അന്ന് ചിലര്‍ ഉണ്ടക്കണ്ണനെന്ന് വിളിച്ചു; ആ സംവിധായകന്‍ എന്നെ തെരഞ്ഞെടുത്തതിന്റെ കാരണവും കണ്ണുകളാണ്: സൈജു കുറുപ്പ്
Entertainment
അന്ന് ചിലര്‍ ഉണ്ടക്കണ്ണനെന്ന് വിളിച്ചു; ആ സംവിധായകന്‍ എന്നെ തെരഞ്ഞെടുത്തതിന്റെ കാരണവും കണ്ണുകളാണ്: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th August 2024, 4:58 pm

2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് മയൂഖം. ഹരിഹരന്‍ തന്നെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച ഈ ചിത്രത്തിലൂടെയാണ് മംമ്ത മോഹന്‍ദാസും സൈജു കുറുപ്പും തങ്ങളുടെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മയൂഖത്തില്‍ ഉണ്ണി കേശവനായി എത്തിയ സൈജു പിന്നീട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു 100ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ കണ്ണുകളെ കുറിച്ച് പറയുകയാണ് സൈജു കുറുപ്പ്. പണ്ട് തന്നെ ചിലര്‍ ഉണ്ടക്കണ്ണന്‍ എന്നൊക്കെ വിളിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അന്ന് ബോഡി ഷെയിമിങ്ങിനെ കുറിച്ചൊന്നും പറയാത്ത സമയമായിരുന്നു എന്നും സൈജു പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായി നുണക്കുഴിയുടെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്. എന്നാല്‍ സംവിധായകന്‍ ടി. ഹരിഹരന്‍ തന്നെ മയൂഖത്തിലേക്ക് തെരഞ്ഞെടുത്തതിന്റെ കാരണങ്ങളില്‍ ഒന്ന് അതേ കണ്ണുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ കണ്ണിനെ പറ്റി പറഞ്ഞുപറഞ്ഞ് കാഴ്ച്ചയൊക്കെ കുറഞ്ഞു തുടങ്ങിയിട്ടുണ്ട് (ചിരി). ബോഡി ഷെയിമിങ്ങിനെ കുറിച്ചൊക്കെ ഇന്ന് ആണല്ലോ പറഞ്ഞ് തുടങ്ങുന്നത്. പണ്ട് എന്നെ ഉണ്ടക്കണ്ണാ എന്നൊക്കെ വിളിക്കുമായിരുന്നു. അന്ന് അതൊക്കെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലാണ് എടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്.

ചെറുപ്പം മുതല്‍ക്കേ ആളുകള്‍ എന്റെ കണ്ണിനെ കുറിച്ച് പറയുമായിരുന്നു. അന്ന് പിന്നെ ഞാന്‍ ഒരു നടന്‍ ആകുമെന്ന് ആര്‍ക്കും അറിയില്ലല്ലോ. അതുകൊണ്ട് നീ അഭിനയിക്കുമ്പോള്‍ ഈ കണ്ണ് ഉപയോഗിച്ചാല്‍ നന്നായിരിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഹരിഹരന്‍ സാര്‍ എന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് തെരഞ്ഞെടുത്തതിന്റെ കാരണങ്ങളില്‍ ഒന്ന് ഈ കണ്ണുകളാണ്,’ സൈജു കുറുപ്പ് പറഞ്ഞു.


Content Highlight: Saiju Kurup Talks About His Eye And T Hariharan