ആദ്യം കിട്ടിയില്ല, പിന്നെ കിട്ടി...മലയാളി ഡാ; വീണ്ടും വയനാടൻ തരംഗം, വീഡിയോ
Cricket
ആദ്യം കിട്ടിയില്ല, പിന്നെ കിട്ടി...മലയാളി ഡാ; വീണ്ടും വയനാടൻ തരംഗം, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd March 2024, 9:09 pm

2024 വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ മലയാളി താരം സജന സജീവന്‍ നേടിയ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഏറെ ശ്രദ്ധേയമായത്. ബെംഗളൂരു വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിനെ പുറത്താക്കി കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ ക്യാച്ച്.

മത്സരത്തില്‍ മുംബൈ താരം പൂജ വസ്ത്രാക്കര്‍ എറിഞ്ഞ എട്ടാം ഓവറിലെ രണ്ടാം പന്തില്‍ ആയിരുന്നു റിച്ച പുറത്തായത്. പൂജയുടെ പന്തില്‍ ബൗണ്ടറി നേടാനായി ഉയര്‍ത്തിയടിച്ച റിച്ചയുടെ ഷോട്ട് സജന കൈപ്പിടിയിലാക്കുകയായിരുന്നു.

താരത്തിന്റെ നേരെ വന്ന് പന്ത് ആദ്യം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പന്ത് സജനയുടെ കയ്യില്‍ നിന്നും നഷ്ടമാവുകയായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള രണ്ടാം ശ്രമത്തില്‍ മലയാളി താരം പന്ത് കൈപ്പിടിയിലാക്കിക്കൊണ്ട് റോയല്‍ ചലഞ്ചേഴ്‌സ് വിക്കറ്റ് കീപ്പറെ പവലിയനിലേക്ക് അയക്കുകയായിരുന്നു. 10 പന്തില്‍ ഏഴു റണ്‍സുമായാണ് റിച്ച പുറത്തായത്.

ബെംഗളൂരു ബാറ്റിങ്ങില്‍ എലീസി പെറി 38 പന്തില്‍ 44 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളാണ് പെറിയുടെ ബാറ്റില്‍ നിന്നും പിറന്നത്. ജോര്‍ജിന ബാര്‍ഹാം 20 പന്തില്‍ 27 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

മുംബൈ ബൗളിങ്ങില്‍ പൂജ വസ്ത്രാക്കര്‍, നാറ്റ് സ്‌കിവര്‍ ബ്രൂന്റ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ഐസി വോങ്,, സായിക്കാ ഇഷ്വാക്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Sajana Sajeevan great catch against RCB in WPL