മെന്‍സ് അണ്ടര്‍ 23 സ്‌റ്റേറ്റ് എ ട്രോഫിയില്‍ വീണ്ടും ഇരട്ട സെഞ്ച്വറിയുമായി തിളങ്ങി സൂപ്പര്‍ താരം സമീര്‍ റിസ്വി. വഡോദരയില്‍ നടന്ന ഉത്തര്‍പ്രദേശ് – വിദര്‍ഭ മത്സരത്തിലാണ് യു.പി നായകന്‍ കൂടിയായ റിസ്വി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് റിസ്വിയുടെ ബാറ്റില്‍ നിന്നും ഇരട്ട സെഞ്ച്വറി പിറക്കുന്നത്. നേരത്തെ ത്രിപുരയ്‌ക്കെതിരെ നടന്ന മത്സരത്തിലും യു.പി നായകന്‍ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. ഇതോടെ U23 സ്‌റ്റേറ്റ് എ ട്രോഫിയുടെ ചരിത്രത്തില്‍ രണ്ട് തവണ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡ് നേട്ടവും റിസ്വിയെ തേടിയെത്തി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിദര്‍ഭ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സ് നേടി. ദിനേഷ് മലേശ്വറിന്റെയും ക്യാപ്റ്റന്‍ എം.ഡി ഫായിസിന്റെയും സെഞ്ച്വറി കരുത്തിലാണ് വിദര്‍ഭ മികച്ച ടോട്ടലിലെത്തിയത്.
123 പന്തില്‍ നിന്നും 142 റണ്‍സ് നേടിയാണ് ദിനേഷ് മലേശ്വര്‍ ടീമിന്റെ ടോപ് സ്‌കോററായത്. 16 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഒമ്പത് ഫോറും അഞ്ച് സിക്‌സറും അടക്കം 62 പന്തില്‍ 100 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
26 പന്തില്‍ 61 റണ്‍സ് നേടിയ ജഗ്‌ജോത്തും വിദര്‍ഭയുടെ ടോട്ടലില്‍ നിര്‍ണായകമായി. നാല് സിക്‌സറും അഞ്ച് ഫോറുമായി 234.62 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഒടുവില്‍ 407 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം ഉത്തര്‍പ്രദേശിന് മുമ്പില്‍ വെച്ച് വിദര്‍ഭ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍പ്രദേശിനായി ശൗര്യ സിങ്ങും സ്വാസ്തിക്കും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 106ല്‍ നില്‍ക്കവെയാണ് യു.പിക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 28 പന്തില്‍ 41 റണ്‍സ് നേടിയ സ്വാസ്തിക്കിനെ മടക്കി ജഗ്‌ജോത് ഉത്തര്‍പ്രദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
ഏഴ് റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ കയറിയതിന് പിന്നാലെ ജഗ്‌ജോത് വീണ്ടും ഉത്തര്‍പ്രദേശിനെ ഞെട്ടിച്ചു. 42 പന്തില്‍ 62 റണ്‍സ് നേടിയ ശൗര്യ സിങ്ങിനെയും താരം പുറത്താക്കി.
വണ്‍ ഡൗണായി വിക്കറ്റ് കീപ്പര്‍ ഷോയ്ബ് സിദ്ദിഖിയും നാലാം നമ്പറില്‍ ക്യാപ്റ്റനുമെത്തിയതോടെ മത്സരം വിദര്‍ഭയുടെ കയ്യില്‍ നിന്നും പതിയെ നഷ്ടപ്പെട്ടുതുടങ്ങി. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറി നേടി ഇരുവരും സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കൂട്ടി.
ടീം സ്‌കോര്‍ 113ല്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് 296 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ വിജയത്തിലേക്ക് നയിച്ചു. എട്ട് വിക്കറ്റും 52 പന്തും ശേഷിക്കവെയാണ് യു.പി വിജയിച്ചുകയറിയത്.
സിദ്ദിഖി 73 പന്തില്‍ പുറത്താകാതെ നിന്നപ്പോള്‍ 105 പന്തില്‍ നിന്നും 202 റണ്‍സാണ് റിസ്വി അടിച്ചെടുത്തത്. പത്ത് ഫോറും ആകാശം തൊട്ട 18 സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.എല്ലിന്റെ മിനി ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് 8.40 കോടിക്ക് സ്വന്തമാക്കിയതോടെയാണ് സമീര്‍ റിസ്വിയെന്ന പേര് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചയായത്. ഒരു അണ്‍ക്യാപ്ഡ് താരത്തിന് ലഭിക്കുന്ന റെക്കോഡ് തുകയായിരുന്നു അത്.
എന്നാല്‍ ഐ.പി.എല്ലില്‍ താരത്തിന് വേണ്ട പോലെ തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരത്തെ നിലനിര്‍ത്താനോ തിരിച്ചെത്തിക്കാനോ താത്പര്യം കാണിച്ചില്ല.
ലേലത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് താരത്തെ സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 95 ലക്ഷത്തിന് ക്യാപ്പിറ്റല്‍സ് ടീമിലെത്തിക്കുകയായിരുന്നു.
Content highlight: Sameer Rizvi scored yet another Double Century in U23 State A Trophy