Entertainment
ഒരു കൊച്ചു ചെറുക്കനെ വിളിച്ച് എന്റെ തന്തയാക്കുന്ന പരിപാടി വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു: സായ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 06, 01:51 pm
Thursday, 6th June 2024, 7:21 pm

ടി.എ. ഷാഹിദിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് രാജമാണിക്യം. 2005ല്‍ പുറത്തിറങ്ങിയ ഈ മമ്മൂട്ടി ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്. മമ്മൂട്ടി ബെല്ലാരി രാജയെന്ന കഥാപാത്രമായി എത്തിയ രാജമാണിക്യം 2008 വരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു.

മമ്മൂട്ടിക്ക് പുറമെ റഹ്‌മാന്‍, മനോജ് കെ. ജയന്‍, പത്മപ്രിയ, സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, രഞ്ജിത്ത്, സിന്ധു മേനോന്‍, സലിം കുമാര്‍, ഭീമന്‍ രഘു തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഈ ചിത്രത്തില്‍ ഒന്നിച്ചത്. രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ അച്ഛനായി എത്തിയത് സായ് കുമാറായിരുന്നു.

താന്‍ കൊച്ചു ചെറുക്കനാണെന്നും തന്നെ അച്ഛനാക്കുന്ന പരിപാടി വേണ്ടെന്നും മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് സായ് കുമാര്‍. പിന്നീടാണ് രാജമാണിക്യം വരുന്നതെന്നും അതിലെ രാജരത്‌നം പിള്ളയെന്ന കഥാപാത്രം താന്‍ ചെയ്‌തേ പറ്റുള്ളൂവെന്ന അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായ് കുമാര്‍.

‘മമ്മൂക്ക ആദ്യമൊക്കെ പറഞ്ഞത് എന്നെ ഇക്കയുടെ അച്ഛനാക്കണ്ട എന്നായിരുന്നു. അവന്‍ കൊച്ചു ചെറുക്കനാണ്, അവനെ വിളിച്ച് എന്റെ തന്തയാക്കുന്ന പരിപാടിയൊന്നും വേണ്ടെന്ന് പറഞ്ഞു. പിന്നീടാണ് രാജമാണിക്യം കറങ്ങി തിരിഞ്ഞ് എന്റെയടുത്ത് തന്നെ എത്തുന്നത്.

ആ സിനിമ ഞാന്‍ ചെയ്‌തേ പറ്റുള്ളൂവെന്ന അവസ്ഥയായിരുന്നു. അതുകൊണ്ടാണ് മമ്മൂക്ക അതിന് സമ്മതിച്ചത്. ഞാന്‍ മിക്കവരുടെയും അച്ഛനായിട്ടുണ്ട്. സുരേഷ് ഗോപിയുടെ അച്ഛനായിട്ടില്ല, ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അമ്മായിയപ്പനായിട്ടുണ്ട്. ദിലീപ്, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മിക്കവരുടെയും അച്ഛനായിട്ടുണ്ട്.

മമ്മൂക്കയുടെയൊക്കെ അച്ഛനാകുന്നത് ശരിക്കും ഒരു ചലഞ്ചാണ്. സത്യത്തില്‍ അതൊരു ഭാഗ്യമാണ്. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന, നമ്മള്‍ ലെജന്റ്‌സായി കാണുന്ന ആളുകളുടെ അച്ഛനായി അഭിനയിക്കാന്‍ പറ്റിയെന്നത് ഭാഗ്യമല്ലേ,’ സായ് കുമാര്‍ പറഞ്ഞു.


Content Highlight: Sai Kumar Talks About Mammootty And Rajamanikyam