Advertisement
national news
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ഐതിഹാസിക വിജയം നേടും: അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 17, 02:40 pm
Saturday, 17th August 2024, 8:10 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ഐതിഹാസിക വിജയം സ്വന്തമാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

പല മണ്ഡലങ്ങളിലും ഇന്ത്യ സഖ്യവും എന്‍.ഡി.എയും ബി.എസ്.പിയും തമ്മില്‍ ത്രികോണ മത്സരമാകുമെന്ന് പ്രവചിച്ച അഖിലേഷ് ഇന്ത്യാ സഖ്യത്തിന്റെ വിജയം സുനിശ്ചിതമാണെന്ന് അവകാശപ്പെട്ടു.

‘ജനങ്ങള്‍ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളും ദളിതരും ഉള്‍പ്പെടുന്ന സഖ്യത്തെ വിജയിപ്പിക്കും. ഇത് ഇന്ത്യാ മുന്നണിയുടെയും സമാജ് വാദി പാര്‍ട്ടിയുടേയും ചരിത്ര വിജയം ആയിരിക്കും,’അഖിലേഷ് പറഞ്ഞു.

തന്റെ സ്വന്തം മണ്ഡലമായ മെയിന്‍പുരിയെക്കുറിച്ച് അഖിലേഷിന്റെ ഭാര്യയും മെയിന്‍പുരി സിറ്റിങ് എം.പിയുമായ ഡിംപിള്‍ യാദവും ശുഭപ്രതീക്ഷ പങ്ക് വെച്ചിട്ടുണ്ട്.

‘മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള കര്‍ഹല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ എസ്.പി നല്ല മാര്‍ജിനില്‍ വിജയിക്കും. കാരണം ഞാന്‍ അവിടുത്തെ ജനങ്ങളുമായി നിരന്തരം ഇടപെഴകാറുണ്ട്. ഇതുകൂടാതെ സമാജ് വാദി പാര്‍ട്ടി മത്സരിക്കുന്ന ഒമ്പത് മണ്ഡലങ്ങളിലും പാര്‍ട്ടി ഉജ്ജ്വല വിജയം നേടും,’ ഡിംപിള്‍ യാദവ് പറഞ്ഞു.

അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 80ല്‍ 37 സീറ്റുകള്‍ നേടി യു.പിയിലെ പഴയകാല സ്വാധീനം എസ്.പി തിരിച്ച് പിടിച്ചിരുന്നു. എസ്.പി ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യം 43 സീറ്റുകളാണ് നേടിയത്. എന്നാല്‍ ബി.ജെ.പി ഉള്‍പ്പെടുന്ന എന്‍.ഡി.എ സഖ്യത്തിന് 2019 ലെ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. 64 സീറ്റില്‍ നിന്ന് ബി.ജെ.പി 36 സീറ്റുകളിലേക്ക് ഒതുങ്ങി.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യയിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിന് പുറമെ ഹരിയാനയിലും ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലുമെല്ലാം തെരഞ്ഞെടുപ്പ് നടക്കും.

ജമ്മു കശ്മീരില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സെപ്റ്റംബര്‍ 18ന് ആരംഭിക്കും.

Content Highlight: Samajwadi Party will achieve historic victory in UP by elections, says Akhilesh Yadav