Entertainment
എമ്പുരാന്‍; അതൊരു ഒന്നൊന്നര പടമായിരിക്കും മക്കളേ...: സായ് കുമാര്‍

മലയാളക്കര ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെ ടീസറും ക്യാരക്ടര്‍ പോസ്റ്ററുകളും ഹൈപ്പ് വാനോളമുയര്‍ത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലറും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. അമിതാഭ് ബച്ചന്‍, രജിനികാന്ത്, അക്ഷയ് കുമാര്‍, പ്രഭാസ് എന്നിവരും രാജമൗലി, കരണ്‍ ജോഹര്‍, രാം ഗോപാല്‍ വര്‍മ, നാനി, അനിരുദ്ധ് രവിചന്ദര്‍ തുടങ്ങിയവരെല്ലാം തന്നെ മോഹന്‍ലാലിനും പൃഥ്വിരാജിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ എമ്പുരാന്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സായ് കുമാര്‍. ലൂസിഫര്‍ എന്ന ആദ്യ ഭാഗത്ത് മഹേശ വര്‍മ എന്ന വേഷത്തില്‍ സായ് കുമാര്‍ എത്തിയിരുന്നു. എമ്പുരാനിലും മഹേശ വര്‍മയായി സായ് കുമാര്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ കേരളത്തില്‍ നടക്കുന്ന ഭാഗങ്ങളിലാണ് താനുള്ളതെന്ന് സായ് കുമാര്‍ പറയുന്നു.

നമ്മളൊക്കെ മലയാളത്തില്‍ ഒരിക്കലും കാണുമെന്ന് പ്രതീക്ഷിക്കാത്ത ബോളിവുഡ്, ഹോളിവുഡ് താരങ്ങള്‍ വരെ ഇതിനകത്ത് അസാധാരണ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് – സായ് കുമാര്‍

മലയാളത്തില്‍ ഒരിക്കലും കാണുമെന്ന് പ്രതീക്ഷിക്കാത്ത ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടെ അസാധ്യ പ്രകടനം ചിത്രത്തില്‍ ഉണ്ടാകുമെന്നും ഇതൊരു ഒന്നൊന്നര പടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ടെന്റ് മീഡിയയോട് സംസാരിക്കുകയായിരുന്നു സായ് കുമാര്‍.

‘കേരളത്തില്‍ നടക്കുന്ന ഒരു റിങ്ങിനകത്തുള്ള സംഭവമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച്, ഇതിനെ കണക്റ്റ് ചെയ്ത് എവിടെയൊക്കെ പോകാമോ അവിടെയെല്ലാം പോയി ഒരു നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്.

നമ്മളൊക്കെ മലയാളത്തില്‍ ഒരിക്കലും കാണുമെന്ന് പ്രതീക്ഷിക്കാത്ത ബോളിവുഡ്, ഹോളിവുഡ് താരങ്ങള്‍ വരെ ഇതിനകത്ത് അസാധാരണ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതൊരു ഒന്നൊന്നര പടമായിരിക്കും മക്കളേ…,’ സായ് കുമാര്‍ പറയുന്നു.

Content Highlight: Sai Kumar talks about Empuraan Movie