തെലുങ്കില്‍ നടന്മാരോടും നടിമാരോടും ഒരേ ബഹുമാനമാണ്, മലയാളത്തില്‍ അങ്ങനെയല്ല; പൊട്ടിപ്പൊളിഞ്ഞ വാഷ് റൂം കാണിച്ചിട്ട്, ഇതേ തരാന്‍ പറ്റുകയുള്ളു എന്ന് പറഞ്ഞിട്ടുണ്ട്: സംയുക്ത മേനോന്‍
കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമായ നടിയാണ് സംയുക്ത മേനോന്‍. മലയാളവും മറ്റ് ഇന്‍ഡസ്ട്രികളിലും താന്‍ കണ്ട വ്യത്യാസങ്ങളെയും കേരളത്തിലെ ഷൂട്ടിങ് സെറ്റുകളില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷനെയും കുറിച്ച് സംസാരിക്കുകയാണ് സംയുക്ത.
തെലുങ്കില്‍ പ്രതിഫലത്തില്‍ വ്യത്യാസമുണ്ടാകുമെന്നത് ഒഴിച്ചാല്‍ നടന്മാരെയും നടികളെയും ഒരേ ബഹുമാനത്തെയാണ് കാണാറുള്ളതെന്നും എന്നാല്‍ മലയാളത്തില്‍ അത്തരത്തിലല്ല കാര്യങ്ങളെന്നുമാണ് സംയുക്ത പറയുന്നത്. തുടക്കകാലത്തെ തന്റെ അനുഭവങ്ങള്‍ കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നടി ഇതേകുറിച്ച് സംസാരിച്ചത്. ‘ഐ ആം വിത്ത് ധന്യ വര്‍മ’ എന്ന ടോക്ക് ഷോയിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
‘തെലുങ്കില്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പുരുഷതാരത്തിന് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നുണ്ട്. കാരണം അദ്ദേഹമാണ് ആ സിനിമക്ക് കൂടുതല്‍ ബ്രാന്‍ഡ് വാല്യു കൊണ്ടുവരുന്നത്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു.
എനിക്ക് എന്നെങ്കിലും അങ്ങനെ ബ്രാന്‍ഡ് വാല്യു കൊണ്ടുവരാന്‍ സാധിച്ചാല്‍ ഞാനും അതിനനുസരിച്ച് പ്രതിഫലം ചോദിക്കും. പക്ഷെ അവിടെ സിനിമയിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന ബഹുമാനം തുല്യമാണ്. മലയാളത്തില്‍ അങ്ങനെയല്ല.
നമ്മള്‍ ചെയ്യുന്ന ജോലിക്കും സമയത്തിനും സ്‌പേസിനും റെസ്‌പെക്ട് തരേണ്ടതാണ്. എന്തുകൊണ്ടാണ് അതിവിടെ ഇല്ലാത്തതെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പിന്നെ, തുടക്കത്തില്‍ ഇവിടെ നടക്കുന്നത് തെറ്റായ കാര്യമാണെന്ന് മനസിലാക്കാന്‍ സമയമെടുത്തു. നടക്കുന്ന സംഭവത്തിലെ തെറ്റ് മനസിലായാലല്ലേ നമുക്ക് പ്രതികരിക്കാന്‍ സാധിക്കു.
പല സിനിമ ഷൂട്ട് ചെയ്യുമ്പോഴും എനിക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും കിട്ടിയിട്ടില്ല. പക്ഷെ ഞാന്‍ ട്രാവലൊക്കെ ചെയ്തിരുന്ന ആളായിരുന്നതുകൊണ്ട് അത് കുഴപ്പമില്ലായിരുന്നു. ഞാന്‍ ഭയങ്കര ലക്ഷ്വറിയായി യാത്ര ചെയ്തിരുന്നയാളായിരുന്നില്ല.
ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ നല്ല വാഷ് റൂം ഇല്ലായിരുന്നു. ഒട്ടും ക്ലീനല്ലാത്ത, വാതിലൊക്കെ പൊട്ടിപ്പൊളിഞ്ഞ വാഷ് റൂം കാണിച്ചു തന്നിട്ട് ഇതേ യൂസ് ചെയ്യാന്‍ തരാന്‍ പറ്റുകയുള്ളു എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഓകെ എന്ന് അന്ന് പറയുമായിരുന്നു.
കുറച്ച് നാളെടുത്ത് അത് ഓകെ അല്ല എന്ന് പറയാന്‍. കാരണം ഇതൊരു വര്‍ക്ക് സ്‌പേസാണ്, ബിസിനസാണ്. ഒരു ആക്ടറെന്ന നിലയില്‍ ഭയങ്കര ഡിമാന്‍ഡുകളൊന്നുമല്ല ചോദിക്കുന്നത്. ഒരു വര്‍ക്ക്‌സ്‌പേസില്‍ ക്ലീനായ വാഷ് റൂം ഉപയോഗിക്കാന്‍ ഉണ്ടായിരിക്കുക എന്നത് വളരെ ബേസിക്കായ കാര്യമാണ്. അതെനിക്ക് കിട്ടിയിട്ടില്ല.
പിന്നെ എന്റെ ആദ്യ സിനിമക്ക് പ്രതിഫലത്തിന്റെ കാര്യം അവര്‍ ചോദിച്ചിട്ടില്ല. ഞാനും അതേ കുറിച്ച് ചോദിച്ചില്ല. ലില്ലിയെ കുറിച്ചല്ല ഞാന്‍ പറയുന്നത്. ആദ്യ സിനിമയുടെ ആള്‍ക്കാര്‍, പുതിയ ആള്‍ക്ക് അവസരം നല്‍കുകയാണല്ലോ. ആ ചിന്താഗതിയില്‍ തന്നെ കുഴപ്പമുണ്ട്. എന്നാല്‍ തെലുങ്കില്‍ അങ്ങനെയല്ല,’ സംയുക്ത മേനോന്‍ പറഞ്ഞു.
കടുവയാണ് സംയുക്തയുടെ മലയാളത്തിലിറങ്ങിയ അവസാന ചിത്രം. ഭീംല നായക്, ബിംബിസാര എന്നീ തെലുങ്ക് ചിത്രങ്ങളും ഗാലിപാട്ട 2 എന്ന കന്നട ചിത്രത്തിലും നടി വേഷമിട്ടിരുന്നു. മലയാള ചിത്രമായ ബൂമറാങ്, തമിഴിലും തെലുങ്കിലുമായ ഒരുക്കുന്ന വാത്തി/SIR എന്നീ സിനിമകളാണ് നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.
Content Highlight: Samyuktha Menon about the gender discrimination in Malayalam Film industry and the difference in Telugu