സൈനിക് സ്‌കൂളുകള്‍ സംഘപരിവാറിന്; ധാരണാപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ച് കോണ്‍ഗ്രസ്
national news
സൈനിക് സ്‌കൂളുകള്‍ സംഘപരിവാറിന്; ധാരണാപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2024, 8:32 pm

ന്യൂദല്‍ഹി: സൈനിക് സ്‌കൂളുകളുടെ നടത്തിപ്പ് സംഘപരിവാര്‍ സംഘടനകള്‍ക്ക് നല്‍കിയ ധാരണാപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഷ്ട്രപതിക്ക് കത്ത് നല്‍കി. നിലവിലുള്ള ധാരണ പത്രം പൂര്‍ണമായും റദ്ദാക്കി 2021ന് മുമ്പ്, ഈ ധാരണാപത്രം ഇറക്കുന്നതിന് മുമ്പ് എങ്ങിനെയായിരുന്നോ സൈനിക് സ്‌കൂളുകളുടെ പ്രവര്‍ത്തനം ആ നിലയിലേക്ക് മാറ്റണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രവുമല്ല സൈന്യവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.

2021ലാണ് രാജ്യത്തെ സൈനിക് സ്‌കൂളുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു ധാരണാപത്രം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. സ്വകാര്യ ഏജന്‍സികള്‍ക്ക് സൈനിക് സ്‌കൂളുകളുടെ നടത്തിപ്പ് ഏറ്റെടുക്കാന്‍ സഹായകരമാകുന്ന തരത്തിലുള്ള ഉത്തരവായിരുന്നു ഇത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിവിധ സൈനിക സ്‌കൂളുകളുടെ നടത്തിപ്പിനുള്ള അവകാശം വിവിധ സ്വകാര്യ ഏജന്‍സികള്‍ക്ക് ലഭിക്കുകയും ചെയ്തു.

40 മെമ്മൊറാണ്ടങ്ങളാണ് സൈനിക് സ്‌കൂളുകളുടെ നടത്തിപ്പുമായി ഒപ്പുവെച്ചിരുന്നത്. ഇതില്‍ 62 ശതമാനവും സംഘപരിവാര്‍ ബന്ധമുള്ളവയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബി.ജെ.പി നേതാക്കള്‍, നേതാക്കളുടെ ബന്ധുക്കള്‍, ബി.ജെ.പി നേതാക്കള്‍ ഭാരവാഹികളായിട്ടുള്ള സംഘടനകള്‍ തുടങ്ങിയവക്കാണ് നിലവില്‍ ഈ സൈനിക് സ്‌കൂളുകളുടെ നടത്തിപ്പവകാശം. ഇത് റദ്ദാക്കിക്കൊണ്ട് പഴയ സ്ഥിതി സ്ഥാപിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സൈനിക് സ്‌കൂളുകളെ വര്‍ഗീയവത്കരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് നേരത്തെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടിരുന്നു. സൈനിക് സ്‌കൂളുകളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നും സ്വകാര്യ പങ്കാളിത്തത്തിന്റെ മറവിലുള്ള ഇത്തരം സ്വകാര്യവല്‍ക്കരണം ആശങ്കാജനകമാണുമായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ സി.പി.ഐ.എം പി.ബി ആവശ്യപ്പെട്ടിരുന്നത്.

content highlights: Sainik Schools for Sangh Parivar; Congress approached the President to cancel the MoU