കഴിഞ്ഞ കുറച്ചു നാളുകളായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് തങ്ങളുടെ വിജയഗാഥ തുടരുകയാണ്. ന്യൂസിലാന്‍ഡിനെ പിടിച്ചുകെട്ടിയാണ് അവര്‍ ഏറ്റവും പുതിയ ടെസ്റ്റ് വിജയം ആഘോഷിച്ചത്.
ന്യൂസിലാന്‍ഡിന്റെ എക്കാലത്തേയും മികച്ച സൂപ്പര്‍ താരം ബ്രണ്ടന്‍ മക്കെല്ലത്തിന്റെ കീഴിലാണ് ഇംഗ്ലണ്ട് കിവീസിനെ തോല്‍പിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
മക്കെല്ലം കോച്ചും ബെന്‍ സ്‌റ്റോക്‌സ് ക്യാപ്റ്റനുമായതോടെ ടീമിന് പുതിയ ഊര്‍ജമാണ് ടീമിന് കൈവന്നിരിക്കുന്നത്.
പുത്തനുണര്‍വ് മാത്രമല്ല ഭാഗ്യവും ടീമിന് വേണ്ടുവോളം ഭാഗ്യവും ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് പരമ്പരയിലെ മൂന്നാം മത്സരം. മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു കൈവിട്ട ക്യാച്ച് തിരിച്ചുപിടിക്കാന്‍ കൂട്ടുനിന്ന് ഭാഗ്യദേവത ഇംഗ്ലണ്ടിനെ വീണ്ടും കടാക്ഷിച്ചത്.
കിവീസ് നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ ഹെന്റി നിക്കോള്‍സായിരുന്നു അണ്‍ യൂഷ്വല്‍ ക്യാച്ചിലൂടെ പുറത്തായതെങ്കില്‍ ഇത്തവണ നീല്‍ വാഗ്നറിനായിരുന്നു അതിനുള്ള യോഗം. ബെന്‍ ഫോക്‌സിന് പകരം വിക്കറ്റ് കീപ്പറായെത്തിയ സാം ബില്ലിങ്‌സായിരുന്നു ക്യാച്ചെടുത്തത്.
ജാക്ക് ലീച്ചിന്റെ ഡെലിവറി വാഗ്നറിന്റെ ബാറ്റിലുരസി കീപ്പര്‍ ക്യാച്ചിന് കണക്കായി ബില്ലിങ്‌സിനടുത്തേക്കെത്തിയിരുന്നു. എന്നാല്‍ ഫസ്റ്റ് ചാന്‍സില്‍ ആ ക്യാച്ചെടുക്കാന്‍ താരത്തിനായില്ല. എന്നാല്‍ കൈവിട്ട ക്യാച്ചിനെ കാലുകൊണ്ട് പിടിച്ചെടുത്താണ് താരം വാഗ്നറിനെ പുറത്താക്കിയത്.
സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. താരം കാലുകൊണ്ട് ക്യാച്ചെടുക്കുന്നത് സ്റ്റംപ് ക്യാമും കൃത്യമായി ഒപ്പിയെടുത്തിരുന്നു.
അതേസമയം, രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് 326 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തിട്ടുണ്ട്.
93 ഓവറില്‍ നിന്നും 113 റണ്‍സെടുത്താല്‍ മൂന്നാം ടെസ്റ്റും ഒപ്പം പരമ്പരയും വൈറ്റ്‌വാഷ് ചെയ്ത് ഇംഗ്ലണ്ടിന് സ്വന്തമാക്കാം.