ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെയ്ക്കുന്നുവെന്ന് കാണിച്ച് സജ്ജന്‍ കുമാര്‍ കത്തയച്ചു.
1984 ലെ സിഖ് വിരുദ്ധ കലാപ കേസില്‍ ദല്‍ഹി ഹൈക്കോടതി കുറ്റവാളിയെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ചത്.
“”ദല്‍ഹി ഹൈക്കോടതി വിധിന്യായം എനിക്ക് എതിരായതിനാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഇനി തുടരുന്നില്ല. അടിയന്തരമായി പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നു.””- രാഹുല്‍ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ സജ്ജന്‍ കുമാര്‍ പറഞ്ഞു.
നാല് പതിറ്റാണ്ടായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്നസജ്ജന്‍ കുമാര്‍ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങൡ നിന്നും മാറി നിന്നിരുന്നു.
സിഖ് വിരുദ്ധ കലാപത്തില്‍ പ്രതിയായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസമാണ് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി നടപടി, ദല്‍ഹി ഹൈക്കടോതി റദ്ദാക്കുകയായിരുന്നു. സജ്ജന്‍ കുമാര്‍ ഡിസംബര്‍ 31നകം കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.
1984 ലെ സിഖ് വിരുദ്ധ കലപത്തിനിടെ ഡല്‍ഹി കന്റോണ്‍മന്റിലെ രാജ നഗരിലുള്ള ഒരു സിഖ് കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ കേസിലാണ് ഹൈ കോടതിയുടെ വിധി.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള 6 പേരെ പ്രതി ചേര്‍ത്ത് സി.ബി.ഐ വിചാരണ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പക്ഷേ 2013 ല്‍ വിചാരണ കോടതി സജ്ജന്‍ കുമാറിനെ വെറുതെ വിടുകയും ബാക്കി പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് സി.ബി.ഐയും ഇരകളുടെ കുടുംബവും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ വിധി. വിചാരണ കോടതി വിധി റദ്ദാക്കി സജ്ജന്‍ കുമാറിനെ ജീവപര്യന്തം തടവിനും 5 ലക്ഷം രൂപ പിഴ അടക്കനും കോടതി ഉത്തരവിട്ടിരുന്നു.
1977 ല്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായാണ് സജ്ജന്‍ കുമാറിന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയം. പിന്നീട് ഔട്ടര്‍ ദല്‍ഹി ലോക്സഭാ സീറ്റില്‍ മല്‍സരിച്ച് തുടര്‍ച്ചയായി വിജയിച്ചു. 2009ല്‍ സിഖ് വിരുദ്ധ കലാപത്തിലെ പങ്കിനെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചിരുന്നില്ല.