‍മാതാക്കള്‍. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശോക ബന്ദ്രെഡ്ഡി. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സതിഷ് ബി.കെ.ആറുമാണ്.

സംയുക്ത നായികയായി ഒടുവില്‍ മലയാളത്തിലെത്തിയ ചിത്രം ബൂമറാംഗാണ്. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രമായിരുന്നു ബൂമറാംഗ്. മനു സുധാകരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസും ഡെയ്ന്‍ ഡേവിസും വേഷമിട്ടു. സുധീര്‍ അലി ഖാന്‍ സംഗീതം സംവിധാനം നിര്‍വഹിച്ച ബൂമറാംഗ് അജി മേടയില്‍ തൗഫീഖ്. ആര്‍ എന്നിവരാണ് നിര്‍മിച്ചത്.

content highlight: samyuktha’s telgu movie virupaksha superhit