Advertisement
Entertainment news
കടുവ ഒരു മാന്‍ ഓറിയന്റണ്ട് സിനിമയല്ല: സംയുക്ത മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 30, 10:00 am
Thursday, 30th June 2022, 3:30 pm

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് എന്ന യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കടുവ ഒരു മാന്‍ ഓറിയന്റണ്ട് സിനിമയല്ലെന്ന് പറയുകയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ച സംയുക്ത മേനോന്‍.

‘ഇത് ഒരു മാന്‍ ഓറിയന്റണ്ട് സിനിമയല്ല. രണ്ട് കഥാപാത്രങ്ങളെ പറ്റിയുള്ള സിനിമയാണ് കടുവാകുന്നേല്‍ കുറുവാച്ചനും ജോസ്ഫ് ചാണ്ടിയും തമ്മിലുള്ള ഈഗോ വാറാണ് ആണ് ചിത്രം പറയുന്നത്. അതുകൊണ്ട് തന്നെ മാന്‍ ഒറിയേന്റണ്ട് സിനിമ എന്ന ടാഗ് ലൈനിനുള്ള ചിത്രമല്ലിത്.’: സംയുക്ത പറയുന്നു.

എല്‍സ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സംയുക്ത അവതരിപ്പിക്കുന്നത്. കടുവ പൂര്‍ണമായും തിരക്കഥാകൃത്തിന്റെ ഭാവനയാണെന്നും ആരുടെ ജീവിതവുമായി സാമ്യങ്ങള്‍ ഒന്നും തന്നെ ഇല്ലായെന്നും സംയുക്ത കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റിവെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്ക്സ് ബിജോയ് യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlight : Samyuktha menon says Kaduva is not a man oriented movie