Entertainment news
എല്ലാവരെയും അടിച്ച് താഴെയിടുന്ന പൊലീസ് നായകനില്‍ നിന്നും വ്യത്യസ്തമായിരുന്നു ആക്ഷന്‍ ഹീറോ ബിജു; ആന്‍മരിയയിലെ ഡോക്ടര്‍ കഥാപാത്രം കേക്ക് വാക്ക് പോലെയായിരുന്നു: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 06, 04:33 am
Wednesday, 6th April 2022, 10:03 am

സൈജു കുറുപ്പ് നായകനാകുന്ന പുതിയ സൈക്കോ ത്രില്ലര്‍ ചിത്രമാണ് അന്താക്ഷരി. അന്താക്ഷരി കളിക്കാന്‍ ഇഷ്ടമുള്ള പൊലീസുകാരനായാണ് സൈജു സിനിമയിലെത്തുന്നത്.

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ദാസാണ്.

ആദ്യമായി ലീഡ് റോളില്‍ പൊലീസ് വേഷത്തിലെത്തുമ്പോള്‍ അന്താക്ഷരിയിലെ പൊലീസ് കഥാപാത്രം എങ്ങനെയൊക്കെയാണ് വ്യത്യസ്തമാകുന്നത് എന്ന് പറയുകയാണ് താരം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”സൈക്കോ ത്രില്ലര്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ല. ത്രില്ലര്‍ ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് ഞാന്‍ ഒരു പൊലീസ് ഓഫീസര്‍ ലീഡ് റോള്‍ ചെയ്യുന്നത്.

അല്ലാതെ പല പടങ്ങളിലായി ഒരുപാട് പൊലീസ് ക്യാരക്ടേഴ്സ് ചെയ്തിട്ടുണ്ട്.

നായകനായി ഒരു പൊലീസ് കഥാപാത്രം ചെയ്യുമ്പോള്‍ സാധാരണ മാസ് മൂവീസ് ആണ് ഉണ്ടാകാറ്. എല്ലാവരെയും അടിച്ച് ഇടിച്ച് താഴത്തിടുന്ന ഒരു ടൈപ്പ്.

അതില്‍ നിന്നും ഭയങ്കര വ്യത്യസ്തമായാണ് ആക്ഷന്‍ ഹീറോ ബിജു ഒക്കെ വന്നത്. അത് സാധാരണക്കാരനായ ഒരു പൊലീസുകാരന്റെ കഥയായിരുന്നു. ഇതും സാധാരണക്കാരനായ ഒരു പൊലീസിന്റെ കഥയാണ്.

അപ്പൊ തീര്‍ച്ചയായും ഇതൊരു വെറൈറ്റി തന്നെയായിരിക്കും,” സൈജു പറഞ്ഞു.

സീരിയസ് റോളുകളാണ് ഹ്യൂമര്‍ വേഷങ്ങളേക്കാള്‍ തനിക്ക് ഇഷ്ടമെന്നും അതാണ് ചെയ്യാന്‍ ഈസിയെന്നും സൈജു കുറുപ്പ് അഭിമുഖത്തില്‍ പറഞ്ഞു.

”സീരിയസ് റോള്‍ തന്നെയാണ് കംഫര്‍ട്ടബിള്‍. ആട്, ട്രിവാന്‍ഡം ലോഡ്ജ്, ജനമൈത്രി, വെടിവഴിപാട് എന്നിവയിലൊക്കെ ഹ്യൂമര്‍ കഥാപാത്രമായിരുന്നു. ഇതൊക്കെ ബുദ്ധിമുട്ടാണ് ചെയ്യാന്‍.

ഹ്യൂമര്‍ ചെയ്യാനാണ് ബുദ്ധിമുട്ട്. എനിക്ക് സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം.

ഉദാഹരണത്തിന്, ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലെ ഡോക്ടര്‍ റോയി എന്ന കഥാപാത്രം എനിക്ക് ഒരു കേക്ക് വാക്ക് പോലെയായിരുന്നു. വളരെ ഈസിയായിരുന്നു അത്. കൈകാര്യം ചെയ്യാന്‍ എളുപ്പമായിരുന്നു.

ആക്ടിങ് ഈസ് നോട്ട് ഈസി. പക്ഷെ, കോമഡി വേഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സീരിയസ് ഈ കഥാപാത്രങ്ങള്‍ കുറച്ചുകൂടെ ഈസി ആയാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് എനിക്ക് ഇഷ്ടം അങ്ങനത്തെ ക്യാരക്ടര്‍ ചെയ്യാനാണ്,” സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു.

പ്രിയങ്ക നായര്‍, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വര്‍മ, കോട്ടയം രമേശ്, ബിനു പപ്പു എന്നിവരാണ് അന്താക്ഷരിയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോണി ലീവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Content Highlight: Saiju Kurup about his police role in Anthakshari movie and about serious and humor roles